മരണമെത്തുന്ന നേരത്ത്...
പ്രദീപ് പുറവങ്കര
പ്രവാസലോകത്ത് വീണ്ടും മരണ വാർത്തകൾ വർദ്ധിച്ചിരിക്കുന്നു. മാനസിക സമ്മർദ്ദം മൂലവും, സാന്പത്തിക ബുദ്ധിമുട്ടുകൾ കാരണവും ആത്മഹത്യ ചെയ്യുന്നവർ മുതൽ തലച്ചോറിലെ ഞരന്പുകൾ പൊട്ടിവരെ മരണപ്പെടുന്നവരുടെ വാർത്തകൾ വേദനിപ്പിക്കുന്നതാണ്. ഇങ്ങിനെ മരണപ്പെടുന്നവരൊന്നും തന്നെ കോടീശ്വരൻമാരല്ല മറിച്ച് ഏറെ സാധാരണക്കാരാണ്. അന്നന്നത്തെ വരുമാനത്തിന് വേണ്ടി ജോലി ചെയ്യുന്നവർ. സാന്പത്തിക ബുദ്ധിമുട്ടിൽ പെട്ട് വിഷമിക്കുന്ന ഇത്തരം ആളുകൾ സത്യത്തിൽ ആത്മഹത്യ പോലെയുള്ള കടുംകൈകളിൽ ഏർപ്പെടുന്നത് കോടികണക്കിന് രൂപയുടെ കടമുള്ളത് കൊണ്ടല്ല. മറിച്ച് കൂടി വന്നാൽ അഞ്ച് ലക്ഷം മുതൽ പത്ത് ലക്ഷം വരെ കടമേ ഇവർക്കുള്ളൂ. പണം തിരികെ കൊടുക്കാനുള്ളവരുടെ നിരന്തരമായ ശകാരങ്ങൾക്കൊപ്പം, പലർക്കും ക്രെഡിറ്റ് കാർഡും, ബാങ്ക് ലോണും മനസമാധാനം കളയുന്നുണ്ട്.
ബഹ്റൈനടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രത്യേകിച്ച് കുടുംബത്തോടൊപ്പം കഴിയുന്ന മിക്ക പ്രവാസികൾക്കും ഇന്ന് ഒന്നോ രണ്ടോ ക്രെഡിറ്റ് കാർഡ് കൈയിലുണ്ടാകും. ഈ കാർഡുകൾ വലിയൊരു കുരുക്കാണെന്ന് മനസിലാകാതെയാണ് പലരും ഇതിൽ വീണ് പോകുന്നത്. 2008 വരെ യു.എ.ഇയിലെ ബാങ്കുകളും പണമിടപാട് സ്ഥാപനങ്ങളും പ്രവാസികളെ ക്ഷണിച്ചു വരുത്തി കടം നൽകുന്ന ഒരു പതിവ് ഉണ്ടായിരുന്നു. ബാങ്കുകൾ നൽകിയ കടം കൃത്യമായി തിരിച്ചടക്കാൻ കഴിയാത്ത സന്ദർഭത്തിലാണ് മറ്റു ചില ബാങ്കുകളും സാന്പത്തിക സ്ഥാപനങ്ങളും ക്രെഡിറ്റ് കാർഡ് നൽകാമെന്നും അതിൽ നിന്ന് നിഷ്പ്രയാസം കടമെടുക്കാമെന്നും വാഗ്ദാനം ചെയ്യുന്നത്. പലപ്പോഴും ഈ നേരത്ത് അതിന്റെ വ്യവസ്ഥകളും നിബന്ധനകളും മനസ്സിലാക്കാൻ ആരും മിനക്കെടാറില്ല. മിനിമം ബാലൻസ് മാത്രം അടച്ച് പലിശ കുന്നുകൂടി കടക്കെണിയിലായ മലയാളികൾ അങ്ങിനെ ആയിരക്കണക്കിനുണ്ട്. പൊറുതിമുട്ടിയാൽ രക്ഷകരായി എത്തുന്നത് ‘ബ്ലേഡു’കളാണ്. ഇവരിലൂടെ പലപ്പോഴും എത്തുന്നത്് തൂക്ക് കയറിലുമാണ്.
ഗൾഫിൽ ആദ്യകാലങ്ങളിൽ ഇവിടെ വന്ന് ജോലി കണ്ടെത്തിയ പ്രവാസികൾ തങ്ങളുടെ കുടുംബത്തിന് നല്ല ജീവിതം നൽകുന്നതിനോടൊപ്പം നാട്ടിൽ തിരിച്ച് പോയാൽ അത്തരമൊരു ജീവിതം തുടരാനുള്ള സാന്പത്തിക അടിത്തറ പാകിയവരായിരുന്നു. എന്നാൽ ഇന്ന് ആ സ്ഥിതി മാറിയിരിക്കുന്നു. നമ്മുടെ സന്പാദ്യ ശീലങ്ങളിൽ വലിയ മാറ്റങ്ങളുണ്ടായി. ഇന്ന് ഉള്ളത് കൊണ്ട് ഓണം പോലെ എന്നതാണ് അവസ്ഥ. ആഡംബര ജീവിതത്തോടുള്ള ഭ്രമം വർദ്ധിച്ചിരിക്കുന്നു. പ്രവാസികൾ ഒരുക്കി കൊടുക്കുന്ന സൗകര്യങ്ങൾ നിരന്തരം അനുഭവിക്കുന്ന കുടുംബക്കാർക്കാകട്ടെ, സ്‌നേഹം എന്നാൽ പണം എന്നായിരിക്കുന്നു. ഈ പണം കായ്ക്കുന്ന മരം നിലം പൊത്തുന്നതായി തോന്നുന്നത് കൊണ്ടാണ്, പ്രവാസികൾ തിരിച്ചുവരുന്നു എന്ന് കേൾക്കുന്പോൾ നമ്മുടെ നാട്ടിൽ വലിയ ‘ഭൂകന്പ’മുണ്ടാകുന്നത്.
കേരളത്തിലേക്ക് ഒഴുകുന്ന പ്രവാസി മലയാളികളുടെ സന്പാദ്യം കോടികണക്കിന് രൂപയാണ്. ഈ തുകയുടെ പലിശ മാത്രം മതി ലോകമെന്പാടുമുള്ള വിദേശ മലയാളികളുടെ ജീവിതത്തിന് ഏറ്റവും കുറഞ്ഞത് ഒരു അഞ്ച് ലക്ഷം രൂപയുടെ എങ്കിലും സൗജന്യ ഇൻഷൂറൻസ് ഏർപ്പാടാക്കാൻ. ഇവിടെ ആത്മഹത്യ ചെയ്യുന്നയാളുടെ കുടുംബത്തിന് ഒന്ന് പിടിച്ച് നിൽക്കാൻ ആ സംഖ്യ തന്നെ ധാരാളമാണ്. അത്തരമൊരു അവസ്ഥ ഉണ്ടാക്കാൻ നമ്മുടെ സർക്കാറിന് സാധിക്കട്ടെ എന്ന് ആഗ്രഹിച്ച് കൊണ്ട്...