ഒരു ബജറ്റ് കൂടി കഴിയുന്പോൾ...


പ്രദീപ് പുറവങ്കര

കേന്ദ്രസർക്കാരിന്‍റെ കാലാവധി പൂർത്തിയാകുന്നതിനു മുന്പുള്ള അവസാനത്തെ പൂർണ വാർഷിക ബജറ്റ് കാർഷിക, ആരോഗ്യ മേഖലകൾക്ക് ഊന്നൽ നൽകുന്നുണ്ടെങ്കിലും സമഗ്രമായ വിലയിരുത്തലിൽ വലിയ പ്രതീക്ഷയൊന്നും നൽകുന്നില്ല.  അതേസമയം രാജ്യത്തെ കാർഷികമേഖല വളരെ ഗുരുതരമായ സാഹചര്യമാണു നേരിടുന്നതെന്ന ബോധ്യം സർക്കാരിനുണ്ടായിരിക്കുന്നുവെന്നതാണു ബജറ്റ് നൽകുന്ന ഒരു ശുഭസൂചന. പതിനൊന്നു ലക്ഷം കോടി രൂപയാണു ഇതിന്റെ ഭാഗമായി കാർഷികമേഖലയ്ക്കു വായ്പ നൽകുമെന്നു പറയുന്നത്. കാർഷിക മേഖലയെ ഉത്തേജിപ്പിക്കാനുള്ള ചില പ്രഖ്യാപനങ്ങളും ജെയ്റ്റ്‌ലി നടത്തിയിട്ടുണ്ട്. കാർഷികവിപണി വികസനത്തിനായി രണ്ടായിരം കോടി രൂപ നീക്കിവച്ചിരിക്കുന്നു. കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി വിപുലീകരിക്കാനും പദ്ധതിയുണ്ട്. കോർപറേറ്റുകളെയും ബഹുരാഷ്‌ട്രകുത്തകകളെയും പ്രീണിപ്പിക്കുന്നുവെന്ന ദുഷ്‌കീർത്തി മാറ്റിയെടുക്കാനുള്ള ശ്രമമായിരിക്കണം ഇതൊക്കെ. എല്ലാ കാർഷികവിളകൾക്കും ഉത്പാദനച്ചെലവിന്‍റെ ഒന്നര ഇരട്ടി താങ്ങുവില നൽകുമെന്ന പ്രഖ്യാപനം ഇത്തരത്തിലുള്ളതുതന്നെ. ഇതൊക്കെ കാർഷികമേഖലയ്ക്ക് ആശ്വാസമാകുമെങ്കിലും പ്രഖ്യാപനങ്ങളിൽനിന്നു യാഥാർഥ്യത്തിലേയ്ക്ക് ഇതൊക്കെ എത്തുമോ എന്നതാണ് സംശയം. 

കേരളത്തെ സംബന്ധിച്ചിടത്തോളം കേന്ദ്ര ബജറ്റ് തീരെ സന്തോഷകരമല്ല. സംസ്ഥാനം ഗുരുതരമായ സാന്പത്തിക പ്രതിസന്ധി നേരിടുന്നതായി വാർഷിക സാന്പത്തിക അവലോകന റിപ്പോർട്ട് വന്നിരിക്കേ, ഇന്ന് സംസ്ഥാന ധനമന്ത്രി അത് ഒരിക്കൽ കൂടി വ്യക്തമാക്കിയ സാഹചര്യത്തിൽ കേന്ദ്രബജറ്റ് സംസ്ഥാനത്തെ പല വികസനപദ്ധതികളെയും പിന്നോട്ടടിക്കുമെന്നതാണ് സൂചന.   സംസ്ഥാനത്തിനുള്ള നികുതിവിഹിതത്തിൽ വർധനയുണ്ടെങ്കിലും റെയിൽവേയുൾപ്പെടെ ഒട്ടുമിക്ക മേഖലകളിലും തികഞ്ഞ അവഗണനയാണു കേരളം നേരിടുന്നത്. കേരളത്തിൽ റെയിൽവേ വികസനത്തിനുള്ള പുതിയ പദ്ധതികളൊന്നും ഈ ബജറ്റിലും ഇല്ല. പത്തു വിനോദസഞ്ചാരകേന്ദ്രങ്ങളെ പ്രത്യേക ടൂറിസം വികസന പദ്ധതിക്കായി തെരഞ്ഞെടുത്തതിൽ കുമരകത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ആശ്വാസമാണ്. 

കാർഷികമേഖല കഴിഞ്ഞാൽ കേന്ദ്രബജറ്റ് ഊന്നൽ നൽകുന്നൊരു മേഖല ആരോഗ്യസുരക്ഷയാണ്. പത്തു കോടി കുടുംബങ്ങൾക്കു പ്രതിവർഷം അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് ഉറപ്പാക്കുമെന്ന് പറയുന്പോൾ  ഇതിനുള്ള പണമെവിടെ എന്ന ചോദ്യത്തിനു മന്ത്രി ജെയ്‌റ്റ്‌ലി തൃപ്തികരമായ മറുപടി നൽകുന്നില്ല. ഒബാമ കെയർപോലെ മോദി കെയർ എന്നു വിശേഷിപ്പിക്കുന്ന പദ്ധതിയിൽ അന്പതുകോടി ജനങ്ങളെ പങ്കാളികളാക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാൽ തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ കാര്യമായ പദ്ധതികളൊന്നും ബജറ്റിലില്ല.  ബജറ്റിൽ ആദായനികുതി ഇളവുകൾ മിക്കവരും പ്രതീക്ഷിച്ചിരുന്നുവെങ്കിലും  അതുമുണ്ടായില്ല. ആദായനികുതി സ്ലാബിലോ നിരക്കിലോ മാറ്റമില്ല. എന്തായാലും ജിഎസ്ടിയും നോട്ട് നിരോധനവും രാജ്യത്തിന്‍റെ സാന്പത്തിക വളർച്ചയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രിയും ധനമന്ത്രിയും സമ്മതിച്ചുതരില്ലെങ്കിലും ഈ ബജറ്റ് അതിന്‍റെ സൂചനകൾ വേണ്ടുവോളം നൽകുന്നുണ്ട് എന്നും പറയാതെ വയ്യ. 

You might also like

Most Viewed