കാറ്റ് മാറി വരുന്പോൾ ...

പ്രദീപ് പുറവങ്കര
ഒരാൾ എന്ത് ധരിക്കണമെന്നും, എന്ത് കഴിക്കണമെന്നും തീരുമാനിക്കുന്നത് ഒരു മനുഷ്യന്റെ ഏറ്റവും അടിസ്ഥാനപരമായ അവകാശമാണെന്ന് പറയാറുണ്ട്. മറ്റുള്ളവർക്ക് ദോഷമൊന്നും ഉണ്ടാക്കാത്ത വിധത്തിൽ ഈ രണ്ട് കാര്യങ്ങളും ചെയ്യുന്നതിനെ അടിച്ചമർത്തുന്നത് ന്യായമായ കാര്യമല്ലെന്നതാണ് ഒരു മനുഷ്യനെന്ന രീതിയിൽ എനിക്കും തോന്നിയിട്ടുള്ള കാര്യം. നമ്മുടെ നാട്ടിൽ എന്ത് കഴിക്കണമെന്നതിന്റെ പേരിൽ നടന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ പറ്റി ഏവർക്കും അറിയാം. ഇതു പോലെ ലോകത്തിന്റെ പല രാജ്യങ്ങളിലും കഴിക്കുന്നതിന്റെയും ധരിക്കുന്നതിന്റെയും പേരിൽ പല പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്.
ഒന്നര പതിറ്റാണ്ടിനു മുന്പ് ഗൾഫ് രാജ്യത്ത് വന്നത് മുതൽക്കാണ് പർദ എന്ന വനിതകളുടെ വസ്ത്രം ചിരപരിചിതമായത്. നാട്ടിൽ നിന്ന് വരുന്പോൾ അന്നത്തെ കാലത്ത് ഇന്നുള്ളത് പോലെ പർദ ധരിക്കുന്നവർ വളരെ കുറവായിരുന്നു. പലരും തട്ടമായിരുന്നു ഉപയോഗിച്ചിരുന്നത്. ബഹ്റൈൻ പൊതുവെ മുന്പേ തന്നെ പുരോഗനത്മാകമായ ആശയങ്ങൾ വെച്ചു പുലർത്തുന്നത് കൊണ്ടാകാം സ്ത്രീകളിൽ വലിയൊരു വിഭാഗം പർദ ധരിക്കാതെയാണ് മിക്കവാറും പുറത്തിറങ്ങാറുള്ളത്. വലിയ കുടുംബങ്ങളിലെ സ്ത്രീകളിൽ പോലും മിക്കവരും ഔദ്യോഗിക ചടങ്ങുകളിൽ വരെ വളരെ ആധുനികമായ വസ്ത്രങ്ങൾ ധരിച്ച് കാണാറുമുണ്ട്. സമാനമായ ഒരു അവസ്ഥ ദുബായിലും, അതു പോലെ ഖത്തറിലുമൊക്കെ നിലനിൽക്കുന്നു. എന്നാൽ അതേ സമയം സൗദി അറേബ്യയിൽ പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ പർദ ധരിക്കണമെന്ന നിബന്ധന കർശനവുമാണ്. പ്രവാസികളടക്കം എല്ലാവരും തന്നെ വിശ്വാസഭേദമന്യേ ആ ഒരു നിയമം പാലിച്ചു വന്നു.
എന്നാൽ അടുത്ത കാലത്ത് സൗദി അറ്യേബ്യയിൽ നടന്നു വരുന്ന പലതരം മാറ്റങ്ങളുടെ തുടർച്ച എന്ന പോലെ സ്ത്രീകളുടെ പർദ്ദ ധാരണവുമായി ബന്ധപ്പെട്ട നിബന്ധനകളിൽ ഇളവുകൾ വരുന്നു എന്നാണ് പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്. ഇത് പ്രകാരം സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ പർദ ധരിക്കണമെന്ന നിബന്ധന ഇനി മുതൽ ഉണ്ടാകില്ലെന്നാണ് മുതിർന്ന പണ്ധിതരുടെ കൗൺസിൽ അംഗമായ ഷെയ്ഖ് അബ്ദുള്ള അൽ മുത്‌ലഖ് കഴിഞ്ഞ ദിവസവം വ്യക്തമാക്കിയത്. സൗദി സമൂഹത്തെ ആധുനികവൽക്കരിക്കാനും സ്ത്രീകൾക്കുള്ള നിയന്ത്രണത്തിൽ ഇളവു നൽകാനുമുള്ള തീരുമാനത്തിന്‍റെ ഭാഗമായാണ് പുതിയ നടപടി. സ്ത്രീകൾ പർദ മാത്രമേ ധരിക്കാൻ പാടുള്ളൂ എന്ന് ശഠിക്കരുതെന്നും, മാന്യമായ ഏത് വസ്ത്രവും വനിതകൾക്ക് നിഷിദ്ധമല്ലെന്നും, ലോകത്ത് പലഭാഗത്തും മുസ്ലീം സ്ത്രീകൾ പർദ്ദ ധരിക്കുന്നില്ലെന്നും ഷെയ്ഖ് അബ്ദുള്ള അൽ മുത്‌ലഖ് അഭിപ്രായപ്പെടുന്നു. പണ്ധിതന്റെ പ്രസ്താവനയോട് സമ്മിശ്ര പ്രതികരണങ്ങളാണ് ഇപ്പോൾ ഉണ്ടാകുന്നത്. സ്ത്രീകൾ വാഹനം ഓടിക്കുന്നതിനുള്ള വിലക്ക് നീക്കം ചെയ്തതിനു പിന്നാലെയാണ് ഈ പുതിയ നിലപാട്. എന്തായാലും ഇത്തരമൊരു തീരുമാനം നടപ്പിലാവുകയാണെങ്കിൽ വലിയൊരു മാറ്റമാണ് ഈ ഭൂമികയിൽ ഉണ്ടാക്കാൻ പോകുന്നത് എന്നതിന് യാതൊരു സംശയവുമില്ല. പുരുഷൻമാരുടെ പോലെ തന്നെ വനിതകൾക്കും മനുഷ്യാവകാശങ്ങൾ നൽകുന്ന ഒരു സമത്വലോകനിർമിതിക്ക് അത് ഏറെ സഹായകരമാകും എന്നത് തീർച്ച!!