സന്പത്ത് ഒരി­ടത്താ­കു­ന്പോൾ...


പ്രദീപ് പുറവങ്കര

സന്പത്ത് മനുഷ്യനെ ഭരിക്കുന്ന ഒരു ലോകത്താണ് ഇപ്പോൾ നാം ജീവിക്കുന്നത്. ജീവിക്കാൻ പണമില്ലെങ്കിൽ എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിയുന്നവരുടെ എണ്ണവും ഏറെ വർദ്ധിക്കുന്നു. കഴിഞ്ഞ ദിവസം പണവുമായി ബന്ധപ്പെട്ട ഒരു വാർത്ത വായിക്കുകയുണ്ടായി. ഓക്സ് ഫാം എന്ന സംഘടന നടത്തിയ ഒരു പഠനമാണ് ഇതിന് ആധാരം. ഇന്ന് ഭൂമിയിലുള്ള 740 കോടി ജനങ്ങളിൽ സാന്പത്തികമായി താഴെ നിൽക്കുന്ന 370 കോടിയുടെ മൊത്തം സന്പത്തിനു തുല്യമാണ് 42 വ്യക്തികളുടെ സന്പാദ്യം എന്നാണ് അവർ കണ്ടെത്തിയിരിക്കുന്നത്. അതായത് ലോകജനതയുടെ ഒരു ശതമാനത്തിന്‍റെ കൈയിലാണ് ആഗോള സന്പത്തിന്‍റെ 50 ശതമാനമുള്ളത് എന്നർത്ഥം. 2009−ൽ ഏറ്റവും സന്പന്നരായ 380 പേരുടെ സന്പത്തായിരുന്നു ലോകജനതയിലെ സാന്പത്തികമായി താഴേത്തട്ടിലുള്ള പകുതിയുടെ സന്പത്തിനു തുല്യമായിരുന്നത്. 2016−ൽ അത് 61 പേരുടെ സ്വത്തിനു തുല്യമായി. അതാണ് ഇപ്പോൾ 42ലെത്തിയിരിക്കുന്നത്. ലോകത്തിലെ വന്പൻ വ്യവസായികളും രാഷ്‌ട്രനേതാക്കളും സന്പത്തു വർധിപ്പിക്കുന്നതിനെപ്പറ്റി ചർച്ചചെയ്യുന്ന ദാവോസി(സ്വിറ്റ്സർലൻഡ്) ലെ ലോക സാന്പത്തിക ഫോറം ഉച്ചകോടിക്കു തൊട്ടുമുന്പാണ്  ഓക്സ് ഫാം ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 

ഇന്ത്യയിൽ ജനസംഖ്യയുടെ ഒരു ശതമാനം പേരാണു സന്പത്തിന്‍റെ 58 ശതമാനവും കൈയാളുന്നത്. സർവതന്ത്ര സ്വതന്ത്രമായ മുതലാളിത്തം വേണമെന്നു പറയുന്നവരെപ്പോലും ഞെട്ടിക്കുന്നതാണ് ഈ കണക്കുകളും ഇതിനു പിന്നിലെ മാനുഷിക യാഥാർഥ്യവും. ഇതിലൂടെ മനസിലാകുന്ന ഒരു കാര്യം നമ്മുടെ പ്രകൃതിയുടെയും മനുഷ്യാധ്വാനത്തിന്‍റെയും ഫലങ്ങൾ ഇന്നും നീതിപൂർവമായല്ല വിതരണം ചെയ്യപ്പെടുന്നത് എന്നതാണ്. പണ്ടൊക്കെ അധികാര കേന്ദ്രങ്ങളിലേയ്ക്കാണ് ഈ സന്പത്ത് കേന്ദ്രീകരിച്ചിരുന്നത്.  ഇതിൽ മനം മടുത്താണ് പലരാജ്യങ്ങളും ഏറെ ത്യാഗങ്ങൾ സഹിച്ച് ജനാധിപത്യ വ്യവസ്ഥിയിലേയ്ക്ക് എത്തി ചേർന്നത്. പക്ഷെ പിന്നീട് അധികാരത്തിന്റെ താക്കോൽ ലഭിക്കണമെങ്കിൽ സന്പത്ത് കൂടിയേ തീരൂ എന്നവസ്ഥ വന്നുചേർന്നു. അതിന് സന്പത്തുള്ളവരെ കൂടെ നിർത്താനും അവരുടെ സന്പത്ത് ഇരട്ടിയാക്കി കൊടുക്കാനും അധികാരികൾ എന്നംു ശ്രദ്ധിച്ചു വന്നു. അതിന്റെ ഫലമാണ് കേവലം ഒരു ശതമാനം പേരിലേയ്്ക്ക് ഇത്രയും സന്പത്ത് എത്തിചേർന്നത്.  

ഇപ്പോഴത്തെ ഇന്ത്യയിൽ ഒരു പഠന പ്രകാരം ഒരു വസ്ത്രനിർമാണശാലയിലെ താഴേത്തട്ടിലെ തൊഴിലാളി 941 വർഷം പണിയെടുത്താലേ കന്പനി മേധാവിയുടെ ഒരു വർഷത്തെ വേതനത്തിനു തുല്യമായ തുക ലഭിക്കൂ എന്നതാണ് അവസ്ഥ. മുതലാളിത്തത്തിന്‍റെ പറുദീസയെന്നു പറയപ്പെടുന്ന അമേരിക്കയിലെ അവസ്ഥയേക്കാൾ മോശമാണിത്. അവിടെ താഴേത്തട്ടിലെ തൊഴിലാളി ഒരു വർഷം നേടുന്നതാണ് ഏറ്റവും ഉയർന്ന മാനേജർ ഒരു ദിവസം നേടുന്നത്. ഇന്ത്യയിൽ മിനിമം വേതനമുള്ള തൊഴിലാളി 50 വർഷംകൊണ്ടു നേടുന്നതു പതിനേഴര ദിവസംകൊണ്ടു ഒരു കന്പനി മേധാവി നേടും.  ഇത്തരം അന്തരത്തിനു നൽകപ്പെടുന്ന എന്ത് ന്യായീകരണങ്ങളും സത്യത്തിൽ സാധാരണക്കാരെ ആശ്വസിപ്പിക്കുന്നതല്ല.  ഒപ്പം ഇത്തരം വിഷയങ്ങളിലെ ധനശാസ്ത്ര പഠനങ്ങൾകൊണ്ടു മാത്രം കാര്യമില്ല. രാഷ്‌ട്രീയ− സാമൂഹ്യതലങ്ങളിലാണു നടപടി വേണ്ടത് എന്ന് മാത്രം പറഞ്ഞുകൊണ്ട്... 

You might also like

Most Viewed