കൈവെള്ളയ്ക്കപ്പുറത്ത്...
പ്രദീപ് പുറവങ്കര
സ്വിറ്റ്സർലാൻഡിലെ ദാവോസിൽ നടന്നുവന്ന ലോക സാന്പത്തിക ഫോറത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേദ്ര മോഡിയുൾപ്പെടെ പല ലോകരാജ്യങ്ങളിൽ നിന്നുള്ള നേതാക്കളും പങ്കെടുക്കുകയും നിരവധി ചർച്ചകൾ നടത്തുകയും ചെയ്തു. എങ്കിലും എന്നെ ഏറ്റവും ആകർഷിച്ച ഒരു അഭിപ്രായം ശതകോടീശ്വരനും അതേ സമയം ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനുമായ ജോർജ്ജ് സോറസിന്റേതാണ്. അദ്ദേഹം ഇവിടെ വിമർശിച്ചിരിക്കുന്നത് ഫേസ് ബുക്കിനെയും ഗൂഗിളിനെയുമൊക്കെയാണ്. സാമൂഹ്യമാധ്യമങ്ങൾ മനുഷ്യന്റെ നവീകരണത്തിന് തന്നെ തടസമാണെന്നും, സമൂഹത്തിന് തന്നെ വിപത്താണെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം കാലം മുന്പോട്ട് പോകും തോറും ശരിവെക്കുന്ന കാര്യമായി മാറുമെന്ന് തന്നെയാണ് എന്റെയും തോന്നൽ. ഖനന, എണ്ണ കന്പനികൾ ഭൗതിക പരിസ്ഥിതിയെ ചൂഷണം ചെയ്യുകയാണെങ്കിൽ സാമൂഹ്യമാധ്യമങ്ങൾ സാമൂഹ്യ പരിസ്ഥിതിയെയാണ് ചൂഷണം ചെയ്യുന്നതെന്നും ഹംഗറിയിൽ നിന്നുള്ള ഈ അമേരിക്കൻ വ്യാപാരി സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.
കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നതിന് മുന്പ് തന്നെ ആളുകളുടെ ചിന്താശേഷിയെ സ്വാധീനിക്കാൻ സാമൂഹ്യ മാധ്യമങ്ങൾക്ക് സാധിക്കുമെന്നതിനാൽ അവ ഉയർത്തുന്ന വെല്ലുവിളികൾ ഗുരുതരമാണെന്നും, ഇത് ലോകത്തിലെ ജനാധിപത്യ രാഷ്ട്രങ്ങളിലെ തിരഞ്ഞെടുപ്പുകളുടെ സത്യസന്ധത നിലനിർത്തുന്നതിൽ ദൂരവ്യാപകമായ പ്രതികൂല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കിയതും ശ്രദ്ധേയമാണ്. ആളുകളുടെ ശ്രദ്ധയെ അവിഹിതമായി സ്വാധീനിക്കുകയും തങ്ങളുടെ വാണിജ്യ താല്പര്യങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്തുകൊണ്ട് ഉപയോക്താക്കളെ വഞ്ചിക്കുകയാണ് സാമൂഹ്യ മാധ്യമങ്ങൾ ചെയ്യുന്നതെന്നും തങ്ങൾ പ്രദാനം ചെയ്യുന്ന സേവനങ്ങളുടെ അടിമകളാക്കി ഒരു തലമുറയെ തന്നെ മാറ്റാനാണ് ഇപ്പോൾ ശ്രമം നടക്കുന്നതെന്നും ചുരുക്കം ചില കന്പനികൾ ചേർന്ന് ജനങ്ങൾക്കിടയിൽ അഭിപ്രായം രൂപീകരിക്കാനുള്ള അധികാരം ഇത്തരം വേദികളിലൂടെ തട്ടിയെടുക്കുകയാണ് എന്നും അദ്ദേഹം പറയുന്നു. മനുഷ്യന്റെ ‘മനസിന്റെ സ്വാതന്ത്ര്യം’ എന്ന സങ്കൽപ്പം തന്നെ ഇതിലൂടെ ഇല്ലാതാകുന്നു. ഒരിക്കൽ ഈ സ്വാതന്ത്ര്യം നഷ്ടപ്പെട്ടാൽ പിന്നീട് അത് തിരിച്ചുപിടിക്കാൻ ഡിജിറ്റൽ യുഗത്തിൽ വളരുന്ന തലമുറയ്ക്ക് അസാധ്യമാകുമെന്നും അത് വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും ഏകാധിപത്യപരമായ നിയന്ത്രണങ്ങളിലേക്കാണ് ഇത് ലോകത്തെ നയിക്കുകയെന്നും സോറോസ് മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ ദിവസം റിപ്പബ്ലിക്ക് ദിനാഘോഷത്തോടനുബന്ധിച്ച് ഒരു ചടങ്ങിൽ പങ്കെടുക്കവെ ഇതേ വിഷയം തന്നെയാണ് എനിക്കും പറയാനുണ്ടായത്. നമ്മുടെ ഗ്രൂപ്പ് ചാറ്റുകൾ മുഖത്തോട് മുഖം നോക്കിയാകുന്ന ഒരു നല്ല കാലം ഇനി വീണ്ടും തിരിച്ച് വരേണ്ടിയിരിക്കുന്നു. എല്ലാം കൈവെള്ളയിലേയ്ക്ക് ഒതുങ്ങി എന്ന വിചാരം യത്ഥാർത്ഥമായ ലോകത്തിൽ നിന്നുള്ള ഒരു താത്കാലിക ഒളിച്ചോട്ടം മാത്രമാണെന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. അൽപ്പായുസ് മാത്രമുള്ള കേവല പ്രാണികളാണ് നമ്മൾ മനുഷ്യരെന്നും, അവിടെ ഉള്ള കാലത്ത് നല്ല ചിന്തകളുടെ കൊടുക്കൽ വാങ്ങലുകളാണ് പരസ്പരം നടത്തേണ്ടതെന്നുമുള്ള ഒരു തിരിച്ചറിവും കാഴ്ച്ചപാടുമുണ്ടെങ്കിൽ ഈ ലോകം എത്രം സുന്ദരം എന്നു മാത്രം ഓർമ്മിപ്പിച്ചുകൊണ്ട്...