കുഞ്ഞുങ്ങളെ കാണാതാകുന്പോൾ...


പ്രദീപ് പുറവങ്കര

ഏകദേശം ഒന്നര വർഷമാകുന്നു ബഹുമാനപ്പെട്ട േകരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെ അദ്ദേഹത്തിന്റെ ഓഫീസിൽ ചെന്ന് കണ്ട് ഒരു നിവേദനം നൽകിയിട്ട്. കേരളത്തിൽ കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഭവങ്ങളെ പറ്റി ഒരു അന്വേഷണാത്മക റിപ്പോർട്ട് ഫോർ പി.എം അന്ന് തയ്യാറാക്കിയിരുന്നു. അത് നൽകാനും, ഈ ഒരു പ്രശ്നത്തിൽ സർക്കാർ കുറേ കൂടി ജാഗരൂകരാകേണ്ടതുണ്ടെന്നുമുള്ള കാര്യം സൂചിപ്പിക്കാനാണ്  അന്ന് മുഖ്യമന്ത്രിയുടെ മുന്പിൽ ചെന്നത്്. എല്ലാം ശരിയാക്കാം എന്ന്  അദ്ദേഹവും പറഞ്ഞു. കാലം കുറേ മുന്പോട്ട് പോയിരിക്കുന്നു. ഒന്നും ശരിയാകുന്നില്ലല്ലോ സാറെ എന്ന് പറയേണ്ടി വരുന്നു നാട്ടിൽ നിന്നും കുട്ടികളെ തട്ടികൊണ്ടുപോകുന്ന വാർത്തകൾ പെരുകുന്പോൾ. 

യത്ഥാർത്ഥത്തിൽ നമ്മൾ പൊതുജനങ്ങൾ തന്നെയാണ് കുട്ടികളെ തട്ടികൊണ്ട് പോകുന്നതിനെ പ്രോത്സാഹിപ്പിക്കുന്നത്. കാരണം തട്ടികൊണ്ടുപോകപ്പെടുന്ന കുട്ടികളിൽ വലിയൊരു വിഭാഗം എത്തിപ്പെടുന്നത് യാചക മാഫിയയുടെ കൈയിലാണ്. നമുക്ക് മുന്പിൽ വന്നു കൈനീട്ടുന്ന പിഞ്ചുകൈകൾ അവർക്ക് വേണ്ടിയല്ല അത് ചെയ്യുന്നതെന്നും, അവരെ കൊണ്ട് ചിലർ അത് ചെയ്യിക്കുന്നതാണെന്നും തിരിച്ചറിയാനുള്ള സാമാന്യ ബോധം നമുക്ക് നഷ്ടമാക്കുന്നത് കൊണ്ടാണ് പിന്നെയും പിന്നെയും കുട്ടികളെ തട്ടികൊണ്ടുപോകുന്ന പ്രക്രിയ നിർബാധം നടക്കുന്നത്. ഇനി കൊടുത്തേ തീരു എന്നുണ്ടെങ്കിൽ കുഞ്ഞുങ്ങൾക്ക് പണം നൽകാതെ അവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്നതാണ് നല്ലത്. അല്ലാതെ പണം കൊടുത്ത് യാചനയെ പ്രോത്സാഹിപ്പിക്കരുത്. പലപ്പോഴും ബസ് സ്റ്റാന്റുകളിലും റെയിൽവേ േസ്റ്റഷനുകളിലും നമ്മൾ കാണുന്ന ഒരു കാഴ്ചയുണ്ട്. ഒരു സ്ത്രീയും അവരുടെ കൈയിൽ തുണിയിൽ കിടത്തിയ ഒരു കുഞ്ഞും.രാവിലെ മുതൽ വൈകുന്നേരം വരേക്കും ഈ കുഞ്ഞുങ്ങൾ ഉറങ്ങുകയാവും. ഇത്ര നിശബ്ദമായി ഏത് നേരവും ഉറങ്ങാൻ ഈ കുട്ടികൾക്ക് ഇവർ എന്തായിരിക്കും നൽകുന്നത്. ഈ കുഞ്ഞുങ്ങൾ ഇവരുടേതാണെന്നു  എങ്ങിനെയാണ് നമ്മൾ വിശ്വസിക്കുന്നത്. 

യാചന എന്ന ഈ കച്ചവടത്തിന് പുറമേ അവയവ മാറ്റത്തിനും,സെക്സ് റാക്കറ്റിനുമൊക്കെ വേണ്ടിയാണ് നമുടെ പിഞ്ചോമനകളെ ക്രൂരന്മാരായ തട്ടികൊണ്ടുപോകൽ മാഫിയക്കാർ ഉപയോഗിക്കുന്നത്. നമ്മൾ ഇതിനെതിരെ ശക്തമായി തന്നെ പ്രതികരിക്കേണ്ടതുണ്ട്.സമൂഹത്തിൽ നമ്മുടെ കൺമുൻപിൽ കുട്ടികൾക്ക് നേരെ നടക്കുന്ന അനീതികൾക്കെതിരെ നമ്മൾ കാത് കൂർപ്പിച്ചിരിക്കണം.കുറ്റക്കാരെ നീതി പീഠത്തിനു മുൻപിൽ എത്തിക്കണം.

അതേ സമയം ഇന്ന് സോഷ്യൽ മീഡിയകളിലൂടെ കുട്ടികളെ തട്ടിക്കൊണ്ടു പോയി എന്ന വ്യാജ സന്ദേശങ്ങളും ധാരാളം പ്രചരിക്കുന്നുണ്ട്. നമുക്ക് കിട്ടുന്ന സന്ദേശം ശരിയാണോ എന്നറിഞ്ഞതിന് ശേഷം മറ്റൊരാൾക്ക് ഫോർവേർഡ് ചെയ്താൽ പൊതുവേ സമൂഹത്തിൽ ഉണ്ടാകുന്ന ആവശ്യമില്ലാത്ത ടെൻഷൻ നമുക്ക് ഒഴിവാക്കാൻ കഴിയും. പ്രത്യേകിച്ച് പ്രവാസലോകത്തിലെ വലിയൊരു വിഭാഗം പേരുടെയും കുടുംബങ്ങൾ നാട്ടിലാണ്. മക്കളുടെ കാൽ വളർന്നോ, കൈ വളർന്നോ എന്ന വേവലാതിയോടെ പ്രവാസത്തിന്റെ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് അത് ആശ്വാസമാകും എന്ന ഓർമ്മപ്പെടുത്തലോടെ...

You might also like

Most Viewed