ഇനി തെറി വിളിച്ച് നടക്കാം...


പ്രദീപ് പുറവങ്കര

ആശയങ്ങളെ കൈമാറ്റം ചെയ്യാപ്പെടാൻ വേണ്ടിയുള്ള ഏറ്റവും ലളിതമായ ഉപാധിയെയാണ് ഭാഷ എന്ന് വിളിക്കുന്നത്. നല്ലത്, മോശം എന്ന രീതിയിലുള്ള വേർതിരിവുകൾ  ഒരു ഭാഷയിലുണ്ടാക്കാൻ സാധ്യതയില്ലെങ്കിലും മനസിലുള്ള നല്ലതും മോശവുമായ കാര്യങ്ങളെ പറഞ്ഞ് ഫലിപ്പിക്കാൻ ഈ ഭാഷ ഉപയോഗിക്കാറുണ്ട്.  കഴിഞ്ഞ ദിവസം നാട്ടിലെ ഒരു സാഹിത്യ സമ്മേളനത്തിൽ മലയാള ഭാഷയിലെ തെറികളെ പറ്റി നടന്ന ഒരു ചർച്ച കണ്ടതാണ് ഈ ലേഖനത്തിന് ആധാരം. 

തെറി എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് ഒതുക്കപ്പെട്ടവ എന്നതാണ്. അധിക്ഷേപം, പഴിക്കുക, ശകാരിക്കുക, ദുർ‍ഭാഷണം, ഭർത്സിക്കുക, ആട്ടുക തുടങ്ങി ഒരുപാട് വാക്കുകൾ തെറിക്ക് സമാനമായിട്ടുണ്ട്. ഏതു ഭാഷ പഠിക്കുന്പോഴും ആദ്യം തെറിയിൽ നിന്ന് തുടങ്ങണമെന്നത് പറഞ്ഞു കേട്ടിട്ടുണ്ട്. ചിലപ്പോൾ ലളിതമായി മനസിലാക്കാൻ പറ്റുന്നത് തെറികൾ ആയതു കൊണ്ടാവാം ആദ്യം തെറികൾ പഠിച്ചു തുടങ്ങുന്നത്. മുന്പ് ഏഭ്യൻ‍, മർക്കടൻ, മൊശകോടൻ, ശുംഭൻ തുടങ്ങിയ തെറികളായിരുന്നു ‍ നമ്മുടെ ഇടയിൽ പ്രചരിച്ചിരുന്നതെന്ന് മുന്പുള്ള  പുസ്തകങ്ങളും, സിനിമകളുമൊക്കെ സൂചിപ്പിക്കുന്നു. ഇത്തരം തെറികൾ‍ക്ക് കാഠിന്യക്കുറവ് ഉണ്ട് എന്ന് തോന്നിയത് കൊണ്ടാവണം കുറച്ച് കൂടി വ്യത്യസ്തമായ തെറികൾ പുറത്ത് വന്നു തുടങ്ങിയത്. ഇങ്ങിനെയൊക്കെ പറഞ്ഞാലെ കേൾക്കുന്നയാളിന് അതൊക്കെ ഒരു തെറിയായിട്ട് അംഗീകരിക്കാൻ കഴിയൂ എന്ന സ്ഥിതിയും ഇന്ന് നിലനിൽക്കുന്നു. മനസിൽ ആഗ്രഹിച്ച ഒരു കാര്യം നടന്നില്ലെങ്കിൽ നമ്മൾ മിക്കവരും ഒരു തെറി വിളിച്ച് ശീലിച്ചു പോയിരിക്കുന്നു. ഇത് മലയാളികളുടെ മാത്രം കാര്യമല്ല. പ്രവാസലോകത്ത് പഠിക്കുന്ന ചെറിയ കുട്ടികൾ പോലും ദേഷ്യം വന്നാൽ നല്ല  ഇംഗ്ലീഷ് തെറികളാണ് പറയുക.  സാധാരണയായി മലയാളി ഉപയോഗിച്ചു വരുന്ന തെറികൾ താഴെപ്പറയുന്നവയാണെന്ന് ഗൂഗിൾ പറയുന്നു. ശരീരഭാഗങ്ങളെ ഉദ്ധരിച്ചു കൊണ്ടുള്ള തെറികൾ, ഇതിൽ അടിമുതൽ മുടിവരെ ഉപയോഗിച്ചുകാണുന്നു. രണ്ടാമതായി ലൈംഗികാവയവങ്ങളെയും ലൈംഗികബന്ധങ്ങളെയും മ്ലേശ്ചവൽ‍ക്കരിച്ചുകൊണ്ടുള്ള തെറികൾ, മൂന്നാമതായി ഒരാളുടെ ബന്ധുക്കളെയും കുടുംബത്തെയും കേന്ദ്രീകരിച്ചുള്ള തെറികൾ. ഇതിൽ അച്ഛൻ, അമ്മ, ചേച്ചി, അനിയത്തി, ചേട്ടൻ, അമ്മൂമ്മ, അമ്മാവൻ തുടങ്ങിയവരോടൊപ്പം അവരുടെ അവയവങ്ങളും തെറിയിൽ കണ്ടുവരുന്നു. നാലാമതായി  മൃഗങ്ങളെയും പക്ഷികളേയും സാദൃശ്യപ്പെടുത്തിക്കൊണ്ടുള്ള തെറികളാണ്. അതിൽ പന്നി , പട്ടി, എന്നീ മൃഗങ്ങളെയും,  കോഴി, മൂങ്ങ എന്നീ പക്ഷികളെയും ചേർത്തുള്ള തെറികളും സുലഭം. അഞ്ചാമതായി പ്രവൃത്തികളെ അഥവാ പ്രത്യേക ജോലികളെ ആസ്പദമാക്കിയുള്ള തെറികളാണ്.  ഇതോടൊപ്പം തന്നെ മതപരവും ജാതീയവുമായ തെറികൾ പറഞ്ഞ് കേൾക്കാറുണ്ട്. തിന്നുന്നതും കുടിക്കുന്നതുമായ വസ്തുക്കളെ ചേർ‍ത്തുള്ള തെറികളാണ് ആറാമത്. ഇത് കൂടാതെ ആംഗ്യഭാഷകൊണ്ട് നയനമനോഹരമായ തെറികൾ വിളിക്കുന്ന വരും നമുക്കിടയിൽ ധാരാളം. 

