ലാളിത്യം ബാധ്യതയല്ല...
പ്രദീപ് പുറവങ്കര
ഓരോ മനുഷ്യനും അവനവന്റെ താത്പര്യത്തിന് അനുസരിച്ചാണ് ജീവിതം മുന്പോട്ട് കൊണ്ടുപോകുന്നത്. ചിലർ ലളിതമായി ജീവിക്കുന്പോൾ മറ്റ് ചിലർ അത്യാംഡബരത്തോടെ ജീവിക്കുന്നു. ഇട്ട് മൂടാൻ പണമുണ്ടെങ്കിൽ പോലും ലുബ്ധിച്ച് ജീവിക്കുന്നവരും ഏറെ. കഷ്ടപ്പെട്ടിട്ടാണെങ്കിൽ പോലും കടം വാങ്ങിയും ചമഞ്ഞ് നടക്കാൻ താത്പര്യമുള്ളവരും ധാരാളം. അതു പോലെ ചില ജോലികളിൽ ലാളിത്യവും ആഡംബരവും ഒരു പോലെ ആവശ്യമാണ്. അങ്ങിനെയല്ലാതെ നടക്കാൻ പറ്റുന്നത് വിരലിൽ എണ്ണാൻ പറ്റുന്നവർക്ക് മാത്രമാണ്. ഉദാഹരണത്തിന് നമ്മുെട രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ പോലെ ഒറ്റമുണ്ടുമണിഞ്ഞ് വട്ടമേശ സമ്മേളനത്തിന് പോകാൻ ഇന്നാരും തന്നെ ധൈര്യം കാണിക്കില്ല. ഗൾഫ് നാടുകളിൽ ആദർശ ജീവിതം നയിക്കുവാൻ ആഗ്രഹിക്കുന്ന എത്രയോ നല്ല സുഹൃത്തുകൾ നമുക്കൊക്കെ ഉണ്ടാകും. പക്ഷെ അവർ കൈകാര്യം ചെയ്യുന്ന ജോലിയും ഉത്തരവാദിത്വവും ചിലപ്പോഴൊക്കെ വേഷം കെട്ടി നടക്കാൻ അവരെ നിർബന്ധിതരാക്കും. എന്നാൽ ചില ജോലികൾ ചെയ്യുന്നവരിൽ പൊതു സമൂഹം എന്നും ഒരു മാത−ൃക തേടും. അത് ഒരു ശീലമാണ്. കുറ്റം പറയാൻ സാധ്യമല്ല.
മുന്പൊരിക്കൽ ഒരു മതമേലദ്ധ്യക്ഷൻ ബഹ്റൈനിൽ വന്നപ്പോൾ ലാളിത്യത്തെ പറ്റിയും അത് ശീലിക്കേണ്ടതിനെ പറ്റിയും വാർത്താസമ്മേളനത്തിൽ ഏറെ സംസാരിച്ചു. വാർത്ത സമ്മേളനമായത് കൊണ്ട് ഒരു ചോദ്യം ചോദിച്ചു. ആ സമ്മേളനം നടന്നത് ഇവിടെയുള്ള ഒരു പഞ്ചനക്ഷത്ര ഹൊട്ടലിൽ വെച്ചായിരുന്നു. അവിടെയുള്ള ഒരു മുറിയിൽ തന്നെയായിരുന്നു അദ്ദേഹത്തിന്റെ താമസവും. അതിനെ പറ്റിയായിരുന്നു ചോദ്യം. അദ്ദേഹം മറുപടി ഒന്നും തന്നില്ല. ഭക്ഷണം കഴിക്കാനിരിക്കുന്പോഴാണ് അദ്ദേഹത്തിന്റെ കൈയിലെ ലക്ഷങ്ങൾ വിലമതിക്കുന്ന വാച്ച് ശ്രദ്ധിച്ചത്. പിന്നീട് അദ്ദേഹം അവിടെ നിന്ന് മറ്റൊരു പരിപാടിയിലേയ്ക്ക് പോയത് ഏറ്റവും മുന്തിയ ഒരു കാറിലായിരുന്നു. അത് സ്വന്തമല്ലെങ്കിൽ പോലും കുറച്ച് കൂടി ലാളിതമാകാമായിരുന്നില്ലേ എന്ന ഒരു ചോദ്യം അന്ന് അവശേഷിച്ചു.
പൊതുപ്രവർത്തകരിൽ തന്നെ രണ്ട് പേരുണ്ട്. ഒന്ന് ശന്പളവും ആനുകൂല്യങ്ങളും ലഭിക്കുന്നവർ. മറ്റൊന്ന് ഒന്നും കിട്ടാത്തവർ. ഉദാഹരണത്തിന് പ്രവാസലോകത്തെ സാമൂഹ്യപ്രവർത്തകർ. തങ്ങളുടെ ജീവിതപ്രാരബ്ധങ്ങൾക്കിടയിലും സമയം കണ്ടെത്തി സഹജീവികളെ സഹായിക്കാൻ മുന്നിട്ട് ഇറങ്ങുന്നവരാണ് ഇവിടെയുള്ള പൊതുപ്രവർത്തകർ. ആദ്യം സൂചിപ്പിച്ചവരെ പോലെ പ്രതിഫലം ഒന്നും അവർ ആഗ്രഹിക്കുന്നില്ല. സേവന പ്രവർത്തനങ്ങൾ കാരണം ചില അംഗീകാരങ്ങൾ തേടിയെത്തേക്കാം എന്ന സാദ്ധ്യത മാത്രം ഇവരുടെ മുന്പിൽ ഉണ്ടാകും. അതേ സമയം അങ്ങിനെ അംഗീകാരം ലഭിച്ച് ഒരു സ്ഥാനത്ത് എത്തി കഴിഞ്ഞാൽ ആ സ്ഥാനത്തിന് പൊതുസമൂഹം ഒരു വിലയിട്ടുണ്ടാകും. അതാണ് ശന്പളവും, ആനുകൂല്യങ്ങളുമായി അയാളെ തേടിയെത്തുന്നത്. അത് വാങ്ങിക്കാനോ, വാങ്ങിച്ചിട്ട് ആർക്കെങ്കിലും ദാനം നൽകാനോ, വാങ്ങിക്കാതിരിക്കാനോ ഉള്ള പൂർണ അവകാശം ആ സ്ഥാനത്ത് ഇരിക്കുന്നയാൾക്ക് മാത്രമാണ്. സമൂഹം തന്നെ ഒരു പൊതുപ്രവർത്തകന് ഒരവകാശം അനുവദിച്ച് നൽകിയതിന് ശേഷം അതുപയോഗപ്പെടുത്തുന്പോൾ കുറ്റം പറയുന്നതിൽ വലിയ ന്യായമുണ്ടെന്നും തോന്നുന്നില്ല. അത് കണ്ണട മുതൽ ലോകം ചുറ്റി സഞ്ചരിക്കാനുള്ള അവസരം വരെ അങ്ങിനെ തന്നെ...