നന്മമരങ്ങൾ പെയ്യുന്പോൾ...
പ്രദീപ് പുറവങ്കര
സോഷ്യൽമീഡിയയുടെ ദുരപയോഗത്തെ പറ്റിയും അതിന്റെ ദോഷ വശങ്ങളെ കുറിച്ചും തോന്ന്യാക്ഷരത്തിൽ ഏറെ തവണ എഴുതിയിട്ടുണ്ട്. സാങ്കേതിക മികവുകൾ മനുഷ്യന്റെ അവന്റെ നന്മക്കായി ഉപയോഗിക്കാത്തത് ചൂണ്ടികാണിക്കാൻ വേണ്ടിയായിരുന്നു മിക്ക കുറിപ്പുകളും എഴുതിയത്. എന്നാൽ ഇത്തരം വേദികളിലൂടെ മനുഷ്യർക്ക് പല വലിയകാര്യങ്ങളും ചെയ്യാൻ സാധിക്കുമെന്നതിന്റെ തെളിവായിരുന്നു കഴിഞ്ഞ ദിവസം ബഹ്റൈനിൽ നടന്നത്. കണ്ണൂരിലെ അഴീക്കോട് സ്വദേശിനിയും പതിമൂന്ന് വയസുകാരിയുമായ ആര്യ എന്ന കുട്ടി രോഗം മൂലം കഷ്ടപ്പെടുന്ന വാർത്ത ടെലിവിഷനിലൂടെ ലോകമറിയുകയും, അത് ബഹ്റൈനിലെ ഒരു സോഷ്യൽ ഗ്രൂപ്പിൽ ചർച്ചയാവുകയും ചെയ്തതോടെയാണ് സംഭവം ഇവിടെയുള്ള നല്ല മനുഷ്യർ ഏറ്റെടുത്തത്. ഇപ്പോൾ ഏകദേശം അഞ്ച് ലക്ഷത്തിൽ പരം രൂപയാണ് സുമനസുകളായ വ്യക്തികളും, സംഘടനകളും സംഭവനായായി ആര്യയുടെ ചികിത്സയ്ക്ക് നൽകുവാൻ പോകുന്നത്. ജീവകാരുണ്യത്തിന്റെ പുതിയൊരു വഴിത്താരയാണ് ബഹ്റൈനിലെ മാന്യ സുഹൃത്തുക്കൾ തുടങ്ങിയിരിക്കുന്നത്. അവർക്ക് അഭിനന്ദനം.
പ്രവാസലോകത്ത് വന്നാൽ രാഷ്ട്രീയ ബോധം ഇല്ലാതാകണം എന്നൊന്നുമില്ല. നമ്മുടെ നാടിന്റെ സ്പന്ദനങ്ങൾ പങ്ക് വെക്കാനും അത് ചർച്ച ചെയ്യാനും വാട്സാപ്പ് പോലെയുള്ള പ്ളാറ്റ്ഫോം ഉപയോഗിക്കുന്നതും മനസിലാക്കാം. പക്ഷെ പലപ്പോഴും പരസ്പരം ഒരിക്കലും കണ്ടുമുട്ടാത്തവർ പോലും വ്യത്യസ്തമായ വിചാരധാരകൾ കാരണം കടിച്ചു കീറുന്നത് കാണാറുണ്ട്. വ്യക്തികളെ ആദരവോടെ നോക്കി കാണുന്നതിന് പകരം വ്യക്തിഹത്യകൾ ഇങ്ങിനെ അരങ്ങേറുന്പോൾ അത് ശരീരത്തിനല്ല, മറിച്ച് മനസുകളിലാണ് മുറിവേൽപ്പിക്കുന്നത്. അത്തരം മുറിപ്പാടുകളെ ഉണക്കാൻ സഹായിക്കുന്നതാണ് ആര്യയുടേത് പോലെയുള്ളവർക്ക് നീട്ടുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും, അതിലൂടെ ലഭിക്കുന്ന ശാന്തിയും. രണ്ട് ദിവസം കൊണ്ട് പരസ്പരമുള്ള സന്ദേശങ്ങൾ അയച്ച് കൊണ്ട് നിരാംലബരായ ഒരു കുടുംബത്തിന്റെ കണ്ണീരൊപ്പാൻ ഒരു കൂട്ടം ആളുകൾക്ക് സാധിക്കുന്നുവെങ്കിൽ ഇനിയും എത്രയോ കാര്യങ്ങൾ പ്രവാസ ലോകത്തെ കൂട്ടായ്മകൾക്ക് ചെയ്യാനാകും എന്നതും തീർച്ച. പ്രവാസികൾ ഇന്ന് അനുഭവിക്കുന്ന പലിശ കെണി, തൊഴിൽ പ്രശ്ങ്ങൾ, സാന്പത്തിക ബുദ്ധിമുട്ടുകൾ, മാനസിക വിഷമങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിലേയ്ക്ക് ഇവിടെയുള്ള സാമൂഹ്യപ്രവർത്തകർ ഇതു പോലെ ഇറങ്ങിവരണം. അത്തരം പ്രശ്നങ്ങളെ കൂടി പരിഹരിക്കരിക്കാനുള്ള വേദികളായി വാട്സാപ്പ് ഗ്രൂപ്പുകളെ മാറ്റണം. എന്നും രാഷ്ട്രീയവും, വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങളും, ആവശ്യമില്ലാത്ത ട്രോളുകളും പ്രചരിപ്പിക്കാനുള്ള ഇടമായി ഇവ മാറരുത്.
ജീവിതം വളരെ ചെറുതാണെന്ന് മനസിലാക്കുന്പോൾ പരസ്പരം കാരുണ്യം ചെയ്യാനുള്ള ചിന്തകൾ മനസിൽ തനിയെ നിറയും. കഴിഞ്ഞദിവസം തുള്ളൽ കലാകാരനായ ശ്രീ കലാമണ്ധലം ഗീതാനന്ദന്റെ അവസാന നിമിഷങ്ങൾ ദൗർഭാഗ്യകരമെങ്കിലും നിങ്ങളും കണ്ടിരിക്കും. മനുഷ്യൻ എന്നത് വെറും നിസാര ജീവി മാത്രമാണെന്നും മരണമെത്തുന്നത് വരെ മാത്രമേ ഞാൻ എന്ന അഹങ്കാരം നമ്മുടെ ഒപ്പമുണ്ടാകൂ എന്ന് വീണ്ടും നമ്മെ ഓർമ്മിപ്പിക്കുന്നു മഹാനായ ആ കലാകാരന്റെ മരണം. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്പിൽ ആദരാഞ്ജലി അർപ്പിക്കുന്നു...