ഇവിടെ മാത്രമല്ല പിടി...


പ്രദീപ് പുറവങ്കര

രാഷ്ട്രീയപ്രവർത്തകരുടെ സ്ഥാന നില ഉയരുന്പോൾ അവർക്കെതിരെയുള്ള ആരോപണങ്ങളുടെ എണ്ണവും കൂടി വരും. ഉദാഹരണത്തിന് ഒരു പഞ്ചായത്ത് പ്രസിഡണ്ടിന് നേരെയുള്ള ആരോപണത്തെക്കാൾ എത്രയോ വലുതായിരിക്കും സംസ്ഥാനം ഭരിക്കുന്ന മന്ത്രിക്ക് നേരെയുണ്ടാകുന്നത്. അങ്ങിനെ ആരോപണങ്ങളുടെ തൂക്കത്തിന് നേതാക്കൻമാരുടെ വലിപ്പത്തിനനുസരിച്ച് ഏറ്റകുറച്ചിലുകൾ ഉണ്ടാകും. കുറച്ച് ദിവസമായി ഇപ്പോൾ നമ്മൾ ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ദുബൈയിൽ സാന്പത്തിക കുറ്റത്തിന്റെ പേരിൽ ഉണ്ടായ വിവാദങ്ങളാണ്. അതേസമയം ഇന്ന് കോടിയേരിയാണെങ്കിൽ നാളെ മറ്റൊരു നേതാവിന്റെ മക്കളുടെ പേരിലും ഇതേ പോലെ ആരോപണങ്ങൾ നമ്മൾ കേൾക്കും. ഇതിന് മുന്പും ഇത്തരം വിവാദങ്ങൾ നമ്മുടെ മുന്പിൽ എത്തിയിട്ടുമുണ്ട് എന്നും ഓർക്കാം.

പൊതുപ്രവർത്തകർ അവരുടെ മക്കളെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കേണ്ടന്നോ, ജോലിക്കായി വിദേശത്തേയെക്ക് അയക്കാൻ പാടില്ലെന്നോ ഒക്കെയുള്ള വാദഗതികളോട് ഇന്നത്തെ കാലത്ത് തീരെ യോജിക്കാൻ വയ്യ. അതേസമയം ഏത് രാഷ്ട്രീയപാർട്ടിയാണെങ്കിലും നേതാക്കന്മാരുടെ മക്കൾ മറ്റ് സാധാരണക്കാരെ പോലെ അദ്ധ്വാനിച്ചിട്ടാണോ ഈ നേട്ടങ്ങൾ കൊയ്യുന്നതെന്ന സംശയമാണ് മിക്കപ്പോഴും സാധാരണക്കാരന് ഉണ്ടാകുന്നത്.  നേതാക്കളുടെ മക്കൾ വിദേശത്ത് പോയി ജോലി ചെയ്യുന്നതിൽ ഒരു തെറ്റുമില്ല. കാരണം എത്രയോ ലക്ഷം പേരാണ് നമ്മുടെ നാട്ടിൽ നിന്ന് പുറം രാജ്യങ്ങളിൽ പോയി പണിയെടുത്ത് നാടിന്റെ സന്പദ് വ്യവസ്ഥയെ നിലയ്ക്ക് നിർത്തുന്നത്. എന്നാൽ പ്രത്യേകിച്ച് ഒരു യോഗത്യതയുമില്ലാത്ത ഒരാളെ പെട്ടന്ന് ഒരു വലിയ സ്ഥാപനം അതിന്റെ പ്രധാനപ്പെട്ട സ്ഥാനത്ത് ഇരുത്തുന്പോഴാണ് സാധാരണക്കാരൻ സംശയിച്ചു പോകുന്നത്. തങ്ങളുടെ വ്യവസായ സാമ്രാജ്യത്തിന് വന്നേക്കാവുന്ന വീഴ്ച്ചകളെ മുൻകൂട്ടി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഒരു കച്ചവടക്കാരൻ നടത്തുന്ന അതിബുദ്ധി മാത്രമായേ ഇത്തരം പ്രവർത്തികളെ കാണാൻ സാധിക്കൂ. 

ഗൾഫ് നാടുകളിൽ കുറേ കാലമായി മാധ്യമ പ്രവർത്തനം നടത്തുന്നത്  കൊണ്ട് തന്നെ നമ്മുടെ നാട്ടിലെ പല രാഷ്ട്രീയക്കാരുടെ അനധികൃത സന്പാദ്യം ഇവിടെയാണെന്ന് പല തവണ തിരിച്ചറിഞ്ഞ ഒരു കാര്യം തന്നെയാണ്. നേരിട്ടോ, ബിനാമി വഴിയോ ഒക്കെ ഇങ്ങിനെ സന്പത്ത് ഉണ്ടാക്കി വെക്കുന്ന നേതാക്കളിൽ ചിലർ മക്കളെയും ഇതിന് വേണ്ടി ഉപയോഗപ്പെടുത്തുന്നു. പ്രവാസലോകത്ത് എല്ലായിടത്തും ഇത് വർഷങ്ങളായി നടന്നുവരുന്ന കാര്യമാണ്. അതിന് രാഷ്ട്രീയ വ്യത്യാസങ്ങളുമില്ല. കോടീശ്വരന്മാരായ പല മുതലാളികളുടെയും പിന്നിലെ ശക്തിയും ഇവർ തന്നെയാണ്. നമ്മുടെ പല നേതാക്കളെ പറ്റി കാര്യമായി ഒന്നും പരിശോധിച്ചു നോക്കിയാൽ പലർക്കും എൻ.ആർ.ഐ സ്റ്റാറ്റസ് വരെയുണ്ടാകും. ഇതൊന്നും മനസിലാക്കാതെ പാവം അണികൾ സ്വന്തം പോക്കറ്റിലെ കാശ് മുടക്കി ഇവിടെയെത്തുന്ന നേതാക്കൾക്ക് സ്വീകരണം സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നു എന്നതാണ് സത്യം. ഇതൊന്നും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്ന് മാത്രമല്ല, ഏത് രാഷ്ട്രീയ വിശ്വാസത്തിൽ കഴിയുന്ന അണികളായാലും അവർക്ക് സ്വയം ചിന്തിക്കാനുള്ള  കഴിവ് വരാത്തിടത്തോളം കാലം വരും കാലങ്ങളിലും ഇതൊക്കെ അതു പോലെ തന്നെ തുടരുകയും ചെയ്യും എന്ന് മാത്രം പറഞ്ഞുകൊള്ളട്ടെ!!

You might also like

Most Viewed