യുവത്വം ഉറങ്ങരുത്...


പ്രദീപ് പുറവങ്കര

നിഷ്ക്രിയത്വം ഒരു അലങ്കരമായി മനുഷ്യർ കൊണ്ടു നടക്കുന്പോഴാണ് ഒരു സമൂഹം തന്നെ ദുഷിച്ചുപോകുന്നത്. കഴി‍‍ഞ്‍ഞ ദിവസം കൊച്ചിയിൽ ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്ന് ഒരാൾ താഴെ വീഴുകയും, അത് കണ്ടുകൊണ്ടിരുന്നവർ ആരും ഒന്നും തന്നെ ചെയ്യാതെ പത്ത് മിനിട്ടോളം പരസ്പരം നോക്കിയിരുന്നുവെന്നുമുള്ള വാർത്തയെ പറ്റിയാണ് പറഞ്ഞുവരുന്നത്. ഒടുവിൽ അത് വഴി വന്ന ഒരു അഭിഭാഷകയും മകളും ചേർന്ന് വീണയാളെ ആശുപത്രിയിലെത്തിച്ചു. ഈ സംഭവത്തിൽ ഏറ്റവും വേദന തോന്നിയ കാര്യം ഇവിടെയുണ്ടായിരുന്നവരിൽ വലിയൊരു വിഭാഗം യുവാക്കളായിരുന്നു എന്നതാണ്. 

എന്തും ചെയ്യാൻ ഊർജ്ജമുള്ള കാലമാണ് യൗവനം. ഒരു പ്രതിസന്ധി ഘട്ടത്തിൽ അവർക്കൊന്നും ഇടപ്പെടാൻ സാധിച്ചിട്ടില്ല എന്നതാണ് നമ്മുടെ സമൂഹത്തിനെ ഏറെ ഭയപ്പെടുത്തേണ്ട കാര്യം. വീണയാളെ ആശുപത്രിയിലെത്തിക്കാൻ കൈനീട്ടി വാഹനങ്ങളെ നിർത്താൻ ശ്രമിച്ചപ്പോൾ അവിടെയും ഒരു പ്രതിരണവും ഉണ്ടായില്ലെന്ന് ആ അഭിഭാഷക പറയുന്പോൾ തല താഴ്ത്തേണ്ടി വരുന്നത് മുഴുവൻ സമൂഹത്തിനുമാണ്. ഒരപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകിലെന്ന് നമ്മുടെ സർക്കാർ തന്നെ വ്യക്തമാക്കിയ കാര്യമാണ്. എന്നിട്ടും സഹജീവികളെ കൺമുന്പിൽ മരിക്കാൻ വിട്ടുകൊടുക്കുന്ന ഹൃദയശൂന്യരായി മലയാളികൾ മാറിയിരിക്കുന്നു. 

സ്വന്തം ജീവിത പാച്ചിലിനടയിൽ മറ്റുള്ളവന്റെ ജീവന് എന്തിനാണ് വില നൽകുന്നതെന്ന തരത്തിലുള്ള സ്വാർത്ഥ ചിന്തകളിൽ അഭിരമിച്ചുപോകുന്നതാണ് ഇത്തരം സംഭവങ്ങൾ നമ്മുടെ നാട്ടിൽ നടക്കാൻ കാരണം. പ്രബുദ്ധത വാക്കുകളിലും, ഫേസ് ബുക്ക് സ്റ്റാറ്റസുകളിലും മാത്രം ഒതുക്കുന്നവരായി യുവത്വം മാറുന്പോൾ അതിന് മരുന്ന് കണ്ടെത്തേണ്ടത് മുതിർന്നവരുടെ ഉത്തരവാദിത്വമാണ്. കഴിഞ്ഞ ദിവസം ബഹ്റൈനിലെ പ്രവാസികളെയും വേദനിപ്പിച്ച ഒരു വാർത്ത വന്നിട്ടുണ്ട്. സ്വന്തം പെങ്ങളെ ഉപദ്രവിക്കുന്നത് കണ്ട് അത് ചോദിക്കാൻ പോയ ചെറുപ്പക്കാരനെ ഇരുന്പ് വടി കൊണ്ട് ഒരു ക്രൂരൻ തലക്കടിച്ച് കൊന്നിരിക്കുന്നു. ഈ സംഘർഷവും അവിടെയുള്ള പൊതുജനം വെറുതെ നോക്കി കൊണ്ടിരുന്നു. പത്ത് മിനിട്ടോളം ആ യുവാവ് അതീവ ഗുരുതരാവസ്ഥയിൽ അവിടെ റോഡിൽ കിടന്നുവത്രെ. സത്യത്തിൽ എത്ര മാത്രം സങ്കടകരമാണിത്. അരാജകത്വം ഒരു നാട്ടിൽ നടമാടുന്പോൾ ഭരണവർഗ്ഗം ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കേണ്ടത് അത്യാവശ്യമാണ്. മൊബൈൽ ഫോണിന്റെ നാലതിരുകളിൽ യുവത്വത്തിന്റെ ചോരതിളപ്പ് ഒലിപ്പിച്ചു കളയുന്ന വെറും ഷണ്ഠൻമാരകരുത് മലയാളി യുവകോമളൻമാർ. എത്രയോ സഹന സമരങ്ങളും, ജീവിത യാത്ഥാർത്ഥ്യങ്ങളെയും നേരിട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വെന്നികൊടി പാറിച്ചവരാണ് മുൻ തലമുറയിലെ മലയാളി യുവാക്കൾ. എവിടെ ചെന്നാലും മലയാളിക്കൊരു സീറ്റ് ലഭിക്കുന്നതും ഇതേ ആദരവ് കൊണ്ട് തന്നെയാണ്. ദയവ് ചെയ്ത് അത് ഇല്ലാതാക്കരുത്. അതോടൊപ്പം തന്റെ ഉത്തരവാദിത്വമാണ് കെട്ടിടത്തിൽ നിന്ന് വീണയാളെ ആശുപത്രിയിലെത്തിക്കുക എന്നത് തിരിച്ചറിഞ്ഞ ബഹുമാന്യയായ അഭിഭാഷകയ്ക്ക് ഹൃദയം നിറഞ്ഞ സ്നേഹാഭിവാദ്യവും നേരട്ടെ!! 

You might also like

Most Viewed