ജനുവരി 26 - റിപ്പബ്ലിക്ക് ദിനം
പ്രദീപ് പുറവങ്കര
മാനേജിങ്ങ് എഡിറ്റർ, ഫോർ പി.എം ന്യൂസ്
വർഷാരംഭത്തിലെ കലണ്ടർ താളിൽ ഒരു ചുവന്ന അക്കമായി മറ്റൊരു റിപ്പബ്ലിക്ക് ദിനം കൂടി നമ്മൾ ഭാരതീയർ നാളെ ആഘോഷിക്കുന്നു. നൂറ്റാണ്ടുകൾ നീണ്ടു നിന്ന വൈദേശിക ഇടപെടലുകളുടെയും, ഭൂപ്രഭുക്കന്‍മാരുടെയും ആധിപത്യത്തിൽ നിന്ന് 1947 ആഗസ്റ്റ് 15ന് മോചനം നേടിയതിന് ശേഷം രണ്ടര വർഷങ്ങൾക്കപ്പുറം 1950 ജനവരി 26നാണ് നമ്മുടെ ഭരണഘടന നിലവിൽ വന്നത്.
ഇരുപ്പത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്ന് ലോകരാജ്യങ്ങൾ പോലും സമ്മതിക്കുന്ന ഒരു കാലഘട്ടത്തിലാണ് ഇത്തവണയും റിപ്പബ്ലിക്ക് ദിനാഘോഷം കടന്നുവരുന്നത്. ഇന്ന് ലോകമെന്പാടുമുള്ള പല രാജ്യങ്ങളും അവർ സ്വീകരിച്ച തെറ്റായ നയങ്ങളുടെ ഫലമെന്നോണം പലവിധ പ്രശ്നങ്ങളിൽപ്പെട്ട് ഉഴലുന്നത് നമ്മൾ കാണുന്നുണ്ട്, ഒപ്പം ചിലയിടങ്ങളിൽ അനുഭവിക്കുകയും ചെയ്യുന്നു. ഭീകരവാദവും, തീവ്രവാദവും, ദാരിദ്ര്യവും, നിരക്ഷരതയും, തൊഴില്ലിലായ്മയും, യുദ്ധകെടുതികളും ഒക്കെ വല്ലാതെ അലട്ടുന്ന രാജ്യങ്ങളും ഏറെ. ഇത് വെച്ച് താരതമ്യം ചെയ്യുന്പോൾ 120 കോടി ജനങ്ങൾ വസിക്കുന്ന ഇന്ത്യ എത്രയോ മെച്ചമാണെന്ന് തന്നെ പറയാം.
ഇതിന്റെ കാരണം വിവേകശാലികളായ നേതാക്കളുടെ ദീർഘവീക്ഷണം നിറഞ്ഞ പ്രവർത്തനങ്ങളാണ്. ഒരേ ഒരിന്ത്യ, ഒരൊറ്റ ജനത എന്ന മഹത്തായ ആശയമാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. അഹിംസയിലും സഹവർതിത്വത്തിലും അടിയുറച്ച് നിന്നുകൊണ്ട് സത്യമവേ ജയതേ എന്ന മുദ്രാവാക്യം ഓരോ ഇന്ത്യക്കാരന്റെയും ആന്തരിക ശക്തിയെ തന്നെ പ്രചോദിപ്പിക്കുന്നു. ഒരു മാലയിൽ കോർത്തിണക്കിയ മനോഹരമായ മുത്തുകൾ പോലെ വൈവിധ്യമാർന്ന സംസ്കാരങ്ങളും, മതങ്ങളും, ജാതികളും, ആശയങ്ങളും കൂട്ടിയണിക്കി ലോകരാജ്യങ്ങളെ അതിശയിപ്പിക്കുന്ന നമ്മുടെ നാടിന്റെ നന്മയെ പറ്റി ഓർക്കാനുള്ള അവസരങ്ങളാണ് റിപ്പബ്ലിക്ക് ദിനാഘോഷം പോലെയുള്ള അവസരങ്ങൾ. ഈ അവസരത്തിൽ എല്ലാ വായനക്കാർക്കും 4 പി.എമ്മിന്റെ സ്നേഹോഷ്മളമായ റിപ്പബ്ലിക്ക് ദിനാശംസകൾ.