അവരൊന്ന് ഇരുന്നോട്ടെ


ആവശ്യത്തിനും അനാവശ്യത്തിനും തൊഴിൽ സമരങ്ങൾ ഏറെ ഉണ്ടാകുന്ന സംസ്ഥാനമാണ് നമ്മുടെ കൊച്ചു കേരളം. പണിയെടുക്കുന്നതിനേക്കാൾ പണി മുടക്കുന്നതിൽ കൂടുതൽ ശുഷ്കാന്തി പ്രകടിപ്പിക്കാൻ നമ്മുടെ വിപ്ലവ ബോധമുള്ള ജനത എന്നും ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ ഈ കുറ്റപ്പെടുത്തലുകൾക്ക് അപ്പുറത്ത് ചില സമരങ്ങൾ വേണ്ടതാണെന്ന അഭിപ്രായവും ശക്തമാണ്. അത്തരത്തിൽ ഒരു സമരത്തിന്‌ പതുക്കെയാണെങ്കിലും ഒരിടവേളയ്ക്ക് ശേഷം വലിയ ജന പിന്തുണ ലഭിച്ചു കൊണ്ടിരിക്കുന്നു. ആലപ്പുഴയിലെ പ്രമുഖ വസ്ത്ര വ്യാപാരികളായ സീമാസ് സിൽക്സിൽ ആണ് അവിടെ ജോലി ചെയ്തു വരികയായിരുന്ന സെയിൽസ് ഗേൾസ് സമരം തുടങ്ങിയത്.

നേരത്തെ തൃശ്ശൂർ കല്യാൺ‍ സിൽ‍ക്‌സിലെ സ്ത്രീജീവനക്കാർ ആഴ്ച്ചകളോളം നടത്തിയ ഇരിപ്പുസമരത്തിൽ, അവർ ഉന്നയിച്ച കാര്യങ്ങൾ, ആ മേഖലയിൽ നടക്കുന്ന ചൂഷണം എത്രത്തോളമെന്നത് വിളിച്ചു പറയുകയായിരുന്നു. എന്നാൽ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ടെക്‌ൈസ്റ്റൽ മേഖലയിൽ ജോലിയെടുക്കുന്ന മഹാഭൂരിപക്ഷത്തിനും പറയാനുള്ളത് ഇതേ ദുരനുഭവങ്ങൾ തന്നെയാണെന്നും പുറത്തുവരുന്ന ഓരോരോ സംഭവങ്ങൾ തെളിയിക്കുന്നു. മാനുഷികപരിഗണനപോലും നൽ‍കാതെ പണിയെടുപ്പിക്കുന്ന മാനേജ്‌മെന്റുകളുടെ ക്രൂരതകളെക്കുറിച്ച് സ്ത്രീ തൊഴിലാളികൾ പുറത്തു പറയാൻ‍ നിർ‍ബ്ബന്ധിതരാകുന്നത്, സഹനത്തിന്റെ അവസാനപടിയും കടന്നു നിൽ‍ക്കുന്പോഴാണ്. ദിവസത്തിൽ പന്ത്രണ്ടു മണിക്കൂറോളം നിന്നു കൊണ്ടു തന്നെ തങ്ങളുടെ ജോലി ചെയ്യുന്ന ഈ സ്ത്രീകൾ‍ക്ക് സ്ഥാപനത്തിൽ നിന്നുണ്ടാകുന്നത് ഒട്ടും ആശാസ്യകരമാല്ലാത്ത അനുഭവങ്ങളും.

