വൈകി വന്ന ബുദ്ധി


രാജീവ്‌ ഗാന്ധി, വി.പി സിംഗ്, ചന്ദ്ര ശേഖർ, പി.വി നരസിംഹ റാവു, അടൽ ബിഹാരി വാജ്പേയി, ദേവ ഗൗഡ, ഐ.കെ ഗുജ്്റാൾ, മൻമോഹൻ സിംഗ് എന്നീ മുൻ ഇന്ത്യൻ പ്രധാനമന്ത്രിമാർക്കൊന്നും തോന്നാതിരുന്ന ഒരു ബുദ്ധി നരേന്ദ്ര മോഡിക്ക് ഉണ്ടായിരിക്കുന്നു. നമ്മുടെ രാജ്യത്തിന്‌ ഏറ്റവും അധികം വിദേശ നാണ്യം നേടി തരുന്ന ഒരു സമൂഹത്തെ നേരിട്ട് കാണാനും ആ രാജ്യങ്ങൾ സന്ദർശിക്കാനും അവിടെയുള്ള ഭരണധികരികളെ ഉറ്റ സുഹൃത്തുക്കൾ ആക്കാനും ഉള്ള ബുദ്ധിയാണ് അദ്ദേഹം കാണിച്ചിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ‍ ഏറെ ശ്രദ്ധ ലഭിക്കാനിരിക്കുന്ന സന്ദർ‍ശനമായി ഇത് മാറും എന്നതിന് സംശയമില്ല. നിരവധി പരിപാടികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദർ‍ശനത്തിനോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. രാഷ്ട്രതലവന്‍മാരുടെ കൂടെയുള്ള കൂടിക്കാഴ്ച്ചയ്ക്കൊപ്പം ഇന്ത്യൻ‍ തൊഴിലാളികളെയും അദ്ദേഹം കാണുന്നുണ്ട്.

ഊർ‍ജ്ജ വാണിജ്യ മേഖലകളിൽ‍ സഹകരണം ശക്തമാക്കാനാണ് തന്റെ സന്ദർ‍ശനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മോഡി പറയുന്പോഴും രണ്ട് പ്രധാനപ്പെട്ട കാര്യങ്ങൾക്കാണ് ഈ സന്ദർ‍ശനത്തിൽ‍ ഊന്നൽ‍ നൽ‍കുകയെന്നാണ് നിരീക്ഷർ‍‍ ചൂണ്ടി കാണിക്കുന്നത്. ഒന്ന് അദ്ദേഹത്തിന്റെ വിദേശ രാജ്യങ്ങളിലെ സന്ദർ‍ശന വേളകളിൽ‍ പ്രധാനമായും ലക്ഷ്യമിട്ട വിദേശനാണ്യത്തിന്റെ വർ‍ദ്ധനവ് തന്നെയായിരിക്കും. കൂടുതൽ‍ വ്യാപാര ബന്ധങ്ങൾ‍ ഇന്ത്യയുമായി നടത്താനുള്ള ആഹ്വാനമായിരിക്കും അദ്ദേഹം നടത്തുക. അമേരിക്കയും, ചൈനയും കഴിഞ്ഞാൽ‍ ഏറ്റവുമധികം വിദേശനാണ്യം നമ്മുടെ നാട്ടിൽ‍ വരുന്നത് യു.എ.ഇയിൽ‍ നിന്നാണ്. പ്രവാസികൾ‍ക്കായി നിക്ഷേപം നടത്താൻ‍ വേണ്ടി ബോണ്ടുകൾ‍ പ്രഖ്യാപ്പിക്കാനുള്ള സാധ്യത സാന്പത്തിക വിദഗ്ദ്ധർ‍ കാണുന്നുണ്ട്. 

ഇതിന് പുറമേ ചർ‍ച്ചകളിൽ‍ നിറഞ്ഞ് നിൽ‍ക്കാൻ‍ സാധ്യതയുള്ള കാര്യം ഐ.എസ് തീവ്രവാദവുമായി ബന്ധപ്പെട്ടായിരിക്കും. മേഖലയ്ക്ക് ആകെ മൊത്തം ഭീഷണിയായി അതിവേഗം വളർ‍ന്നു കൊണ്ടിരിക്കുന്ന ഈ ഭീഷണിയെ എങ്ങിനെ ഇല്ലാതാക്കാമെന്നും അതിൽ‍ ഇന്ത്യയുടെ പങ്ക് എന്തായിരിക്കുമെന്നതും ഇവരുടെ ചർ‍ച്ചകളിലെ മുഖ്യ ഇനമായി മാറും എന്നത് ഉറപ്പ്. യു.എ.ഇ മാത്രമാണ് സന്ദർ‍ശിക്കുന്നതെങ്കിലും വളരെ സമീപമായ ഭാവിയിൽ‍ തന്നെ സൗദി അറേബ്യ അടക്കമുള്ള ഗൾ‍ഫ് രാജ്യങ്ങളിൽ‍ മോഡിയെത്തുമെന്നാണ് സൂചനകൾ‍ ലഭിക്കുന്നത്.

