മറക്കരുത് നമ്മുടെ ഗ്രാമങ്ങളെ...
പ്രദീപ് പുറവങ്കര
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയങ്ങഴി മണ്ണുണ്ട് എന്ന തരത്തിലുള്ള പാട്ടുകൾ ഇടയ്ക്കൊക്കെ പാടാറുള്ളവരാണ് നമ്മൾ പ്രവാസികൾ. നമ്മുടെയൊക്കെ മനസിൽ പച്ച വിരിച്ച് കിടക്കുന്ന നെൽപാടങ്ങളും, ഗ്രാമഭംഗിയുമൊക്കെ സജീവമായി തന്നെ ഉള്ളത് കൊണ്ടാണ് ആ പാട്ടുകളെ സ്നേഹിച്ചു പോകുന്നത്. ഭൂരിഭാഗം പേർക്കും അവരുടെ ഗ്രാമം എന്നത് ഒരു വല്ലാത്ത വികാരം സൃഷ്ടിക്കുന്ന ഒന്നാണ്. നമ്മുടെ രാജ്യത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന് പറഞ്ഞത് രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയാണ്. ഗ്രാമത്തിന്റെ നന്മയും വിശുദ്ധിയും വാഴ്ത്തിപാടാത്ത കവികളുമില്ല. എന്നാൽ ഇന്ന് ആ ഗ്രാമങ്ങൾ തത്വതീക്ഷയില്ലാതെ നടപ്പിലാക്കുന്ന നയങ്ങൾ കാരണം പതിയെ മരിച്ചുകൊണ്ടിരിക്കുകയാണെന്ന് വാർത്തകൾ സൂചിപ്പിക്കുന്നു.
പ്രത്യേകിച്ച് സാന്പത്തിക രംഗത്തുണ്ടായ പുതിയ തീരുമാനങ്ങൾ ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് ഗ്രാമീണ കാർഷികമേഖലയെയാണ്. നോട്ട് നിരോധനവും ചരക്ക് സേവനനികുതിയും ഗ്രാമീണരുടെ ദുരിതങ്ങൾ ഇരട്ടിയാക്കിയിട്ടുണ്ട്. നമ്മുടെ നാടിന് പുറമേ ഉത്തരേന്ത്യയിൽ കടക്കെണിയിൽ പെട്ട് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും ദിനം പ്രതി കൂടി വരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽ ഇടയ്ക്കിടെ സന്ദർശിക്കുന്നതും അവിടെ ബന്ധം സ്ഥാപിക്കുന്നതുമൊക്കെ നല്ലതാണെങ്കിലും സ്വന്തം നാട്ടിലെ ഗ്രാമങ്ങൾ കൂടി സന്ദർശിക്കാൻ ബഹുമാനപ്പെട്ട പ്രധാനമന്ത്രി സമയം കണ്ടത്തേണ്ടതുണ്ട് എന്ന് പറയാതെ വയ്യ.
നമ്മുടെ രാജ്യത്തിന്റെ സന്പദ്ഘടനയുടെ നട്ടെല്ലാണ് കാർഷികമേഖല. അവിടെയുള്ള യഥാർത്ഥ പ്രശ്‌നങ്ങൾ തിരിച്ചറിയാനും ക്രിയാത്മക നടപടികളിലൂടെ പ്രശ്‌നപരിഹാരത്തിനും ശ്രമിക്കാൻ സർക്കാർ ശ്രമിക്കേണ്ടതുണ്ട്. മുന്പ് സർക്കാർ ബാങ്കുകളെ ആശ്രയിച്ച് കാർഷികവൃത്തി നടത്തിയിരുന്ന പലരും ഇന്ന് ആശ്രയിക്കുന്നത് അവരുടെ ഗ്രാമങ്ങളിലുള്ള അമിതപലിശക്കാരെയാണ്. കടം ലഭിക്കാനുള്ള കാലതാമസമോ ലഭിക്കുന്ന സൗകര്യങ്ങളെ പറ്റിയുള്ള അറിവില്ലായ്മയോ ആണ് ഇത്തരം ആപത്തുകളിലേയ്ക്ക് അവരെ നയിക്കുന്നത്. ലാഭം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ദേശീയ ബാങ്കുകൾ പോലും ഇന്ന് ചെറുകിട വായ്പകൾ കർഷകർക്ക് നൽകുന്നില്ല. ഇത് ഗ്രാമപ്രദേശങ്ങളിൽ മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ മുളച്ചുപൊന്താൻ കാരണമായിട്ടുണ്ട്. അവരാണെങ്കിൽ കർഷകരെ നന്നായി തന്നെ ചൂഷണം ചെയ്യുന്നു.
ഇന്ന് ഇന്ത്യയിൽ ആറ് ലക്ഷത്തിലധികം ഗ്രാമങ്ങളാണ് ഉള്ളത്. ഈ ഗ്രാമങ്ങളിൽ ദേശീയ ബാങ്കുകളുടെ ശാഖകൾ ആരംഭിച്ച് ഗ്രാമീണ ജനതയുടെ വരുമാനത്തിൽ യഥാർത്ഥ വർധനവ് ഉറപ്പുവരുത്താൻ പ്രാപ്തമായ വായ്പാ പദ്ധതികൾ നടപ്പിലാക്കുന്ന ഒരു അവസ്ഥയാണ് ഉണ്ടാവേണ്ടത്. കാർഷികമേഖലയിൽ ഉത്പ്പാദനം വർധിപ്പിക്കാനും അതുവഴി തൊഴിലവസരങ്ങൾ വർധിപ്പിക്കാനും സാധിച്ചാലേ നമ്മുടെ രാജ്യത്ത് യഥാർത്ഥ ഗ്രാമവികസനം സാധ്യമാകൂ. ദേശത്തിന് വേണ്ടി ജീവൻ കൊടുക്കുന്ന സൈനികരെ പോലെ തന്നെ പ്രധാനമാണ് ഈ രാജ്യത്തുള്ളവർക്ക് അന്നം നൽകുന്ന കർഷകർ. അവരെ സംരക്ഷിക്കാനും, അതു പോലെ തന്നെ പരിപാലിക്കാനും സാധിക്കുന്ന ഒരു സാഹചര്യം നമ്മുടെ നാട്ടിൽ ഉണ്ടായില്ലെങ്കിൽ ഭാവി അത്ര ശോഭനമാകില്ല എന്ന് മാത്രം ഓർമ്മിപ്പിക്കുന്നു..!!