മുഖം മടുക്കുന്പോൾ...
പ്രദീപ് പുറവങ്കര
ഇന്നത്തെ കാലത്ത് മാധ്യമങ്ങൾ എന്നാൽ വാർത്തകൾ മാത്രം നൽകുന്ന ഒരിടമല്ല. തങ്ങളുടെ സ്പേസിൽ അല്ലെങ്കിൽ ഇടത്തിൽ പരസ്യം നൽകുന്നവരുടെ കച്ചവട താൽപ്പര്യങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യതയും മിക്ക മാധ്യമങ്ങൾക്കും ഇന്നുണ്ട്. അതില്ലാതെ പ്രവർത്തിക്കണമെങ്കിൽ ഏതെങ്കിലും ഒരു പ്രസ്ഥാനത്തിന്റെ നേരിട്ടോ അല്ലാതെയോ ഉള്ള പിൻബലം ഉണ്ടാകണം. അച്ചടി മാധ്യമങ്ങളായിരുന്നു ഒരു കാലത്ത് വാർത്തകൾ നൽകാനും, അതുപോലെ പരസ്യങ്ങൾ നൽകാനും ഏറ്റവുമധികം ഉപയോഗിക്കപ്പെട്ടതെങ്കിൽ പിന്നീട് അത് ഇലക്ട്രോണിക്ക് മീഡിയകളായി മാറി. റേഡിയോ, ടെലിവിഷൻ എന്നിവ അതിന് ഉദാഹരണം. കാലക്രമേണ ഇന്റർനെറ്റ് ലോകത്ത് മൊത്തം വലി വിരിയിച്ച് തുടങ്ങിയപ്പോൾ മുൻ കാല മാധ്യമങ്ങളെ അത് പ്രചാരത്തിൽ പിന്തള്ളി. എല്ലാം ഒരു കൈവെളളയിൽ ലഭിക്കുമെന്ന് വന്നപ്പോൾ മനുഷ്യരിൽ പലരും പത്രം വായിക്കാതെയും, റേഡിയോ കേൾക്കാതെയും, ടിവി കാണാതെയുമായി. ഇതിനിടയിൽ സോഷ്യൽ മീഡിയകൾ കൂടി സജീവമയതോടെ ആർക്കും സ്വന്തമായി തന്നെ എന്തും പ്രസിദ്ധീകരിക്കാനോ, സംപ്രേക്ഷണം ചെയ്യാനോ സാധ്യമായി തുടങ്ങി. നമ്മൾ ഇന്ത്യക്കാർ ഫേസ്ബുക്ക് എന്ന മാധ്യമമാണ് ഈ രീതിയിൽ ഏറ്റവുമധികം ഉപയോഗിച്ചത്.
കഴിഞ്ഞ ദിവസം ഈ ഫേസ്ബുക്കിനെപറ്റി ഒരു വാർത്ത വന്നിട്ടുണ്ട്. ഈ ഒരു പ്ളാറ്റ്ഫോമിനെ ആളുകൾക്ക് മടുത്തു തുടങ്ങിയെന്നതാണ് ആ വാർത്ത സൂചിപ്പിക്കുന്നത്. അതായത് ഫെയ്‌സ്ബുക്കിൽ ആളുകൾ ചിലവഴിക്കുന്ന സമയത്തിൽ ഇപ്പോൾ വലിയ കുറവാണത്രെ രേഖപ്പെടുത്തിയിരിക്കുന്നത്. ഫേസ്ബുക്ക് കന്പനി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്ത് കൊണ്ടാണ് എണ്ണത്തിൽ ഇത്തരമൊരു കുറവ് സംഭവിക്കാൻ കാരണമെന്ന് കന്പനിക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്ഥിരമായി അൽഗോരിതം മാറ്റുന്നത് ഉൾപ്പടെയുള്ള പുതിയ തീരുമാനങ്ങളാവാം ഇത്തരമൊരു പ്രതിസന്ധിക്ക് വഴിവെച്ചിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം. വാർത്ത പുറത്തു വന്നതിനു പിന്നാലെ ഫെയ്‌സ്ബുക്കിന്റെ ഓഹരികളുടെ വില നാലു ശതമാനം ഇടിഞ്ഞിട്ടുമുണ്ട്. ഇത്തരമൊരു അനുഭവം ഫേസ്ബുക്കിന് ആദ്യമാണ്. ഇതിനെ തുടർന്ന് ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ സുഹൃത്തുക്കളുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനുള്ള പദ്ധതികളെ പറ്റിയാണത്രെ ഇപ്പോൾ ഫെയ്‌സ്ബുക്ക് അധികൃതർ തലപുകഞ്ഞ് ആലോചിക്കുന്നത്.
ഫേസ്ബുക്കിന് മുന്പ് നമ്മൾ ഉപയോഗിച്ചിരുന്ന ഒരു സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമായിരുന്നു ഓർക്കൂട്ട്. ഇന്നെത്ര പേർ ഇതിനെ പറ്റി ഓർക്കുന്നുവെന്ന് അറിയില്ല. സാങ്കേതികതയുടെ വലിയൊരു പോരായ്മയാണിതെന്ന് പറയാതിരിക്കാൻ വയ്യ. ഏതൊരു ഉൽപ്പന്നവും പ്രത്യേകിച്ച് യാതൊരു അതിശയവും പുതുമയും സമ്മാനിക്കുന്നില്ലെങ്കിൽ അവയെ പെട്ടന്ന് മറക്കാൻ ഇന്നത്തെ മനുഷ്യൻ ശീലിച്ചിരിക്കുന്നു. തട്ടുപൊള്ളിപ്പൻ പാട്ടുകൾ പെട്ടന്ന് ഹിറ്റായി മാറി അതിലും പെട്ടന്ന് മറവിയിലേയ്ക്ക് വീണുപോകുന്നത് പോലെയുള്ള അനുഭവമാണ് ഇത്. ഇമെയിലിന്റെയും, വാട്സാപ്പിന്റെയും ലോകത്ത് കത്തെഴുത്തിനെ വീണ്ടും തിരികെ കൊണ്ടുവരുന്ന ചിലരെങ്കിലും ഇന്നും നമ്മുടെ ചുറ്റുമുണ്ടെന്ന ഒരു വാർത്ത വായിച്ചതോർക്കുന്നു. എല്ലാ അധികമാകുന്പോൾ മടുപ്പ് സ്വാഭാവികം. പിന്നെ ബാക്കിയാകുന്നത് ഓർമ്മകളെ തിരികെ പിടിക്കാനുള്ള ശ്രമം മാത്രം..