വായ മൂടികെട്ടരുത്...


പ്രദീപ് പുറവങ്കര

ജനാധിപത്യത്തിന്റെ അടിസ്ഥാന സ്തഭങ്ങളിൽ നാലാമത്തേതാണ് മാധ്യമങ്ങൾ. ആ മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തെ പറ്റി ഒരു ജനാധിപത്യ രാജ്യത്തിലെ പ്രജകൾ ഇടയ്ക്കിടെ സംസാരിക്കേണ്ടി വരുന്നത് തന്നെ ഒരു തരത്തിൽ പറഞ്ഞാൽ അശ്ലീലമാണ്. കാരണം മാധ്യമസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാനുള്ള ഏതു ശ്രമവും ജനാധിപത്യവിരുദ്ധമാണ്. ഭരണഘടന അതിന്‍റെ 19(1) അനുച്ഛേദത്തിലൂടെ ഉറപ്പുതരുന്ന അഭിപ്രായസ്വാതന്ത്ര്യം ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ജീവവായുവാണ്. ഇക്കാര്യം ഏറ്റവും നന്നായി മനസിലാക്കിയിട്ടുള്ളതും മനസിലാക്കേണ്ടതും ജനാധിപത്യത്തിലെ മൂന്നാമത്തെ സ്തംഭമായ നിയമ വ്യവസ്ഥയാണ്. മിക്കവാറും എല്ലാ കാലത്തും മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതും ഇതേ നിയമ വ്യവസ്ഥ തന്നെയാണ് എന്നതിലും തർക്കമില്ല. ഇനി അഥവാ തെറ്റായിട്ട് ഒരു ഉത്തരവ് ഒരു കീഴ്കോടതി പുറപ്പെടുവിച്ചാൽതന്നെ മേൽക്കോടതികൾ അവ തിരുത്തുകയും ചെയ്യും. 

ഈ വിഷയം ഇന്ന് ചർച്ച ചെയ്യാനുള്ള ഒരു കാരണം കരുനാഗപ്പള്ളി സബ് കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഒരു ഉത്തരവിനെ തുടർന്നാണ്. ഭരണകക്ഷിയിലെ ഒരു എംഎൽഎയുടെ മകൻ കൊടുത്ത ഹർജിയിലാണു ഒരു കേസുമായി ബന്ധപ്പെട്ടു മാധ്യമങ്ങൾ ചർച്ചകളോ റിപ്പോർട്ടിംഗോ പ്രസ്താവനകളോ നടത്താൻ പാടില്ലെന്ന ഉത്തരവ് വന്നത്. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടക്കാനിരുന്ന ഒരു പത്രസമ്മേളനം ഇതിന്‍റെ അടിസ്ഥാനത്തിൽ മാറ്റിവയ്ക്കപ്പെട്ടു. പ്രസ് ക്ലബ്ബിന്‍റെ നോട്ടീസ് ബോർഡിലാണു കോടതിയുടെ താത്കാലിക ഉത്തരവു പതിച്ചത്. രാഷ്‌ട്രീയനേതാക്കളുടെയും ജനപ്രതിനിധികളുടെയും മക്കളോ ബന്ധുക്കളോ ഉൾപ്പെട്ട സാന്പത്തിക കുറ്റകൃത്യങ്ങളോ മറ്റു കേസുകളോ റിപ്പോർട്ട് ചെയ്യുന്നതിൽനിന്നു മാധ്യമങ്ങളെ തടയാൻ കോടതിക്കു സാധിക്കുമോ എന്ന ചോദ്യമാണ് ഇപ്പോൾ ചർച്ചകളിൽ ഉയരുന്നത്. ഈ ഉത്തരവിനെ പിന്താങ്ങുന്ന ചില നിയമവശങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും വിശാലമായ അർഥത്തിൽ ഇത്തരമൊരു ഉത്തരവിനു നിയമസാധുതയില്ലെന്നു തന്നെ നീതിന്യായ മേഖലയുമായി ബന്ധപ്പെട്ടവർ വിശദീകരിക്കുന്നു. 

ഏറെ ജനാധിപത്യധ്വംസനങ്ങളും നീതിനിഷേധങ്ങളും അതിജീവിച്ചാണ് ഇന്ത്യൻ ജനാധിപത്യം ഇന്നും നിലനിൽക്കുന്നത്. അതിനിടയിൽ ഇതു പോലെ പൗരാവകാശധ്വംസനത്തിന്‍റെയും മാധ്യമസ്വാതന്ത്യ ധ്വംസനത്തിന്‍റെയും പുതിയ ഉദാഹരണങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നത് ഖേദകരമാണ്. നമ്മുടെ നാട്ടിലെ മാധ്യമങ്ങളുടെ വളർച്ച പൗരാവകാശങ്ങൾക്കും ജനാധിപത്യാവകാശങ്ങൾക്കും ഏറെ കരുത്തു പകർന്നിട്ടുള്ള കാര്യമാണ്.  അതുകൊണ്ട് തന്നെ പൊതുജനം ഇന്നും മാധ്യമങ്ങളെ വിശ്വസിക്കുന്നു. ആ വിശ്വാസം ചൂഷണം ചെയ്യുന്നതും സത്യത്തിൽനിന്ന് അകലുന്നതുമായ പ്രവർത്തനങ്ങൾ ചിലപ്പോഴൊക്കെ മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ടെന്നതു വാസ്തവമാണ്. എന്നാൽ മാധ്യമങ്ങളെയാകെ താറടിക്കാനും മാധ്യമങ്ങളൊന്നും വിശ്വാസയോഗ്യമല്ലെന്നു വരുത്തിത്തീർക്കാനും നടക്കുന്ന ശ്രമങ്ങൾ അംഗീകരിക്കാനാവില്ല. കാരണം മാധ്യമങ്ങളെ ആദരിക്കുന്പോൾ സമൂഹം സത്യത്തിൽ ആദരിക്കുന്നത് ജനാധിപത്യ വ്യവസ്ഥയെ തന്നെയാണ്. ഒപ്പം തുറന്ന് പറയാനുള്ള സ്വാതന്ത്ര്യത്തെ കൂടിയാണെന്ന് മാത്രം ഇവിടെ ഓർമ്മപ്പെടുത്തട്ടെ. 

You might also like

Most Viewed