യു.എ.ഇ സന്ദർ‍ശനത്തിന്റെ ആദ്യ ദിവസം നരേന്ദ്ര മോഡി അബുദാബിയിലെ ഷെയ്ഖ് സാഈദ് മോസ്ക് സന്ദർ‍ശിക്കും. ഇതിന് ശേഷം 28,000ത്തോളം വരുന്ന ഇന്ത്യൻ‍ തൊഴിലാളികളുടെ ലേബർ‍ ക്യാന്പിൽ‍ അദ്ദേഹം പോകുന്നുണ്ട്. അവിടെ 300ഓളം തൊഴിലാളികളുമായി നേരിട്ട് മുഖാമുഖം നടത്തുമെന്നാണ് മാധ്യമ റിപ്പോർ‍ട്ടുകൾ‍ സൂചിപ്പിക്കുന്നത്. മൂന്നാമതായി ദുബൈ ക്രിക്കറ്റ് േസ്റ്റഡിയത്തിൽ‍ വെച്ച് നടക്കുന്ന പൊതുപരിപാടിയിൽ‍ അന്പതിനായിരത്തോളം വരുന്ന ഇന്ത്യക്കാരെ അദ്ദേഹം അഭിസംബോധന ചെയ്യും. ഇതിൽ‍ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ‍ വളരെ കുറഞ്ഞ ദിവസങ്ങൾ‍ കൊണ്ട് ജനതിരക്ക് കാരണം നിർ‍ത്തിവെയ്ക്കേണ്ടി വന്നിരുന്നു. അത് കൊണ്ട് േസ്റ്റഡിയത്തിന്റെ പുറത്ത് വലിയ സ്ക്രീനുകൾ‍ ഒരുക്കുന്നതിന്റെ തിരക്കിലാണ് സംഘാടകർ‍.

26 ലക്ഷത്തോളം ഇന്ത്യക്കാരാണ് യു.എ.ഇയിൽ‍ താമസിക്കുന്നത്. അതിൽ‍ തന്നെ ബഹുഭൂരിപക്ഷവും മലയാളികളാണ്. ഇന്ത്യൻ‍ പ്രധാനമന്ത്രി വന്നു പോയാൽ‍ നാളെ മുതൽ‍ പ്രവാസികളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കണമെന്നില്ലെങ്കിലും, ആ സന്ദർ‍ശനം തീർ‍ച്ചയായും ഇരു രാഷ്ട്രങ്ങളുടെ ബന്ധം മെച്ചപ്പെടുത്തുക തന്നെ ചെയ്യും എന്നതിൽ‍ സംശയമില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സന്ദർ‍ശനത്തിന് പ്രവാസി സമൂഹം പൂർ‍ണ്ണമായ പിന്തുണ നൽ‍കേണ്ടതുണ്ട്. ഇന്ത്യക്ക് പുറത്ത് ഒരു പ്രധാനമന്ത്രി എന്ന രീതിയിൽ‍ ശ്രീ മോഡി വരുന്പോൾ‍ അവിടെ രാഷ്ട്രീയം തടസ്സമാകാൻ‍ പാടില്ല. പ്രത്യേകിച്ച് ഗൾ‍ഫ്് രാഷ്ട്രങ്ങളിൽ‍. പല വിധ പ്രശ്നങ്ങളാൽ‍ പ്രവാസികൾ‍ അടക്കം അധിജീവനത്തെ പറ്റി ആശങ്കപ്പെടുന്ന ഒരു കാലഘട്ടമാണിത്. അതുകൊണ്ടു തന്നെ പ്രധാനമന്ത്രിയുടെ ഈ സന്ദർ‍ശനം വരും ദിവസങ്ങളിൽ‍ പ്രവാസികളുടെ നിരവധി ചോദ്യങ്ങൾ‍ക്ക് ഉത്തരം നൽ‍കുമെന്ന് നമുക്ക് പ്രത്യാശിക്കാം. 

മൂന്ന് പതിറ്റാണ്ടുകൾ‍ എന്തു കൊണ്ടാണ് ഒരു പ്രധാനമന്ത്രിയും, എത്രയോ ഇന്ത്യക്കാർ‍ക്ക് പോറ്റമ്മയായ ഗൾ‍ഫ് രാഷ്ട്രങ്ങൾ‍ സന്ദർ‍ശിക്കാൻ‍ മിനക്കെടാതിരുന്നത് എന്ന് ആലോചിക്കുന്പോൾ‍ നാടോടിക്കാറ്റിൽ‍ വിജയന്റെയും ദാസന്റെയും ഡയലോഗ് തന്നെയാണ് ഓർ‍മ്മ വരുന്നത്. “ഓരോന്നിനും അതിന്റേതായ സമയമുണ്ട് ദാസാ”...

You might also like

Most Viewed