ശലഭങ്ങൾ പറക്കട്ടെ...
പ്രദീപ് പുറവങ്കര
ഒരാൾക്ക് ചെയ്യാൻ സാധിക്കുന്ന ഏറ്റവും നീചമായ കർമ്മങ്ങളിലൊന്ന് സ്വന്തം രക്തത്തിൽ പിറക്കുന്ന കുഞ്ഞിനെ ഇല്ലാതാക്കുക എന്നതാണ്. അത് ആണായാലും പെണ്ണായാലും ഒരു പോലെ തന്നെ. മറ്റ് ജീവജാലങ്ങളെക്കാൾ ബുദ്ധിശക്തിയുണ്ടെന്ന് കരുതപ്പെടുന്ന മനുഷ്യന്റെ ജീവിതത്തിൽ കുഞ്ഞുങ്ങൾക്ക് വലിയ സ്ഥാനമുണ്ട്. തന്റെ സ്വന്തം കുഞ്ഞിനെ താലോലിക്കാൻ ലഭിക്കുന്നതാണ് ഏറ്റവും വലിയ ഭാഗ്യമെന്ന് കരുതുന്നവരും ധാരാളം. പക്ഷെ ചിലപ്പോൾ ചില സാഹചര്യങ്ങൾ ഇത്തരം നല്ല ചിന്തകളെയൊക്കെ അതിജീവിക്കും. അവിടെ മനുഷ്യസഹജമായ ഒരു വികാരത്തിനും സ്ഥാനം ഉണ്ടാക്കില്ല. കഴിഞ്ഞ ആഴ്ച്ച ബഹ്റൈനിൽ ജനത്തിരക്കേറിയ ഒരു മാളിനകത്ത് ഒരു സ്ത്രീ ഗർഭചിദ്രം നടത്തിയത് വലിയ വാർത്തയായിരുന്നു. അതിന് ശേഷം നമ്മുടെ നാട്ടിലെ കുണ്ടറയിൽ ഒരമ്മ തന്നെ മകനെ കൊന്നതും ഞെട്ടിപ്പിക്കുന്ന വാർത്തയായി. ഇന്ന് വായിച്ചൊരു വാർത്ത ചൈനയിലെ ഷ്വാന എന്ന സ്ഥലത്ത് രണ്ട് മണിക്കൂർ പ്രായമായ ഒരു കുഞ്ഞിനെ മാറാവ്യാധിയുണ്ടെന്ന് കരുതി അതിന്റെ പിതാവ് കുപ്പത്തൊട്ടിയിലേയ്ക്ക് വലിച്ചറിഞ്ഞ കാര്യമാണ്. പത്ത് ഡിഗ്രിയിലെ കൊടും തണുപ്പിൽ നിന്ന് ഒടുവിൽ ആ കുഞ്ഞിനെ രക്ഷിച്ചത് ഒരു വൃദ്ധയാണത്രെ.
മുന്പൊക്കെ വിദ്യാഭ്യാസത്തിന്റെ അഭാവമാണ് ഇത്തരം തെറ്റായ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുന്നതെന്ന് പറയാറുണ്ട്. എന്നാൽ ഇന്ന് നേരെ മറിച്ചാണ് കാര്യങ്ങൾ. നല്ല വിദ്യാഭ്യാസം ലഭിച്ചവരും, സാന്പത്തികമായി നല്ല നിലയിൽ കഴിയുന്നവരുമൊക്കെ കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നതിൽ മുന്പിട്ട് നിൽക്കുന്നു. എന്തിനധികം ബഹ്റൈനിലെ ഒരു വിദ്യാലയത്തിൽ ചെറിയ കുട്ടികളെ അദ്ധ്യാപകർ പീഢിപ്പിക്കുന്ന വാർത്ത ഇതിനിടെയാണ് പുറത്ത് വന്നത്. ഒരു കുട്ടിയെ അടിച്ചും, മർദ്ദിച്ചും, ഭീഷണിപ്പെടുത്തിയും, വേണമെങ്കിൽ ഇല്ലാതാക്കിയും എന്ത് നേടാമെന്നാണ് ഇത്തരം ആളുകൾ കരുതുന്നതെന്ന് മനസിലാകുന്നില്ല.
പലപ്പോഴും വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ പറ്റിയും, അവരെ മക്കൾ തിരിഞ്ഞുനോക്കാത്ത അവസ്ഥയെ പറ്റിയും നമ്മൾ ഏറെ ചർച്ച ചെയ്യാറുണ്ട്. എന്നാൽ കുഞ്ഞുങ്ങളെ നേരായി പരിചരിക്കാൻ അറിയാത്ത മാതാപിതാക്കളെ പറ്റി നമ്മൾ അധികം സംസാരിക്കാറില്ല. കരയുന്ന കുട്ടിക്കേ പാലുള്ളൂ എന്ന പഴമൊഴിക്ക് പകരം കരയുന്ന കുട്ടിക്ക് സ്മാർട്ട് ഫോൺ കൊടുത്ത് അവരെ ശാന്തരാക്കുന്ന ഒരു തലമുറയാണ് നമ്മൾ എന്നും ഖേദപൂർവം ഓർക്കട്ടെ. ഇന്നത്തെ തിരക്ക് പിടിച്ച ലോകത്ത് കുഞ്ഞുങ്ങൾ ആഗ്രഹിക്കുന്നത് പോലെ സമയം നൽകാൻ മിക്ക മാതാപിതാക്കൾക്കും സാധിക്കാത്തത് അവരുടെയിടയിലെ ഇഴയടുപ്പം കുറയ്ക്കുന്നു എന്നത് സത്യമാണ്. എങ്കിലും ഉള്ള നേരത്ത് അവരോടൊപ്പം കളിച്ചും, കൊഞ്ചിച്ചും, സ്നേഹിച്ചും കഴിയുകയാണെങ്കിൽ അവരെ ഇല്ലാതാക്കാനോ ശിക്ഷിക്കാനോ ഒന്നും മുതിർന്നവർക്കും സാധിക്കില്ല. ഓരോ കുഞ്ഞിന്‍റെയും ജീവിതം സത്യത്തിൽ വലിയൊരു ഒരു നിധിതേടലാണ്. അവരുടെ ഉള്ളിലൊളിഞ്ഞിരിക്കുന്ന അഭിരുചികളും വൈഭവങ്ങളുമാണ് ആ നിധികൾ. അവരുടെയുള്ളിലെ ഈ നിധി അവഗണിച്ചിട്ട് അച്ഛനമ്മമാരുടെ ചെറിയ മോഹങ്ങളുടെ ചിറകിൽ അവരെ കെട്ടിയിടാതിരിക്കുക. നമ്മുടെ ഓരോ കുഞ്ഞും ആത്മാഭിമാനത്തോടെ, ആത്മവിശ്വാസത്തോടെ അവരുടെ ജീവിതത്തിലെ നിധിയിലേക്കു മുന്നേറട്ടെ എന്നാഗ്രഹത്തോടെ....