കത്തി താഴെയിടടാ ...


പ്രദീപ് പുറവങ്കര

കണ്ണൂരുകാരനായതിന്റെ പേരിൽ ഇടയ്്ക്കൊക്കെ തലകുനിക്കേണ്ടി വരുന്നവരിൽ പെട്ട ഒരാളാണ് ഞാൻ. നിങ്ങളുടെ നാടൊക്കെ മനുഷ്യന്മാരെ കൊല്ലുന്ന നാടല്ലേ എന്ന ചോദ്യം പലവട്ടം കേൾക്കേണ്ടിയും വന്നിട്ടുണ്ട്.  സമാധാനപ്രേമികളായ കണ്ണൂരുകാർ മിക്കവരും ഈ ചോദ്യത്തിന് മറുപടി പറഞ്‍ഞ് മടുക്കാറുമുണ്ട്. 

കൊതുകിനെ മുതൽ ആഹാരാവശ്യത്തിന് വേണ്ടി മൃഗങ്ങളെ വരെ നമ്മൾ കൊല്ലാറുണ്ട്. അത്തരം കൊലപാതകൾ ചെയ്യുന്പോൾ പോലും കൈ വിറക്കുന്നവരും നമ്മുടെയിടയിൽ ധാരാളം. പിന്നെയുള്ളത് അതിർത്തി കാക്കാനോ, അക്രമികളെ ഇല്ലായ്മ ചെയ്യാനോ ഒക്കെ ധൈര്യമുള്ള സൈനികരും, നിയമപാലകരുമാണ്. അവർക്കും ജോലിയുടെ ഭാഗമായി മനുഷ്യരെ കൊല്ലേണ്ടി വരുന്നു. ഇതല്ലാതെ ഒരു മനുഷ്യനെ കൊല്ലാൻ മറ്റൊരു മനുഷ്യൻ തീരുമാനിക്കണമെങ്കിൽ അവന്റെ തലച്ചോറിൽ എന്തായിരിക്കും സംഭവിച്ചിരിക്കുക എന്നത് ചിന്തനീയമായ കാര്യമാണ്. ഒരാളുടെ രാഷ്ട്രീയ ആശയങ്ങളും, വീക്ഷണങ്ങളും ഒക്കെ ആ രാഷ്ട്രീയം നില നിൽക്കുന്ന ഇടങ്ങളുടെ വികസനത്തിനോ ആ സമൂഹത്തിന്റെ താത്പര്യസംരക്ഷണാർത്ഥമോ അല്ലെ പൊതുവെ ഉപയോഗപ്പെടുത്തേണ്ടത് എന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്. അതിന് പകരം കാപാലികരെ പോലെ രക്തവും വെള്ളവും തമ്മിൽ തിരിച്ചറിയാൻ സാധിക്കാത്ത തരത്തിൽ ഒരു നാടിന്റെ നെഞ്ചകത്തിലേയ്ക്ക് കത്തി കയറ്റുന്പോൾ അതിനെ പൈശാചികത എന്നതിൽ കുറഞ്‍ഞ് ഒന്നും പറയാൻ സാധ്യമല്ല. 

തിങ്കളാഴ്ച അർധരാത്രിയോടെ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എസ്.പി. ശുഹൈബ് തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്പോഴാണു വെട്ടേറ്റു മരിച്ചത്. 37 വെട്ടാണ് ആ ചെറുപ്പാക്കാരന്റെ മുകളിൽ പോറിയിട്ടത്. ഇത്തരം അക്രമവും കൊലപാതകങ്ങളും പകരംവീട്ടലിന്‍റെ നിർവൃതി ചിലർക്കും അവരുടെ പ്രസ്ഥാനങ്ങൾക്കും നൽകുമായിരിക്കും. പക്ഷേ, ഒരു നാട്ടിലെ സാധാരണ ജനങ്ങൾക്ക് വലിയ ഞെട്ടലും അസ്വസ്ഥതയുമാ‍‍ണു ഇത്തരം സംഭവങ്ങൾ നൽകുന്നത്. കൊലപാതക രാഷ്ട്രീയത്തിൽ ജീവൻ നഷ്‌ടപ്പെട്ടു പോയ മനുഷ്യർ താങ്ങിനിർത്തിയിരുന്ന കുടുംബങ്ങളിൽനിന്നുയരുന്ന ആർത്തനാദങ്ങൾ കേരളത്തിന്‍റെ മനഃസാക്ഷിയുടെ മേലാണു വന്നലയ്ക്കുന്നത്. ആ രോദനങ്ങൾ നമ്മുടെ സമാധാന ജീവിതത്തെയും സ്വസ്ഥതയെയും തകർക്കുന്നുതാണ്. 

കണ്ണൂരിൽ മാത്രമല്ല, ഇതര ജില്ലകളിലും ഇപ്പോൾ അസ്വസ്ഥതകൾ പുകയുന്നുണ്ട്. യത്ഥാർത്ഥത്തിൽ ഇത്തരത്തിലാണോ രാഷ്‌ട്രീയ പ്രവർത്തനം നടത്തേണ്ടത്? നേതാക്കൾക്ക് ഇതിലൊന്നും യാതൊരു ഉത്തരവാദിത്വവുമില്ലേ? ഉത്തരവാദിത്വവും പ്രതിബദ്ധതയുമുള്ളൊരു നേതാവിനും ഇത്തരത്തിൽ നിസംഗത കാട്ടാൻ സാധിക്കില്ല. ജനങ്ങൾക്കു സമാധാനം നൽകാൻ സാധിക്കാത്ത തങ്ങളെന്തിനു പൊതുപ്രവർത്തകരായിരിക്കുന്നു എന്നെങ്കിൽ ഇവർ ചിന്തിക്കണം. ഈ നേതാക്കൾ പറഞ്ഞാൽ അണികൾ കത്തി താഴെയിടും. അനുസരിക്കാത്തവരെ സംരക്ഷിക്കാൻ ആരുമുണ്ടാവില്ലെന്നു വ്യക്തമായാൽ ആ കത്തി താഴെത്തന്നെ കിടക്കും. അങ്ങിനെയൊരു സാഹചര്യമാണ് നമ്മുടെ നാട്ടിൽ ഉണ്ടാകേണ്ടത്. അല്ലാതെ പരസ്പരം ചെയ്തു കൂട്ടിയ കൊലപാതകങ്ങളുടെ എണ്ണം കാണിച്ച് ഒരു ത്രാസിൽ തൂക്കിനോക്കുന്നത് മനുഷ്യത്വമുള്ള ആർക്കും തന്നെ ചെയ്യാൻ സാധിക്കുന്ന ഒന്നല്ലെന്ന ഓർമ്മപ്പെടുത്തലോടെ... 

You might also like

Most Viewed