ഇത് വിനാശത്തിലേയ്ക്കോ...
പ്രദീപ് പുറവങ്കര
ഭൂലോകത്തിന്റെ സാന്പത്തിക ഭരണ അച്ചുതണ്ടായി അമേരിക്ക മാറിയിട്ട് കാലമേറെയായിരിക്കുന്നു. അവിടെ നടക്കുന്ന ഓരോ ചലനങ്ങളും ഇതു കാരണം ലോകത്തുള്ള എല്ലാ രാജ്യങ്ങളിലും ഒരു പോലെ ബാധിക്കുകയും ചെയ്യുന്നു. സമീപകാലത്ത് അമേരിക്കയിൽ ഉണ്ടായിരിക്കുന്ന ഭരണ സാന്പത്തിക പ്രതിസന്ധിയും സമാനമായ ഫലങ്ങളാണ് ഉണ്ടാക്കികൊണ്ടിരിക്കുന്നത്. ഒരു മാസത്തെ പ്രവർത്തനത്തിനുള്ള ധനബിൽ യു എസ് സെനറ്റ് പാസാക്കാതെ കാലതാമസം വരുത്തിയതിനെ തുടർന്നാണ് സർക്കാർ ഓഫീസുകളുടെ പ്രവർത്തനം തടസപ്പെട്ടത്. പത്ത് ലക്ഷത്തോളം ജീവനക്കാർക്ക് ഇവിടെ ശന്പളം ലഭിച്ചില്ല. ആഗോളവത്കരണത്തെ അടിസ്ഥാനപ്പെടുത്തി നിർമ്മിക്കുന്ന സാന്പത്തിക നയങ്ങളുടെ പൊള്ളത്തരമാണ് അമേരിക്കൻ പ്രതിസന്ധിയും ചൂണ്ടികാണിക്കുന്നത്.
ഡോണാൾഡ് ട്രംപ് എന്ന ശതകോടീശ്വരനായ ബിസിനസുകാരൻ അമേരിക്കയുടെ രാഷ്ട്ര തലവനായിട്ട് ഒരു വർഷം പൂർത്തിയാക്കുന്ന കാലം കൂടിയാണിത് എന്നതും ശ്രദ്ധേയമാണ്. അമേരിക്കൻ പ്രസിഡണ്ടായത് മുതൽ അദ്ദേഹം പലയിടത്തും വിതച്ചുകൊണ്ടിരിക്കുന്നത് വിദ്വേഷത്തിന്റെ സന്ദേശങ്ങളാണ്. ഉത്തരകൊറിയയിലും, മധ്യേഷ്യയിലും, അതുപോലെ ഇസ്രേയേൽ പാലസ്തീൻ വിഷയത്തിലുമൊക്കെ അദ്ദേഹം എടുത്തിരിക്കുന്ന വിവാദപരമായ പല നിലപാടുകൾക്കും അമേരിക്ക ഏറെ കാലം പഴി കേൾക്കേണ്ടി വരുമെന്നതും ഉറപ്പാണ്. പ്രത്യേകിച്ച് കുടിയേറ്റ അഭയാർഥിവിഷയങ്ങളിൽ മനുഷ്യത്വരഹിതമായും അന്താരാഷ്ട്ര പൊതുബോധത്തിനെതിരായുമാണ് അദ്ദേഹം സംസാരിച്ചു വരുന്നത്.
കുട്ടികളായിരിക്കെ അഭയാർത്ഥികളായി അമേരിക്കയിലെത്തിയ ഡ്രീമേർസ് എന്നറിയപ്പെടുന്ന എട്ടുലക്ഷം പേരെ എത്രയും പെട്ടന്ന് കുടിയിറക്കണമെന്ന ട്രംപിന്റെ വാദത്തെ എതിർക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഡെമോക്രാറ്റുകളുടെ ഇടപ്പെടലാണ് ധനബിൽ സെനറ്റിൽ പരാജയപ്പെടുത്തിയത്. ഒബാമ ഭരണകാലത്ത് ഡ്രീമേഴ്‌സിന് രാജ്യത്ത് തുടരാൻ നൽകിയ അനുമതി റദ്ദാക്കണമെന്ന് ട്രംപ് ശഠിച്ചതോടെ, ധന ബില്ലിനെ പിന്തുണയ്ക്കണമെങ്കിൽ തീരുമാനം പിൻവലിക്കണമെന്ന് ഡെമോക്രാറ്റുകളും ശഠിച്ചു. എന്തായാലും കഴിഞ്ഞദിവസം ഈ പ്രതിസന്ധിക്ക് ഒരു പരസ്പര ധാരണയിലൂടെ താത്കാലിക അയവ് ഉണ്ടായി എന്നത് ആശ്വാസകരം. കുടിയേറ്റക്കാർക്ക് പുറമേ കറുത്തവർഗക്കാരോടുമുള്ള വംശീയ വിദ്വേഷം നിലനിർത്തുന്ന വ്യക്തിയാണ് ട്രംന്പ് എന്ന് അദ്ദേഹത്തിന്റെ പല ചെയ്തികളും വ്യക്തമാക്കുന്നു.
സാന്പത്തിക അടിയന്തരാവസ്ഥയിലേക്ക് പല തരത്തിലുള്ള തെറ്റായ തീരുമാനങ്ങൾ കാരണം രാജ്യത്തെ കൊണ്ടുചെന്നെത്തിച്ച ട്രംപിനെ അതിനേക്കാൾ രൂക്ഷമായ പ്രതിസന്ധികളാണ് വരുംനാളുകളിൽ കാത്തുനിൽക്കുന്നതെന്നാണ് നിരീക്ഷരുടെ അഭിപ്രായം. ട്രംപ് അധികാരത്തിലേറിയതിന്റെ വാർഷികാചരണവേളയിൽ അമേരിക്കയിലെ 250ൽപരം തെരുവുകളിൽ സ്ത്രീകളുടെ നേതൃത്വത്തിൽ ട്രംപ് വിരുദ്ധ റാലികൾ നടന്നത് വിരൽചൂണ്ടുന്നതും ഇതിലേക്കാണ്. വരും കാലങ്ങളിൽ ട്രംപിനെ നിയന്ത്രിക്കാൻ അമേരിക്കൻ ജനതയ്ക്കോ, അവിടെയുള്ള ജനപ്രതിനിധികൾക്കോ കഴിഞ്ഞില്ലെങ്കിൽ അത് വിനാശത്തിലേയ്ക്ക് മാത്രമേ നയിക്കൂ എന്ന് മാത്രം പറയട്ടെ...