ആരോഗ്യം സർവധനാൽ...
പ്രദീപ് പുറവങ്കര
തണുപ്പ് കാലം അസുഖങ്ങളുടെ കൂടി കാലമാണ് പ്രവാസി കുടുംബങ്ങൾക്ക്. പുലർകാലങ്ങളിൽ ഈ തണുപ്പിൽ എഴുന്നേൽക്കാനുള്ള മടി വേറെ. കുട്ടികൾക്ക് മിക്കവാറും പനിയും മറ്റ് രോഗങ്ങളും ഈ കാലവസ്ഥയിൽ സാധാരണ കണ്ടുവരുന്നതാണ്. പ്രവാസ ലോകത്ത് ലഭ്യമായ മികച്ച ചികിത്സാസേവനങ്ങളെ പരമാവധി ഉപയോഗപ്പെടുത്താനും മിക്കവരും ഈ നേരത്ത് ശ്രദ്ധിക്കുന്നു. അതേസമയം ചിലർ സ്വയം ചികിത്സകൾക്കും മുതിർന്ന് വലിയ അപകടങ്ങളും വിളിച്ചു വരുത്തുന്നു. പ്രവാസ ലോകത്ത് വേദനസംഹാര ഗുളികകൾ ഒഴിവാക്കാൻ പറ്റാത്തതാണ്. ഈ ഗുളികകളാണ് പനി വന്നാലും, ജലദോഷം വന്നാലും, ചുമ വന്നാലുമൊക്കെ എടുത്തുപയോഗിക്കുന്ന ഒറ്റമൂലി. ഇത്തരം മരുന്നുകളുടെ ഉപയോഗം സംബന്ധിച്ചു പല അബദ്ധധാരണകളും പുലർത്തുന്നവരാണു നാം. രോഗങ്ങളെയും ആരോഗ്യസംരക്ഷണത്തെയും കുറിച്ചുള്ള അൽപ്പജ്ഞാനം പലരെയും അപകടത്തിലേക്കു തള്ളിവിടുന്നു. അങ്ങിനെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള മരുന്ന് ആരോഗ്യം നശിക്കാൻ ഇടയാക്കുന്നു. വേദനസംഹാരികളുടെ ഉപയോഗം ഇന്ന് കേരളത്തിലും ഏറെ കൂടുതലാണ്. ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗത്തിലും തികഞ്ഞ അശ്രദ്ധ പുലരുന്നു. ഡോക്‌ടർമാരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കാത്തതും ഡോക്‌ടർമാരുടെ സഹായമില്ലാതെ ചികിത്സാതീരുമാനങ്ങൾ എടുക്കുന്നതും അപകടത്തിലേക്കു വഴി തുറക്കുകയാണ്. ഇന്ത്യൻ വിപണിയിൽ ലഭ്യമായ ആന്‍റിബയോട്ടിക്കുകളിൽ 64 ശതമാനവും അംഗീകാരമില്ലാത്തവയാണെന്നു ബ്രിട്ടനിലെ ക്വീൻ മേരി, ന്യൂകാസിൽ സർവകലാശാലകളിലെ ഗവേഷകർ ഈയിടെ പ്രസിദ്ധീകരിച്ച ഒരു പഠനറിപ്പോർട്ട് പറയുന്നു. ഇങ്ങനെയുള്ള മരുന്നുകൾ പലതും ശരീരത്തിന്‍റെ സ്വാഭാവിക പ്രതിരോധശേഷി കുറയ്ക്കും.
ആന്‍റിബയോട്ടിക്കുകളുടെ അമിതവും വിവേചനരഹിതവുമായ ഉപയോഗത്തിൽ ഈ റിപ്പോർട്ട് ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. വിദേശരാജ്യങ്ങളിൽ നിരോധിച്ച മരുന്നുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ വിൽക്കുന്നുണ്ട്. ഔഷധങ്ങൾ പരിശോധിക്കാൻ ഇവിടെ പ്രത്യേക വകുപ്പും ഉദ്യോഗസ്ഥരുമൊക്കെയുണ്ടെങ്കിലും പരിശോധന കാര്യക്ഷമമല്ല എന്നാണ് വിദഗ്ധർ പറയുന്നത്. ഇന്ന് ലോകത്തിന്റെ മിക്കവാറും രാജ്യങ്ങളിൽ സ്വകാര്യ മേഖലയാണ് ആരോഗ്യസംരക്ഷണത്തിന്‍റെ സിംഹഭാഗവും കൈകാര്യം ചെയ്യുന്നത്. മരുന്നുകന്പനികളും ഡോക്‌ടർമാരും തമ്മിലുള്ള അവിഹിത ബന്ധത്തെക്കുറിച്ചുള്ള പരാതികൾക്ക് ഒരിക്കലും അവസാനമില്ല. വൈദ്യശാസ്ത്രത്തിന്‍റെ ധാർമികമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവരാണ് ഒട്ടുമിക്ക ഡോക്‌ടർമാരുമെങ്കിലും അങ്ങനെയല്ലാത്തവർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വലുതാണ്. നിയമപരമായ നിയന്ത്രണങ്ങൾ കർശനമാക്കുകയും നീതിയുക്തമായി പ്രവർത്തിക്കുന്നവരെ ബുദ്ധിമുട്ടിലാക്കാതിരിക്കുകയും വേണം. പകർച്ചവ്യാധികൾ വ്യാപകമാകുന്ന അവസരങ്ങളിലാണ് ഗുണനിലവാരം കുറഞ്ഞ മരുന്നുകൾ വിപണിയിൽ കൂടുതലായി എത്തുന്നത്. പ്രവാസലോകത്തും ആരോഗ്യരംഗത്ത് ആശാസ്യമായ പ്രവർത്തനങ്ങൾ നടത്താത്ത ധാരാളം പേരുണ്ട്. അതു കൊണ്ട് തന്നെ ആരോഗ്യം സംരക്ഷിക്കാൻ മുൻകെയൈടുക്കുന്പോൾ ആ രക്ഷകരെന്ന് കരുതുന്നവർ തന്നെ ശിക്ഷിക്കുന്നവരായി മാറാതെ സൂക്ഷിക്കുക. പാരന്പര്യ വൈദ്യശാസ്ത്രത്തിന്റെ പേരിലുള്ള കള്ള നാണയങ്ങളെയും തിരിച്ചറിയുക എന്ന ഓർമ്മപ്പെടുത്തലോടെ...