ഒരാൾ എത്ര മാനസികാരോഗ്യമുള്ളവനായാലും നിരന്തരമായ തെറിവിളികൾ അയാളെ അന്തർമുഖനാക്കുകയും, ജോലിയിൽ നിരുത്സാഹവാനാക്കുകയും ചെയ്യുന്നു എന്ന് വിദഗ്ധർ പറയുന്നു. ഒരു സമൂഹമാണ് തെറിവിളിക്കുന്നതെങ്കിൽ  ഒരു പക്ഷേ എതൊരാളേയും ആത്മഹത്യക്ക് വരെ അത് പ്രേരിപ്പിച്ചേക്കാം എന്നും പറയപ്പെടുന്നു. കഴിഞ്ഞദിവസം നടന്ന സാഹിത്യമഹാസമ്മേളനത്തിൽ പങ്കെടുത്ത മഹാൻമാർ നമ്മുടെ നാട്ടിൽ തെറികളെ പുനരാവിഷ്കരിച്ച് വികസിപ്പിച്ചതോടെ അടുത്ത് തന്നെ തെറി ക്ലാസുകളും ആരംഭിച്ചേക്കാം. നമ്മുടെ തെറികളെ ആഗോളവല്‍ക്കരിച്ച്, ഉദാത്തമായ രീതിയിൽ അവതരിപ്പിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്ന അത്തരം പ്രസ്ഥാനങ്ങൾ ഉണ്ടായാൽ പരസ്പരം തെറിപറഞ്ഞ് നിരന്തരമായി ഉണ്ടാകുന്ന ടെൻഷനിൽ നിന്നും ആശ്വാസം കണ്ടെത്താൻ അത് സഹായിക്കുമായിരിക്കും.  തെറി ഇൻസ്റ്റിറ്റ്യൂട്ടുകളും ക്ലബ്ബുകളുടെയും പേര് തന്നെ ഒരു തെറിയിൽ തുടങ്ങിയാൽ അത്യുത്തമം. ഇവിടെ ഗുഡ് മോണിങ്ങ്, നമസ്തേ എന്നതിന് പകരം ..&&∗%%$$## തെറികളെ ഉപയോഗപ്പെടുത്താം.  ഇങ്ങിനെ ആവശ്യാനുസരണം എരിവും പുളിയും ചേർ‍ത്ത് പരസ്പരം തെറിവിളിച്ച് നമുക്കൊക്കെ സമാധാനമായി നമ്മുടെ നിത്യ ജീവിതത്തെ പുളകം കൊള്ളിക്കാം. അല്ലാതെന്ത് ഇപ്പോൾ എന്ത് പറയാൻ !!!

You might also like

Most Viewed