സീമാസിൽ ജോലി ചെയ്യുന്ന ഒരു ജീവനക്കാരി പറയുന്നത് ഇങ്ങനെയാണ്. രാവിലെ 9.15ന് എല്ലാ ജീവനക്കാരും പഞ്ച് ചെയ്ത് അകത്തു കയറിയിരിക്കണം. താമസിക്കുന്നവർ‍ക്ക് ഫൈൻ‍. രാവിലെ തുടങ്ങുന്ന ജോലി രാത്രി എട്ടരയ്ക്ക് കട ക്ലോസ് ചെയ്താലും അവസാനിക്കില്ല. അടുക്കിപ്പെറുക്കലും മറ്റുമായി പിന്നെയും ഒന്നൊന്നര മണിക്കൂർ‍ കൂടി ജോലിയുണ്ട്. ഉത്സവ സീസണുകളിലാണെങ്കിൽ‍ ഡ്യൂട്ടി ടൈം പിന്നെയും കൂടും. പത്തരവരെയെങ്കിലും ജോലി നോക്കേണ്ട അവസ്ഥവരെ ഉണ്ടാകും. ഉച്ചയ്ക്ക് കിട്ടുന്ന അരമണിക്കൂറാണ് റെസ്റ്റ് ടൈം. അത് ഭക്ഷണം കഴിക്കാനുള്ള സമയമാണ്. ഒന്നാം നിലയിൽ ജോലി ചെയ്യുന്നവർ‍ ഭക്ഷണം കഴിക്കാൻ‍ ചെല്ലേണ്ടത് അഞ്ചാം നിലയിൽ‍. പടി കയറി തന്നെ പോകണം, ലിഫ്റ്റ് ഉപയോഗിച്ചാൽ‍ അഞ്ഞൂറു രൂപയാണ് ഫൈൻ‍. ഓട്ടപ്പാച്ചിലാണ് ഭക്ഷണം കഴിക്കാൻ‍. ഇതിനിടയിൽ പ്രാഥമികാവശ്യങ്ങൾ‍ക്കോ മറ്റോ പോയി താമസിച്ചാൽ അതിനും ഫൈൻ‍ അടയ്ക്കണം. ആകെയുള്ളത് 4 ശൗചാലയങ്ങൾ‍. ജോലിക്കിടയിൽ‍ രണ്ടുപേർ തമ്മിൽ‍ സംസാരിച്ചാലോ! അപ്പോഴും അടയ്ക്കണം നൂറുരൂപാവീതം ഫൈൻ‍. ആളെണ്ണം കൂടുന്നതിനനുസരിച്ച് തുകയും കൂടും. പന്ത്രണ്ടു മണിക്കൂറോളം ജോലി ചെയ്യുന്നവർ‍ക്ക് ഇരിക്കാൻ‍ ഒരു സ്റ്റൂൾ പോലും ഇട്ടിട്ടില്ല. ഇരിക്കുന്നത് കർ‍ശ്ശനമായി നിരോധിച്ചിരിക്കുന്നു... മാസം 7500 രൂപാ ശന്പളം. അതിൽ തന്നെ പിടുത്തങ്ങൾ എല്ലാം കഴിഞ്ഞു കൈയിൽ കിട്ടുന്നത് 5000 രൂപ...

ഇന്നത്തെ കാലത്ത് ഒരു മണിക്കൂർ പോലും തികച്ചു നിൽക്കാൻ പറ്റാത്തവർ ആണ് നമ്മൾ ഭൂരിഭാഗം പേരും. അവിടെയാണ് മുഖത്ത് ഒരു കൃത്രിമ ചിരിയും ഫിക്സ് ചെയ്ത് 12 മണിക്കൂർ ഇവർക്ക് തപസ്സ് അനുഷ്ടിക്കേണ്ടി വരുന്നത്. ഇത് ഒരു സീമാസ് സാരീസിലെ മാത്രം പ്രശ്നമല്ല. പട്ടിന്റെ മായിക പ്രപഞ്ചം സൃഷ്ടിച്ചു കോടികൾ ഉണ്ടാക്കുന്ന മിക്ക വൻകിട വസ്ത്ര കടകളുടേയും അവസ്ഥയാണ്. കേരളത്തിലെ വസ്ത്ര വ്യാപാര മേഖല ഇന്ന് കോടികളുടെ ഇടപാടുകൾ ദിനംപ്രതി നടക്കുന്ന ഒരു വാണിജ്യ മേഖലയാണ്. പല വസ്ത്ര വ്യാപാരികളും സാമാന്യത്തിലധികം ധനികരുമാണ്‌. സ്വന്തമായി വിമാനങ്ങൾ വരെ ഉള്ളവരും ഈ കൂട്ടത്തിൽ പെടുന്നു. ഇവരുടെ സ്ഥാപനങ്ങളിൽ നടക്കുന്ന സമരങ്ങൾക്ക് തുടക്കത്തിൽ തന്നെ വീഴ്ച്ച സംഭവിക്കുന്നതും ഇതേ പണത്തിന്റെ ബലത്തിൽ തന്നെ.

തൊഴിലാളികളോടുള്ള പീഢനം കാരണം ഇവിടെ പോയി സാധനം വാങ്ങില്ല എന്ന തീരുമാനമൊന്നും ഇന്നത്തെ കാലത്ത് പൊതു ജനത്തിന് എടുക്കാൻ സാധിക്കില്ല. ചെയ്യാൻ പറ്റുന്ന ഒരു കാര്യം ജീവനക്കാർക്ക് അത്യാവശ്യം നല്ല സൗകര്യം ഒരുക്കി കൊടുക്കുന്ന മുതലാളിമാർക്ക് ഒരുപുരസ്‌കാരം പ്രഖ്യാപിക്കുക എന്നതാണ്. ഒരു റിയാലിറ്റി ഷോ നടത്തി ഉപഭോക്താക്കളുടെ നിർദ്ദേശ പ്രകാരം ഇവരെ തിരെഞ്ഞെടുക്കാവുന്നതാണ്. അങ്ങനെയെങ്കിൽ ആ പുരസ്കാരത്തിനും പ്രശസ്തിക്കും വേണ്ടി അൽപ്പമെങ്കിലും കസേരകൾ ഈ പാവം സെയിൽസ് ഗേൾസിന് ലഭിക്കുമെന്ന പ്രതീക്ഷയോടെ...

You might also like

Most Viewed