കാ­ള പെ­റ്റു­വെ­ന്ന് കേ­ൾ­ക്കു­ന്പോ­ഴേ­ക്കും...


പ്രദീപ് പുറവങ്കര

ടയറിന്റെ പഞ്ചറൊട്ടിക്കുന്ന കടകളുടെ അരികിലൂടെ വാഹനത്തിൽ സഞ്ചരിക്കുന്പോൾ ശ്രദ്ധിക്കണമെന്ന് ചിലർ പറയാറുണ്ട്. ചിലപ്പോൾ ചില കുബുദ്ധികളായ ടയറ് കടക്കാർ ഈ റോഡുകളിൽ ആണിവിതറുമെന്നും, അതിലൂടെ ടയറുകൾ പഞ്ചറാക്കുമെന്നുമാണ് ആരോപിക്കാറുള്ളത്. ഓരോ കച്ചവടത്തിനും ഇത്തരത്തിലുള്ള ഒരു കപടരീതിയും ഉണ്ടാകും. നേരെ ചൊവ്വെ ചെയ്യാൻ കച്ചവടം ചെയ്യാൻ പഠിക്കാത്തവർ ഈ കപടരീതിയിൽ താത്പര്യം കാണിക്കും. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുന്പ് നമ്മുടെ നാട്ടിൽ നിന്നും എല്ലാ ദിവസവും വന്നുകൊണ്ടിരുന്ന ഒരു വാർത്ത നിങ്ങളും ശ്രദ്ധിച്ചിരിക്കും. വീടുകളുടെ ചില്ല് ജനാലകളിലോ, അല്ലെങ്കിൽ ചുമരുളിലോ കറുത്ത സ്റ്റിക്കറുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് പരിഭ്രാന്തി പരത്തുന്ന തരത്തിൽ ആ വാർത്തകൾ വന്നത്. കുട്ടികളെ തട്ടികൊണ്ടു പോകുന്ന സംഘമാണ് ഇത്തരത്തിൽ‍ അടയാളങ്ങൾ രേഖപെടുത്തുന്നതെന്നാണ് വാർ‍ത്ത പ്രചരിച്ചത്. ഉത്തരേന്ത്യയിൽ നിന്നുള്ള സംഘമാണ് ഇതിന് പിന്നിലെന്നും വ്യാപകമായി സോഷ്യൽ മീഡിയകളിലൂടെ പ്രചരിച്ചു.

പ്രചാരണം വ്യാപകമായതോടെ ഇത്തരമൊരു ആരോപണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തന്നെ നേരിട്ട് അറിയിച്ചിരുന്നു. എങ്കിലും പോലീസ് നടത്തിയ അന്വേഷണം ശക്തമായതോടെ ഈ പ്രചരണത്തിന് പിന്നിൽ സിസി ടിവി സ്ഥാപനങ്ങളാണെന്ന് കണ്ടെത്തുകയായിരുന്നു. നമ്മുടെ വീടുകളിൽ സിസി ടിവി ക്യാമറകളുടെ ആവശ്യമുണ്ടെന്ന് ബോധ്യപ്പെടുത്താൻ വേണ്ടിയാണത്രെ ഇവർ പല വീടുകളിലും കറുത്ത സ്റ്റിക്കർ ഒട്ടിച്ച് ആശങ്ക പരത്തിയത്. ആളുകളെ ബോധവത്ക്കരിക്കാനായി വേറിട്ട പരസ്യരീതി പരീക്ഷിക്കുകയായിരുന്നുവെന്നാണ് സ്റ്റിക്കർ ഒട്ടിച്ച ഈ സിസിടിവിക്കാർ പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. കുട്ടികളെ തട്ടിക്കൊണ്ടുപോയേക്കുമെന്ന് പരിഭ്രമിച്ച് രക്ഷിതാക്കൾ വീടും പരിസരവും ക്യാമറാ നിരീക്ഷണത്തിലാക്കാൻ ശ്രമിക്കും എന്ന് ഉറപ്പുവരുത്തി കച്ചവടം നടത്താനായിരുന്നുവത്രെ  പദ്ധതി. 

ഇത്തരം വാർത്തകളിൽ നിന്ന് മനസിലാക്കുന്ന ഒരു കാര്യം നമ്മുടെ സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകളിലൂടെ പങ്ക് വെക്കപ്പെടുന്ന പല വാർത്തകളുടെയും, വിവരങ്ങളുടെയും ഉത്തരവാദിത്വമില്ലായമ തന്നെയാണ്. ആശങ്കകളും വേവലാതികളും പരിഭ്രാന്തിയുമൊക്കെ പരസ്പരം  പരത്തി ഒരു തരം ഭ്രാന്തമായ അവസ്ഥയിലേയ്ക്ക് മനുഷ്യനെ ഇത്തരം സന്ദേശങ്ങൾ എത്തിക്കുന്നുണ്ട്. ഇതിന് വേണ്ടി വളരെ ലക്ഷ്യബോധത്തോട പ്രവർത്തിക്കുന്നവരുടെ എണ്ണവും ഏറി വരികയാണ്. മസ്തിഷ്ക പ്രക്ഷാളനമാണ് മിക്കയാളുകളും ഇത്തരം സോഷ്യൽ മീഡിയകളിലൂടെ നടത്തി വരുന്നത് എന്ന് പറയാതിരിക്കാൻ വയ്യ. വർഗീയതയും,  വലിയ നുണകളും, ചരിത്രത്തെ നിക്ഷേധിക്കലുമൊക്കെ ഈ തരത്തിൽ തീ പോലെ പടരുന്നു. ഇത് ഏറെ ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. വ്യാജ പ്രചാരണം നടത്തുന്നവരെയും കാള പെറ്റുവെന്ന് കേൾക്കുന്പോഴേക്കും കയറെടുക്കുന്നവരെയും അത് ആഘോഷിക്കുന്നവരെയും ഒരു പോലെ നിയമത്തിനു മുന്നിൽ കൊണ്ട് വരുകയും ശിക്ഷിക്കുകയും വേണമെന്ന് മാത്രം ഓർമ്മപ്പെടുത്തട്ടെ. 

You might also like

Most Viewed