ശശിയാകുന്നത് ജനം തന്നെ...
പ്രദീപ് പുറവങ്കര
അങ്ങിനെ നമ്മൾ പൊതുജനത്തെ ഒരിക്കൽ കൂടി ശശിയാക്കി പ്രതീക്ഷിച്ചത് പോലെ ആ വിധിയും വന്നിരിക്കുന്നു. ഫോൺ കെണി വിവാദത്തിൽ പെട്ട എൻസിപി നേതാവും മുൻ ഗതാഗത മന്ത്രിയുമായ എകെ ശശീന്ദ്രൻ കുറ്റവിമുക്തനായിരിക്കുന്നു. താമസിയാതെ തന്നെ മന്ത്രിസ്ഥാനത്തും അദ്ദേഹം മടങ്ങിയെത്തും.
പരാതിക്കാരിയായ മംഗളം ചാനൽ ലേഖിക ശശീന്ദ്രനെതിരെ താൻ നൽകിയ പരാതി പിൻവലിച്ചതോടെയാണ് കാര്യങ്ങൾ അത്യന്തം മംഗളകരമായി കലാശിച്ചത്. മംഗളം ചാനലിന്റെ ലോഞ്ചിങ്ങോടനുബന്ധിച്ച് ആദ്യ ദിവസം തന്നെ ടാം റേറ്റിങ്ങിൽ കയറാൻ ബ്രേക്കിങ്ങ് ന്യൂസായി പ്രക്ഷേപണം ചെയ്ത വാർത്തയാണ് ഈ വിവാദങ്ങൾക്കൊക്കെ തുടക്കമായത്. കെഎസ്ആർടി സിയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിന് മന്ത്രിയെ സമീപിച്ച ഒരു വീട്ടമ്മയോട് മന്ത്രി അതിരുവിട്ടു പെരുമാറിയെന്നും പിന്നീട് നിരന്തരം അവരെ ടെലിഫോണിൽ വിളിച്ചു ലൈംഗിക ഭാഷണം നടത്തിയെന്നുമായിരുന്നു മംഗളത്തിന്റെ ബ്രേക്കിങ്ങ് ന്യൂസ്. ഇതിനു തെളിവായി മന്ത്രിയുടേതെന്നു തോന്നിപ്പിക്കുന്ന ടെലിഫോൺ ഭാഷണവും ചാനൽ എയർ ചെയ്തിരുന്നു. ഇപ്പോൾ കുറ്റവിമുക്തൻ എന്ന വിശേഷണത്തെക്കാൾ ഏറെ രണ്ടു പേരും തമ്മിൽ ഒത്തുതീർപ്പായി എന്ന് പറയുന്നതാണ് ഈ വിഷയത്തിൽ ശരിയെന്ന് തോന്നുന്നു.
ഇനി വരും ദിവസങ്ങളിൽ ശ്രീ ശശീന്ദ്രന്റെ മന്ത്രിയാകൽ ചടങ്ങിന് നാം സാക്ഷ്യം വഹിക്കും. കേവലം രണ്ട് എംഎൽഎമാരുള്ള എൻസിപി എന്ന പാർട്ടിയുടെ രാഷ്ട്രീയമായ വിലപേശലിന്റെ മുന്പിൽ മാതൃകാ കമ്മ്യൂണിസ്റ്റ് പാർട്ടികൾ മുന്നണി മര്യാദ എന്ന ന്യായവുമായി നമ്രശിരസ്കാരായി നിൽക്കും എന്നതും ഉറപ്പ്. ആമയും മുയലും തമ്മിലുളള മത്സരത്തെ ഓർമ്മിക്കുന്നു ശശീന്ദ്രനും, തോമസ് ചാണ്ടിയും. ഒരാൾ കയറുന്പോൾ ആരെങ്കിലും പിടിച്ച് താഴെയിടുന്നു. ആദ്യത്തൊയാൾ പെട്ടത് പെൺ കെണിയിലാണെങ്കിൽ രണ്ടാമൻ പെട്ടത് മണ്ണിന്റെ കാര്യത്തിലാണെന്ന് മാത്രം. ഇവരിൽ ആരാദ്യം കുറ്റ വിമുക്തനാകും എന്നതായിരുന്നു ആകാംക്ഷയോടെ രാഷ്്ട്രീയ കേരളം നോക്കി ഇരുന്നത്. എന്തായാലും അതിൽ ശശീന്ദ്രൻ തന്നെ വിജയിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള വിഷയങ്ങൾ ഓരോ തവണയും ജനാധിപത്യത്തിൽ അരങ്ങേറുന്പോൾ സത്യത്തിൽ നമ്മൾ ജനങ്ങൾ തന്നെയാണ് വിഡ്ഢികളായി കൊണ്ടിരിക്കുന്നത്. എത്ര തവണ അത് തിരിച്ചറിഞ്ഞാലും വീണ്ടും നമ്മൾ ഇതേ നേതാക്കളെ ഭരണത്തിന്റെ താക്കോൽ ഏൽപ്പിക്കുവാൻ ബാധ്യസ്ഥരായി പോകുന്നു എന്നു മാത്രം.
മാധ്യമങ്ങളുടെ കിടമത്സരവും ഈ സംഭവത്തോടൊപ്പം കേരളം ഏറെ ചർച്ച ചെയ്തിരുന്നു. ടെലിവിഷൻ മാധ്യമങ്ങൾ പിടിച്ച് നിൽക്കാനുള്ള തത്രപ്പാടിൽ പ്രമുഖരുടെ കിടപ്പറയിലേയ്ക്ക് വരെ ക്യാമറ കണ്ണുകൾ തിരിച്ചുവെക്കുന്ന രീതി എത്ര മാത്രം ശരിയാണെന്ന കാര്യത്തിൽ നമ്മൾ ഇനിയും ഏറെ ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു ചാനൽ അതിന്റെ ലോഞ്ചിങ്ങിനോടുനബന്ധിച്ച് ശ്രദ്ധ പിടിച്ചു പറ്റാൻ ഇത്തരം ഓപ്പറേഷനുകൾ നടത്തുന്പോൾ അത് കാണുന്നത് നമ്മുടെ വീടുകളിലെ അകത്തളങ്ങളിലാണെന്ന സാമാന്യ ബോധമെങ്കിലും അതിന്റെ അധികാരികൾക്ക് ഉണ്ടാകേണ്ടതായിരുന്നു. അല്ലെങ്കിൽ സിനിമകൾക്ക് നൽകുന്നത് പോലെ ചാനലുകൾക്കും എ സർട്ടിഫിക്കേറ്റ് നൽകാൻ സർക്കാർ മുൻകെയെടുക്കേണ്ടി വരുമെന്ന് മാത്രം ഓർമ്മിപ്പിക്കട്ടെ...