കോ­ടി­കൾ തട്ടു­ന്ന കോ­ടീ­ശ്വരൻ­മാർ ...


പ്രദീപ് പുറവങ്കര

സന്പത്ത് പല തരത്തിലാണ് ഒരാൾക്ക് വന്നുചേരുന്നത്. അതിലൊന്ന് പാരന്പര്യമായി ലഭിക്കുന്ന സ്വത്തുവകകളിലൂടെയാണ്. മറ്റൊന്ന് ഒരാളുടെ ജീവിത കാലയളവിൽ അവരുടെ ബുദ്ധിയും ശക്തിയുമൊക്കെ ഉപയോഗിച്ച് ഉണ്ടാക്കുന്ന സന്പത്ത്. ഇതിൽ തന്നെ നല്ല കർമ്മങ്ങളിലൂടെ പണമുണ്ടാക്കുന്നവരും അല്ലാത്തവരും ഉണ്ടാകും. തെറ്റായ മാർഗങ്ങളിലൂടെ പണമുണ്ടാക്കുന്നവരെ സമൂഹം കള്ളനെന്നും വിളിക്കും. സന്പത്ത് വല്ലാതെ വർദ്ധിച്ചു കഴിഞ്ഞാൽ പണത്തിന് മേലെ പരുന്തും പറക്കില്ലെന്ന അവസ്ഥയും വരാം. അപ്പോൾ പിന്നെ നേരിട്ട് കള്ളാ എന്ന് വിളിക്കാൻ ആർജ്ജവം കാണിക്കുന്നരും കുറയും.  നമ്മുടെ നാട്ടിൽ നിന്ന് ഇടയ്ക്കിടെ വലിയ സന്പത്തുള്ളവരെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വാർത്തകൾ വരാറുണ്ട്. ഒരു സാധാണക്കാരന് പെട്ടന്ന്  എണ്ണിയെടുക്കാൻ പറ്റാത്ത പൂജ്യങ്ങളുള്ള കോടിക്കണക്കിന് രൂപ ഇവർ തട്ടിയെടുത്തെന്നാകും ആ വാർത്ത. സഹസ്രകോടികൾ തട്ടിയെടുത്ത് അവർ സുഖമായി വിദേശത്ത് ജീവിക്കുന്നു എന്ന തരത്തിൽ വാർത്തകൾ വരുന്പോൾ വളരെ കുറച്ചെങ്കിലും തുക വായ്പയെടുത്ത് തിരികെ നൽകാൻ പറ്റാത്തതതിന്റെ വിഷമത്തിലും, ബാങ്കുകളുടെ ജപ്തിഭീഷണിയിലും ജീവനൊടുക്കാൻ തയ്യാറായി നിൽക്കുന്നവന്റെ മനസിൽ ആരൊടെന്നില്ലാതെ ഒരു വെറുപ്പ് പടരും. കോടികൾ തട്ടിയെടുത്ത മനുഷ്യർക്ക് വിവിഐപി ട്രീറ്റ്മെന്റ് ലഭിക്കുന്പോൾ ഗത്യന്തരമില്ലാതെ ലോൺ തിരിച്ചടയ്ക്കാൻ പറ്റാത്തവൻ പിന്നെ എന്താണ് ചെയ്യേണ്ടത്.   

രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പിന്‍റെ ചുരുളുകളാണ് കഴിഞ്ഞ ദിവസം അഴിഞ്ഞത്. പൊതുമേഖലാ ബാങ്കുകളിൽ വലുപ്പംകൊണ്ടു രണ്ടാമത്തേതായ പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നു പതിനോരായിരം കോടിയിലേറെ രൂപയാണ്  നീരവ് മോദി എന്ന വജ്രവ്യാപാരി തട്ടിയെടുത്തിരിക്കുന്നത്.  രാജ്യത്തെ ഏറ്റവും സന്പന്നനായ വജ്രവ്യാപാരിയായി അറിയപ്പെടുന്ന നീരവ് മോദി ബാങ്ക് സിബിഐക്കു പരാതി നൽകുന്നതിനു മുന്പുതന്നെ രാജ്യം വിട്ടിരുന്നു.  ദാവോസിൽ നടന്ന ലോക സാന്പത്തിക ഫോറത്തിൽ പങ്കെടുത്ത ഇന്ത്യൻ പ്രതിനിധികളിലൊരാളായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തെ പോലെ  8400 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പു നടത്തിയശേഷം രാജ്യം വിട്ട മദ്യരാജാവും രാജ്യസഭാംഗവുമായ വിജയ് മല്യയെ ഇപ്പോഴും നിയമനടപടികൾക്കായി നമ്മുടെ നാട്ടിലേയ്ക്ക് കൊണ്ടുവരാൻ  അധികാരികൾക്ക് കഴിയുന്നില്ല. നീരവ് മോദിയുടെ കാര്യത്തിലും മറിച്ചൊന്നും സംഭവിക്കാൻ ഇടയില്ല. 

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ നൂറു കോടി രൂപയിലധികം കിട്ടാക്കടമുള്ള അക്കൗണ്ടുകൾ 1463 എണ്ണമുണ്ടെന്നു കേന്ദ്ര ധനമന്ത്രാലയം ഈയിടെ വെളിപ്പെടുത്തിയിരുന്നു. 2017 മാർച്ച് 31ലെ കണക്കനുസരിച്ച് എട്ടു ലക്ഷം കോടി രൂപയുടെ വായ്പകൾ പ്രശ്നവായ്പകളാണ്. വൻ വ്യവസായികളുടെയും കൂറ്റൻ വ്യാപാരികളുടെയും സഹസ്രകോടികൾ എഴുതിത്തള്ളുന്ന ബാങ്കുകൾ ചെറിയ വായ്പയെടുത്തു കൃഷിയും കച്ചവടവും ചെറുകിട വ്യവസായവുമൊക്കെ നടത്തുന്നവരെ ഞെക്കിപ്പിഴിഞ്ഞു പണം തിരിച്ചുപിടിക്കുന്ന ഒരു അവസ്ഥ വേദനാജനകമാണ്. ശതകോടീശ്വരന്മാർ തട്ടിയെടുത്ത വൻതുകകൾ രാജ്യത്തെ സാധാരണക്കാരുടെകൂടി പണമാണ്.  അതു കൊണ്ട് തന്നെ തട്ടിപ്പു നടത്തുന്നവർ എവിടെപ്പോയാലും അവരെ പിടിച്ചുകൊണ്ടുവന്നു നിയമനടപടിക്കു വിധേയരാക്കണം. അതു സാധിക്കാത്തിടത്തോളം കാലം ഭരണകൂടത്തിനുമേലും സംശയത്തിന്‍റെ നിഴലുണ്ടാവും എന്നത് തീർച്ച!!

You might also like

Most Viewed