ജനസേ­വനമെ­ന്നാൽ ധനസന്പാ­ദനമല്ല...


പ്രദീപ് പുറവങ്കര

രാഷ്ട്രീയ നേതാക്കളിൽ പലരും വളരെ ദാരിദ്ര്യം നിറഞ്ഞ പശ്ചാത്തലത്തിൽ നിന്ന് വരുന്നവരാണ്. സ്വന്തം ജീവിതത്തിൽ അവർ അനുഭവിച്ച പ്രയാസങ്ങളെ പറ്റിയുള്ള അവബോധം തന്നെയായിരിക്കാം സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. പക്ഷെ രാഷ്ട്രീയരംഗത്തേക്ക് കടന്നു വന്ന് ഏതെങ്കിലും ഒരു സ്ഥാനം നേടി കഴിഞ്ഞാൽ ഇവരുടെ പശ്ചാത്തലം മാറിതുടങ്ങും.  വളരെ അപൂർവം പേർ മാത്രമാണ് അവരുടെ ലളിതമായ ജീവിതം പിന്നീടും തുടരുന്നത്. ഒരു ജനപ്രതിനിധിക്ക് സർക്കാർ അനുവദിക്കുന്ന ശന്പള സ്കെയിൽ വെച്ച് കണക്കുകൂട്ടിയാൽ ഉണ്ടാക്കാവുന്ന സന്പത്തിലധികം ഈ രാഷ്ട്രീയ നേതാക്കൾ ഉണ്ടാക്കുന്നു എന്നതാണ് യാഥാർത്ഥ്യം. 

നമ്മുടെ ജനാധിപത്യ വ്യവസ്ഥയിൽ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നവർ അവരുടെ സ്വത്ത് വിവരങ്ങൾ നൽകാറുണ്ട്. ഓരോ തെരഞ്ഞെടുപ്പ് കഴിയുന്പോഴും ഈ സ്വത്ത് ഇരട്ടിയിലും അധികമാകുന്നതായും നമ്മൾ മനസിലാക്കുന്നു. എങ്കിലും കൂടുതൽ ഒന്നും ചിന്തിക്കാതെ അവർക്ക് തന്നെ വോട്ട് നൽകി ആ സന്പത്ത് വീണ്ടും വീണ്ടും വലുതാക്കി കൊടുക്കുകയും ചെയ്യുന്നു. വ്യക്തിപരമായ സ്വത്ത് രേഖപ്പെടുത്തുന്നതിനൊപ്പം ആശ്രിതരുടെ സ്വത്തുവിവരങ്ങളും അവരുടെ സ്വത്തിന്‍റെയും വരുമാനത്തിന്‍റെയും സ്രോതസും വെളിപ്പെടുത്തണമെന്ന നിർദേശം കഴിഞ്ഞ ദിവസം സുപ്രീംകോടതി മുന്പോട്ട് വെച്ചിരിക്കുകയാണ്. നമ്മുടെ ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്താനും അഴിമതിമുക്തമാക്കാനും ഉദ്ദേശിച്ചുള്ളതാണ് ഈ ഒരു നിർദ്ദേശം. രണ്ടു തെരഞ്ഞെടുപ്പുകൾക്കിട‍യിൽ സ്ഥാനാർഥികളുടെ സ്വത്തിലുണ്ടാകുന്ന വർധന രേഖപ്പെടുത്താനും, രാഷ്‌ട്രീയ നേതാക്കളുടെ സന്പത്തു വർധിക്കുന്നതു പരിശോധിക്കണമെന്നുമുള്ള പൊതുതാത്പര്യ ഹർജിയെ തുടർന്നാണ് കോടതി ഈ ഉത്തരവ് നൽകിയിരിക്കുന്നത്. ഇനി ഇതിന് അനുസൃതമായി പാർലമെന്‍റും തെരഞ്ഞെടുപ്പു കമ്മീഷനും നിയമങ്ങൾക്കും ചട്ടങ്ങൾക്കും രൂപംകൊടുക്കണം. വ്യവസായികളും വ്യാപാരികളും മറ്റും ദേശസാത്കൃത ബാങ്കുകളെ ഉൾപ്പെടെ കബളിപ്പിച്ചു സഹസ്രകോടികൾ സന്പാദിക്കുന്ന സമകാലിക സാഹചര്യത്തിൽ അടുത്തബന്ധുക്കളുടെ സ്വത്തു സംബന്ധിച്ച വിവരങ്ങൾകൂടി നാമനിർദേശപത്രികയോടൊപ്പം സമർപ്പിക്കണമെന്ന സുപ്രീംകോടതി നിർദേശത്തിനു വലിയ പ്രസക്തിയുണ്ട്. 

പാർലമെന്‍റിലേയ്ക്കും നിയമസഭകളിലേയ്ക്കും മാത്രമല്ല, തദ്ദേശസ്ഥാപനങ്ങളിലേക്കുപോലും തെരഞ്ഞെടുക്കപ്പെടുന്നവരുടെ സ്വത്തിൽ വൻവർധന ഉണ്ടാകുന്നതിനു കാരണം അഴിമതിയാണെന്നു പൊതുജനം കരുതുന്നെങ്കിൽ അതു സ്വാഭാവികമാണ്. ചെറുതും വലുതും വളരെ വലുതുമായ അഴിമതികളുടെ നിരവധി കഥകൾ നാം ഇതിനകം കേട്ടു. ചില കേസുകളിൽ ഉന്നതർ ശിക്ഷിക്കപ്പെടുകയോ പേരിന് അൽപ്പകാലം ജയിലിൽ കിടക്കുകയോ ചെയ്തു. മറ്റു ചില കേസുകളാകട്ടെ അനിശ്ചിതമായി നീണ്ടുപോകുന്നു. സർക്കാരുകൾ മാറിയപ്പോൾ അന്വേഷണം ഊർജിതമാവുകയോ നിർജീവമാവുകയോ ചെയ്തിട്ടുള്ള കേസുകളും ഏറെ. ജനപ്രതിനിധികളുടെ സ്വത്തു സന്പാദനത്തെക്കുറിച്ച് അന്വേഷിക്കുന്നതിനൊരു സ്ഥിരസംവിധാനം ആവശ്യമാണ്. ഏതു നിയമം വന്നാലും അതിനെ അതിജീവിക്കാനും മറുവഴികൾ കാണാനും നമ്മുടെ രാഷ്‌ട്രീയക്കാർക്കു വലിയ വൈദഗ്ധ്യമുള്ള സാഹചര്യത്തിൽ പഴുതുകളില്ലാത്ത നിയമനിർമാണം തന്നെ ഇതിന് വേണ്ടിവരുമെന്നും ഓർമ്മിപ്പിക്കുന്നു. 

You might also like

Most Viewed