ഒരു പോരാളിയുടെ ജീവിതം...
പ്രദീപ് പുറവങ്കര
ഒരു ജനാധിപത്യ സമൂഹത്തിൽ നീതിരാഹിത്യം ഉണ്ടാകുന്പോൾ ജനങ്ങൾ പ്രതിക്ഷേധിക്കാറുണ്ട്. സമരം ചെയ്യാറുണ്ട്. ചില പ്രതിക്ഷേധങ്ങൾ ഭരണാധികാരികളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും തുടർന്ന് ആശ്വാസ നടപടികൾ ഉണ്ടാവുകയും ചെയ്യുന്നു. എന്നാൽ ഭൂരിഭാഗം പ്രതിക്ഷേധങ്ങളും കാലത്തിന്റെ തിരക്കിട്ട ഓട്ടപാച്ചലിൽ പതിയെ അലിഞ്ഞില്ലാതാകുന്നതായിട്ടാണ് നമ്മുടെ ഒക്കെ അനുഭവം.
കുറച്ച് നാൾ മുന്പ് നമ്മുടെ നാട്ടിൽ ഒരു സമരം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. തന്റെ സഹോദരന്റെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട 782 ദിവസം നീണ്ടു നിന്ന ശ്രീജിത്ത് എന്ന വ്യക്തിയുടെ സമരമായിരുന്നു അത്. സമൂഹമാധ്യമങ്ങളിലൂടെ ആ വാർത്ത പരന്നതിനെ തുടർന്ന് സർക്കാറിന് മേൽ സമ്മർദ്ദമേറുകയും പിന്നീട് സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് ശേഷം അദ്ദേഹം സമരം നിർത്തിയിരുന്നു. എന്നാൽ ഇന്ന് വീണ്ടും അദ്ദേഹം തന്റെ സഹന സമരം ഒരിക്കൽ കൂടി ആരംഭിച്ചിരിക്കുകയാണ്. അതിന് അദ്ദേഹം പറയുന്ന പ്രധാന കാരണം ഇപ്പോൾ പ്രഖ്യാപിച്ച അന്വേഷണത്തിൽ വിശ്വാസമില്ലെന്നതാണ്. ഒപ്പം തന്റെ ജീവനും ഇപ്പോൾ ഭീഷണിയുണ്ടെന്നും അദ്ദേഹം പറയുന്നു. അന്വേഷണത്തിനുപരിയായി തന്റെ സഹോദരന്റെ മരണത്തിന്റെ ഉത്തരവാദികളെ പിടികൂടുക എന്നതാണ് തന്റെ ലക്ഷ്യമെന്നും സഹോദരന്റെ മരണം കസ്റ്റഡി മരണമായതുകൊണ്ട് തന്നെ അന്വേഷണം പ്രഹസനമാകുന്നുവെന്നും ശ്രീജിത്ത് പറയുന്നു.
പുറമെ നിന്ന് നോക്കുന്പോൾ ശ്രീജിത്തിന്റെ ഈ പെരുമാറ്റത്തിൽ ഒരു ശരിയില്ലെന്ന് തോന്നിയേക്കാം. യുക്തിയില്ലാത്ത ചിന്തയാണ് ഇതെന്ന് ആരോപിക്കാം. നമ്മളിൽ ഭൂരിഭാഗം പേർക്കും ഈ കാര്യത്തിൽ സർക്കാർ ചെയ്യേണ്ടത് ചെയ്തു കഴിഞ്ഞില്ലെ എന്ന തോന്നലാണ് അതിന് കാരണം. അതേസമയം ശ്രീജിത്തിന്റെ ഭാഗത്ത് നിന്ന് ചിന്തിക്കാൻ തുടങ്ങിയാൽ ഈ സമരത്തിന്റെ ഉദ്ദേശം മനസിലാകും. രണ്ട് വർഷത്തിലധികം ഒരു ആവശ്യത്തിന്റെ പൂർത്തീകരണത്തിന് വേണ്ടി വെയിലും മഴയും ഏറെ കൊണ്ട ഒരു മനുഷ്യനാണിത്. ജയിക്കുമെന്ന് ഒരുറപ്പുമില്ലാതെയാണ് അദ്ദേഹം അവിടെ വെറും തറയിൽ ദിവസങ്ങളോളം കിടന്നത്. ഈ നാളുകളിൽ ഒന്നും തന്നെ ആരെയും വിശ്വസിക്കാവുന്ന അവസ്ഥയിൽ അല്ലായിരുന്നു ശ്രീജിത്ത്. ഇതേ അവസ്ഥ ഇപ്പോഴും തുടരുന്നുവെന്നത് കൊണ്ടാണ് അദ്ദേഹം വീണ്ടും സമരപന്തലിൽ എത്തിയിരിക്കുന്നത്. താൻ ഇനിയും ചതികപ്പെടുമോ എന്നയാൾ സ്വാഭാവികമായും കരുതുന്നു. സ്വന്തം വീട്ടിനേക്കാൾ അയാൾ സുരക്ഷിതമായി കരുതുന്നത് സെക്രട്ടേറിയറ്റ് നടയിലെ കിടത്തമാണ്. അവിടെ ക്യാമറ ഉള്ളത് കൊണ്ട് ധൈര്യമാണെന്ന് പലവട്ടം മുന്പും ശ്രീജിത്ത് പറഞ്ഞിരുന്നു. തന്റെ അനുജന്റെ കൊലപാതകികൾ ഇവിടെ വന്ന് തന്നെയും കൊല്ലില്ലെന്ന് അയാൾ വിശ്വസിക്കുന്നു. ആ കൊലപാതകികൾക്ക് ശിക്ഷ വാങ്ങി കൊടുക്കാനുള്ള അലച്ചിലിൽ ഉണ്ടായ അനുഭവങ്ങളും കഠിന സമരവും ഒക്കെ ചേർന്ന്, ശ്രീജിത്ത് എന്ന ഒരു സാധാരണക്കാരനെ ഒരു പോരാളിയാക്കി കാലം മാറ്റിയിരിക്കുന്നു. സമരങ്ങൾ അങ്ങിനെയാകണം. തോൽക്കുവാനാണ് വിധിയെങ്കിലും, മാറി നിൽക്കുവാൻ ഒരു പോരാളിക്ക് സാധിക്കില്ല തന്നെ !!