വീ­ണ്ടും ഒരു­ പ്രവേ­ശന കാ­ലം...


പ്രദീപ് പുറവങ്കര

ബഹ്റൈൻ അടക്കമുള്ള പ്രവാസ ലോകത്ത് ഇപ്പോൾ പുതിയ അദ്ധ്യയന വർഷത്തിന്റെ പ്രവേശന കാലമാണ്. ഉന്നതമായ പഠനത്തിനൊക്കെ തയ്യാറെടുക്കുന്നത് പോലെ നഴ്സറി സ്കൂളിലെ കുട്ടികളെ പോലും രാവും പകലും എന്നില്ലാതെ ട്വിങ്കിൾ ട്വിങ്കിളും, ജോണി ജോണി യെസ് പപ്പായുമൊക്കെ പഠിപ്പിച്ച് പ്രവേശന പരീക്ഷയ്ക്ക് ഇരുത്തുന്ന തിരക്കിലാണ് രക്ഷിതാക്കൾ. പ്രവാസലോകത്ത് ഉടലെടുത്ത സാന്പത്തിക പ്രതിസന്ധി മൂലം ആളുകൾ തിരികെ നാട്ടിലേയ്ക്ക് പോകുന്നു എന്ന പരാതിയുടെ നേർ വിപരീതമായ സൂചനങ്ങളാണ് മിക്ക സ്കൂളിലെയും പ്രവേശനവാർത്തകൾ നൽകുന്നത്. എവിടെയും സീറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ് ഉള്ളത്. ഇവിടെയുള്ള ഗവൺമെന്റ് നിഷ്കർഷിക്കുന്ന സീറ്റുകളൊക്കെ കവിഞ്ഞിട്ടും പിന്നെയും എത്രയോ പേർ പ്രവേശനം കാത്ത് പുറത്ത് നിൽക്കുന്നു. എന്ത് തന്നെ പ്രതിസന്ധി വന്നാലും ഗൾഫിനെ അത്ര പെട്ടന്ന് വിടാൻ മലയാളിക്ക് ആകുന്നില്ല എന്നതിന്റെ തെളിവായിട്ട് ഇതിനെ കാണാം. 

കഴിഞ്ഞ ദിവസം കേരളത്തിന്റെ ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരിപ്പിച്ചപ്പോൾ നമ്മുടെ നാട് കടന്നുപോകുന്ന സാന്പത്തിക പ്രതിസന്ധികളെ പറ്റി പറയുകയുണ്ടായി. ദേശീയതലത്തിലെ സാന്പത്തിക മുരടിപ്പ്, നികുതി ഘടനയിൽ ജി.എസ്.ടി ഉണ്ടാക്കിയ വ്യതിയാനം, ശന്പള വർദ്ധന, സർക്കാർതലത്തിലെ അനിയന്ത്രിത ചെലവ് എന്നിവയാണ് ഈ പ്രതിസന്ധിക്ക് കാരണമായി അദ്ദേഹം ചൂണ്ടി കാണിച്ചത്. ഒരു നൂൽപാലത്തിലെന്ന പോലെയാണ് കേരളം സഞ്ചരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. എന്നാൽ ധനനഷ്ടത്തിന് കാരണമായ ഒരു കാര്യം അദ്ദേഹം വിട്ടുപോയിട്ടുണ്ട്. അത് കേരളത്തിന്റെ സാന്പത്തിക അടിത്തറ സുശക്തമാക്കിയ പ്രവാസ ലോകത്ത് നിന്നുള്ള വരുമാനത്തിൽ ദിനം പ്രതിയുണ്ടാകുന്ന ഇടിവാണ്. മുന്പ് ഇവിടെ ലഭിച്ചിരുന്ന വരുമാനത്തിന്റെ ഭൂരിഭാഗം നാട്ടിലേയ്ക്ക് അയക്കാൻ തിരക്ക് കൂട്ടിയ പ്രവാസി ഇപ്പോൾ ആ തുക പ്രവാസ ലോകത്ത് തന്നെ ചെലവഴിക്കുകയാണ്. പ്രത്യേകിച്ച് കുടുംബവുമായി താമസിക്കുന്നവർ. ഇത്രയും ബുദ്ധിമുട്ടിയാണെങ്കിലും അവർ ഇവിടെ തന്നെ പിടിച്ചു നിൽക്കുന്നതിന്റെ കാരണം നാട്ടിലെ ജീവിതം സുഖകരമല്ല എന്ന ഉത്തമ വിശ്വാസം കൊണ്ട് തന്നെയാണ്. ഗൾഫിൽ എത്ര നികുതി കൊടുത്താലും ശരി, സാധനങ്ങൾക്ക് വില കൂടിയാലും ശരി, എങ്ങിനെയെങ്കിലും ഇവിടെ പിടിച്ചു നിൽക്കണമെന്ന ആഗ്രഹം തന്നെയാണ് മിക്കവരും വെച്ചു പുലർത്തുന്നത്. നാട്ടിൽ നിന്ന് ഗൾഫിലേയ്ക്ക് വരണമെന്ന് അഗ്രഹിക്കുന്നവരുടെ എണ്ണത്തിലും വലിയ കുറവുണ്ടായിട്ടില്ല. ഇത് സൂചിപ്പിക്കുന്നത് നാട്ടിലെ അരക്ഷിതാവസ്ഥയാണ്. തിരികെ വന്നാൽ വെറുതെ ഒന്നും ചെയ്യാൻ പറ്റാത്ത ഉപയോഗശൂന്യമായ ഒരു വസ്തു എന്ന ലേബലൊട്ടിക്കേണ്ടി വരുമോ എന്ന ആശങ്ക പ്രവാസികളുടെ ഇടയിൽ ഇപ്പോഴും സജീവമായി നിലനിൽക്കുന്നു എന്നതും യാത്ഥാർത്ഥ്യമാണ്. ശ്രീ തോമസ് ഐസക്ക് പറഞ്ഞത് പോലെ കടുത്ത സാന്പത്തിക അച്ചടക്കം പാലിക്കുന്നവരാണ് ഇന്നത്തെ പ്രവാസികൾ. പക്ഷെ പലപ്പോഴും നാട്ടിലെ കുടുംബങ്ങൾക്ക് ഇത് മനസിലാകാതെയോ പൊരുത്തപ്പെടാതെയോ വരുന്പോഴാണ് അവിടെയും ഇവിടെയും കൂട്ട ആത്മഹത്യകൾ നടന്നുപോകുന്നതെന്ന് മാത്രം ഓർമ്മിപ്പിക്കുന്നു... 

You might also like

Most Viewed