വാർത്തകളിൽ നിറഞ്ഞുനിൽക്കാൻ...


പ്രദീപ് പുറവങ്കര

ഇന്നത്തെ കാലത്ത് ഏതൊരു ഉൽപ്പന്നമായാലും, വ്യക്തിയായാലുമൊക്ക പ്രശസ്തിയുടെയോ കുപ്രശസ്തിയുടെയോ വെള്ളിവെളിച്ചത്തിൽ നിൽക്കാൻ സാധിച്ചില്ലെങ്കിൽ പെട്ടന്ന് തന്നെ ആളുകളുടെ മനസിൽ നിന്ന് ഇല്ലാതെയാകുന്ന സാഹചര്യമാണ് ഉള്ളത്. രാഷ്ട്രീയം, വിനോദം, ബിസിനസ്, കായികം, സാഹിത്യം, കല എന്നീ രംഗങ്ങളിലൊക്കെ പ്രവർത്തിക്കുന്നവർക്ക് ഇത് നന്നായി അറിയാവുന്ന കാര്യമാണ്.  മാർക്കറ്റിങ്ങിൽ ബ്രാൻഡിങ്ങ് എന്ന വിഷയത്തെ വളരെ ശാസ്ത്രീയമായി കൈക്കാര്യം ചെയ്യന്നവരാണ് വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന മിക്കവരും. പ്രഖ്യാപിത മീഡിയകൾക്കൊപ്പം ഇന്ന് സോഷ്യൽ മീഡിയകളുടെ സാന്നിദ്ധ്യവും പലരയെും പെട്ടന്ന് തന്നെ വൈറലാക്കുന്നുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം നടന്ന പുതിയ കാലത്തെ രണ്ട് മാർക്കറ്റിങ്ങ് തന്ത്രങ്ങൾ ഏറെ ആകർഷിച്ചു. 

അതിലൊന്ന് കമലഹാസനുമായി ബന്ധപ്പെട്ട ഒരു വാർത്തയാണ്.  തമിഴ്നാടിന്റെ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്ന അദ്ദേഹം ഇനി സിനിമയിൽ അഭിനയിക്കല്ലെന്ന തരത്തിൽ ദിവസത്തിന്റെ ആദ്യ പാതിയിൽ വ്യാപകമായി ഒരു പ്രചരണം പുറത്ത് വന്നു. അതേ തുടർന്ന് ആരാധകരടക്കം നിരവധി പേർ ആ തീരുമാനത്തിൽ നിന്ന് പിന്മാറാനുള്ള ആഗ്രഹം സോഷ്യൽമീഡിയ വഴി പ്രചരിപ്പിച്ചു. വൈകുന്നേരമാകുന്പോഴേക്കും മൂന്ന് സിനിമയിൽ കൂടി അഭിനയിക്കാൻ ഏറ്റിരിക്കുകയാണെന്നും, അതിന് ശേഷം മാത്രമേ വിരമിക്കുന്നതിനെ പറ്റിയൊക്കെ ചിന്തിക്കുന്നുള്ളൂവെന്നും കമലഹാസൻ തന്നെ വ്യക്തമാക്കി. രണ്ടാമത് ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലവ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് വന്ന വാർത്തയാണ്. അതിലെ മാണിക്യമലരായ പൂവി എന്ന ഗാനവും അതിന്റെ ചിത്രീകരണവും കേരളവും കടന്നു ഇന്ത്യ യൊട്ടാകെ തരംഗം സൃഷ്ടിച്ചു വന്നപ്പോഴാണ് ഹൈദരബാദിൽ നിന്നുമുള്ള ചിലരുടെ എതിർപ്പിനെ തുടർന്ന് പാട്ട് പിൻവലിക്കാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്. ആ തീരുമാനം അറിയിച്ചത് കേരളം ഒരു ദിവസത്തെ വാർത്തകളെ കീറിമുറിക്കുന്ന പ്രൈം ടൈം വാർത്ത പരിപാടികളിലും.  വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയ ഇതേറ്റെടുക്കുകയും ചേരിതിരിഞ്ഞ് പോർവിളി ആരംഭിക്കുകയും ചെയ്തു. നിരവധി പേർ പിൻവലിക്കാൻ പോകുന്ന പാട്ട് വീണ്ടും അവരുടെ വാളിൽ പ്രദർശിപ്പിച്ച് പ്രതിക്ഷേധം പ്രകടിപ്പിച്ചു. കുറച്ച് മണിക്കൂറുകളുടെ ബഹളത്തിന് ശേഷം സിനിമയുടെ പ്രവർത്തകർ തന്നെ പാട്ട് പിൻവലിക്കില്ലെന്ന ഉറപ്പുമായി രംഗത്ത് വന്നു. എന്നിട്ടും ഇതേ പറ്റിയുള്ള വിവാദം ഇപ്പോഴും കത്തിതീർന്നിട്ടില്ല. 

ഈ രണ്ട് വിവാദങ്ങളും യാദൃശ്ചികമായി സംഭവിച്ചതാണെന്ന് വിശ്വസിക്കാൻ അൽപ്പം പ്രയാസമുണ്ട്. തന്റെ രാഷ്ട്രീയപ്രവേശനത്തിന് വലിയ മീഡിയ കവറേജ് ലഭിക്കണമെന്ന ആഗ്രഹം തീർച്ചയായും ശ്രീ കമലഹാസന് ഉണ്ടാകും. അതു പോലെ തന്നെ പ്രതീക്ഷിക്കാതെയാണെങ്കിലും ഒരു പാട്ടും, അതിന്റെ ചിത്രീകരണവും ഒക്കെ നൽകിയ ഹൈപ്പ് ആ ചിത്രത്തിന്റെ റിലീസിങ്ങ് വരെ നിലനിർത്തുവാനും, അത് മൂലം തീയറ്ററുകളിൽ ചിത്രം കൂടി ഹിറ്റാക്കുവാനും അതിന്റെ നിർമാതാവും അണിയറ പ്രവർത്തകരും ആഗ്രഹിക്കും. ഇത്തരം ആഗ്രഹങ്ങൾ മുന്പ് സൂചിപ്പിച്ച കച്ചവടകാലത്തിന്റെ ആവശ്യകതയും കൂടിയാണ്. പക്ഷെ ചിലപ്പോഴൊക്കെ ഈ ആഗ്രഹങ്ങൾ കാരണം മനുഷ്യന്റെ മനസുകളിൽ വിഭാഗീയതയും, ശത്രുതയും വളർത്തുന്ന സാഹചര്യമുണ്ടാകുന്നത് ആശാസ്യമായ കാര്യമാണെന്ന് മാത്രം തോന്നുന്നില്ലെന്ന് മാത്രം ഓർമ്മിപ്പിക്കുന്നു.   

You might also like

Most Viewed