ഒരു വെടിക്ക് രണ്ട് പക്ഷി...
പ്രദീപ് പുറവങ്കര
മാലിന്യപ്രശ്നങ്ങൾ നമ്മുടെ നാട്ടിൽ ഇന്നും രൂക്ഷമായി തുടരുകയാണ്. മുന്പ് നഗരത്തിൽ മാത്രം ഒതുങ്ങിയിരുന്ന ഈ ഒരു പ്രശ്നം ഗ്രാമങ്ങളിൽ എത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസം വായിച്ച ഒരു വാർത്തയാണ് ഈ വിഷയത്തിലേയ്ക്ക് എത്തിച്ചത്. ദുബൈയിൽ മാലിന്യക്കൂന്പാരങ്ങളിൽ നിന്ന് വൈദ്യുതി ഉത്പാദനം നടത്തുന്ന ഒരു പദ്ധതിയെ പറ്റിയായിരുന്നു ആ വാർത്ത.
പ്രതിദിനം 8000 ടൺ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ദുബായിൽ നിന്നുമാത്രം ഇവയിൽ നിന്ന് ഉല്‍പാദിപ്പിക്കുന്ന 173 മെഗാവാട്ട് വൈദ്യുതി താമസിയാതെ 1.2 ലക്ഷം ഭവനങ്ങളിൽ പ്രകാശം പരത്തും. മാലിന്യത്തിൽ നിന്നുള്ള വൈദ്യുതി അന്തരീക്ഷമലിനീകരണത്തിന്റെ അളവ് ഗണ്യമായി കുറയ്ക്കുക കൂടി ചെയ്യുന്നു. ഇവിടെ ഇത്രയും കാലം മാലിന്യങ്ങൾ മരുഭൂമി പ്രദേശങ്ങളിൽ കുഴിച്ചുമൂടുകയായിരുന്നു രീതി. ഇതുമൂലം ദശലക്ഷക്കണക്കിന് ടൺ കാർബൺ വാതകം അന്തരീക്ഷത്തിലേയ്ക്ക് വമിക്കുന്നതിനും വിരാമമുണ്ടാകും. മാലിന്യങ്ങളിൽ നിന്നു വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള 4500 കോടി രൂപയുടെ പ്ലാന്റാണ് സ്ഥാപിക്കുക. ലോകത്തെ ഏറ്റവും പൊക്കമേറിയ ബുര്‍ജ് ഖലീഫയെ രണ്ടായിരം മടങ്ങ് പ്രകാശമാനമാക്കാനുള്ള വൈദ്യുതിയാണ് ദുബായിലെ മാലിന്യങ്ങളിൽ നിന്ന് ഉല്‍പാദിപ്പിക്കുകയെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഇവിടെ ഉണ്ടാകുന്ന മാലിന്യങ്ങളിൽ 5000 ടണ്ണും വീടുകളിൽ നിന്നുള്ളവയാണ്. ഏഴ് വർഷത്തിനുള്ളിൽ ഇവിടെയുള്ള മാലിന്യങ്ങളൊക്കെ വൈദ്യുതിയായി രൂപാന്തരപ്പെടുന്നതോടെ ഉല്‍പാദനം പലമടങ്ങായി വർധിക്കുകയും ദുബായ് സന്പൂർണമായി മാലിന്യവിമുക്തമാവുകയും ചെയ്യും. ഇതിനുപുറമേ ലോകത്തെ ഏറ്റവും വലിയ സൗരോർജ്ജ പദ്ധതിയും ദുബായിലാണ്. മാലിന്യങ്ങളെ വൈദ്യുതി ആക്കാനുള്ള ശ്രമം ഷാർജ്ജയിലും ആരംഭിച്ചു കഴിഞ്ഞു. വഴിയെ മറ്റ് ഗൾഫ് രാജ്യങ്ങളും ഈ രീതി സ്വീകരിച്ചേക്കാം.
മാലിന്യക്കൂനയാകുന്ന കേരളത്തിന് ഈ ഒരു രീതി സ്വീകരിക്കാൻ പറ്റുമെങ്കിൽ ഒരു വെടിക്ക് രണ്ട് പക്ഷി എന്ന നേട്ടമാണ് നമുക്ക് ഉണ്ടാക്കാൻ സാധിക്കുക. ജനങ്ങളുടെ തീരാ തലവേദനയായ മാലിന്യ നിർമാജനത്തിന് ഒരു ശാശ്വത പരിഹാരം ഉണ്ടാകുന്നതിനോടൊപ്പം ആതിരപ്പള്ളി പോലെയുള്ള സ്ഥലങ്ങളിൽ ജലവൈദ്യുതി പദ്ധതി ഉണ്ടാക്കി പരിസ്ഥിതിയെ തകിടം മറിക്കുന്ന അവസ്ഥയും ഇതോടെ ഇല്ലാതാകും. ജലവൈദ്യുത പദ്ധതികളെപോലെ ഭാരിച്ച ആവർത്തനച്ചെലവില്ലാത്തതും ഏറെ ഗുണകരമാകും. കേരളത്തിലെ ഭരണാധികാരികൾ ഈ ഒരു കാര്യത്തെ പറ്റി ഗൗരവമായി ചിന്തിക്കണം. അത് മാത്രമല്ല, ദുബൈ പോലെ മലയാളികൾ തിങ്ങി പാർക്കുന്ന ഒരു രാജ്യത്ത് മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന പദ്ധതിയിൽ നിരവധി മലയാളികളുടെ സാന്നിദ്ധ്യവും ഉണ്ടായേക്കാം. അവരുടെ ബുദ്ധിശക്തിയും സാങ്കേതിക ജ്ഞാനവും കൂടി ഉപയോഗപ്പെടുത്തുകയാണെങ്കിൽ നമ്മുടെ കേരളത്തിന് അത് വലിയ ഗുണം ചെയ്യും. ഇടയ്ക്കിടെ ഗൾഫ് രാജ്യങ്ങളും, ദുബായുമൊക്കെ സന്ദർശിക്കുന്നവരാണല്ലോ നമ്മുടെ നേതാക്കൾ. അവരെ ഇത്തരം പുതിയ പദ്ധതികൾ പരിചയപ്പെടുത്താൻ പ്രവാസികൾക്ക് സാധിക്കട്ടെ എന്നാഗ്രഹത്തോടെ...