പുരികക്കൊടിയിലെ പ്രണയപർവ്വതം...


പ്രദീപ് പുറവങ്കര

മുപ്പത് സെക്കന്റ് ദൈർഘ്യമുള്ള ഒരു ചെറിയ ദൃശ്യം നമ്മുടെ മൊബൈൽ ഫോണുകളിൽ ഇപ്പോൾ പ്രണയം നിറച്ചുകൊണ്ടിരിക്കുകയാണ്. കൺമുനകളിലൂടെയുള്ള ആ സംഭാഷണം പ്രായഭേദമന്യേ ഏവരും കൈനീട്ടി സ്വീകരിച്ചതാണ് ഇത്തവണത്തെ വാലൈന്റ്സ് ഡേയുടെ ഒരു പ്രത്യേകത. മാണിക്യമലരായ പൂവിയെന്ന ഗാനത്തിന്റെ അകടന്പടിയോടെ രണ്ട് പ്രണയിതാക്കൾ നടത്തിയ ആ സംസാരം ഇന്ന് ലക്ഷക്കണക്കിന് പേരാണ് കണ്ടുകൊതിതീർത്തു കൊണ്ടിരിക്കുന്നത്. മനുഷ്യന് പ്രണയം എന്നാൽ എന്താണെന്ന് വിശദീകരിച്ച് ഉള്ളിൽ ഉള്ള പ്രണയത്തെ ഇല്ലാതാക്കാൻ ഒരു വലിയ ശ്രമം ഇവിടെ നടത്തുന്നില്ല. പക്ഷെ ഒരു കാര്യം പറയാതെ വയ്യ. പ്രണയം ജീവിതത്തിൽ ഒരാൾക്കുണ്ടാകാവുന്ന ഏറ്റവും മനോഹരമായ ഒരു അനുഭവമാണ്.  പ്രണയത്തിന്റെ ചൂടിൽ ഒരു മനുഷ്യൻ പലപ്പോഴും ആകാശത്തോളം ഉയർത്തപ്പെടുന്നു. ആ ലോകത്ത്, അവർ പ്രണയിതാക്കൾ  മാത്രമേ ഉണ്ടാകൂ. പ്രായഭേദമന്യേ ആർക്കും പ്രണയം ഉണ്ടാകാം. പലരുടെയും ധാരണ ഒരു വയസ് മുതൽ മറ്റൊരു വയസ് വരെ മാത്രമേ പ്രണയമുണ്ടാകൂ എന്നാണ്. എന്നാൽ അതിൽ ഒരു വാസ്തവും ഇല്ലെന്നതാണ് അനുഭവസ്ഥർ പറയുന്നത്. അമേരിക്കൻ പ്രസിഡണ്ട് മുതൽ നമ്മുടെ സംസ്ഥാന മന്ത്രിമാർ വരെ അതിന് ഉത്തമോദഹരണങ്ങളാണ്. പ്രണയം എന്ന വികാരം നിലനിർത്താൻ കാമം നിർബന്ധമാണോ എന്നതിന്റെ ചർച്ചകളും നമ്മുടെ ഇടയിൽ സജീവം തന്നെ. സോഷ്യൽ മീഡിയ വന്നതോടെ പ്രണയം നമ്മുടെ വീടിന്റെ നാല് ചുമരുകളിൽ മാത്രം ഒതുങ്ങി നിൽക്കാതെയുമായി. ചുമരിലെ ജനാലയ്ക്കപ്പുറത്തും പ്രണയസങ്കൽപ്പങ്ങൾ ഒഴുകിതുടങ്ങി. 

ഒരു പ്രണയദിനം കൂടി കടന്നുപോകുന്പോൾ മലയാളി ചർച്ച ചെയ്യുന്നത് പ്രിയവാര്യരുടെ പുരികമുയർത്തൽ മാത്രമല്ല, മലയാളത്തിന്റെ നീർമാതളത്തെ കുറിച്ചുമാണ്. മാധവിക്കുട്ടി അഥവാ കമല സുരയ്യ എന്ന ആ പേരും ഈ നേരത്ത് തന്നെ നമ്മുടെ ചിന്താമണ്ധലങ്ങളിൽ ഒരു സിനിമയായി ചർച്ച ചെയ്യപ്പെടുന്നു. ‘‘എന്റെ പ്രണയം കാട്ടുതേൻ പോലെയാണ് അതിൽ വസന്തങ്ങൾ അലിഞ്ഞു ചേർ‍ന്നിരിക്കുന്നു’’ എന്ന് കുറിച്ചിട്ട മാധവിക്കുട്ടിയുടെ പ്രണയത്തിന്റെ ഏറ്റുപറച്ചിലുകളും, തുറന്നെഴുത്തുക്കളുമാണ് അവരെ പലപ്പോഴും മലയാളിയുടെ കപട സദാചാര ബോധത്തിന്റെ ശത്രുവാക്കിയത്. മാധവികുട്ടിയെ പോലെ തന്നെ നന്ദിതയും, ഖലീൽ ജിബ്രാനും, ജലാലുദ്ദീൻ റൂമിയും ഒക്കെ പ്രണയദിനത്തിന്റെ നാളുകളിൽ നമ്മുടെ മനസുകളിൽ പുനർജനിക്കും. 

ഒരു ഭാഗത്ത് പ്രണയദൃശ്യത്തിന്റെ  മനോഹരിതയെ പറ്റി സംസാരിക്കുന്പോഴും, മറു ഭാഗത്ത് മലയാളിയുടെ ഹൃദയവേദന തുടർന്നുകൊണ്ടിരിക്കുന്നു എന്ന കാര്യം പറയാതിരിക്കാൻ വയ്യ. ആശയങ്ങളിലെ കേവല വ്യത്യാസങ്ങൾ കാരണം ഒരു മനുഷ്യനെ പച്ചയ്ക്ക് വെട്ടി കൊല്ലാൻ മടിയില്ലാത്തവർ, കാട്ടുമൃഗങ്ങളെക്കാൾ നികൃഷ്ടരായ ഒരു കുട്ടം ജീവികൾ നമ്മുടെ ഇടയിൽ സ്നേഹത്തിന്റെ വിത്തു പാകുന്നതിന് പകരം വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്പോഴാണ് റൂമിയുടെ ഈ വാക്കുകൾക്ക് പ്രസക്തിയേറുന്നത്. 

“സ്‌നേഹത്തിന്റെ രാജ്യം മറ്റെല്ലാ മതങ്ങളിൽ നിന്നും വ്യത്യസ്തമാണ്

സ്‌നേഹിക്കുന്നവന്റെ മതവും രാജ്യവും സ്‌നേഹിക്കപ്പെടുന്നവന്‍ മാത്രം

സ്‌നേഹിക്കുന്നവന്റെ ലക്ഷ്യവും മറ്റെല്ലാ ലക്ഷ്യങ്ങളിൽ നിന്നും വിഭിന്നം

സ്‌നേഹമാണ് ദൈവത്തിന്റെ നിഗൂഢതയിലേക്കുള്ള ദൂരദർ‍ശിനിയും”

You might also like

Most Viewed