എരിതീയിൽ എണ്ണ പടരുന്പോൾ...
പ്രദീപ് പുറവങ്കര
സമീപകാലത്ത് ബഹ്റൈനിൽ വാഹന ഇന്ധനത്തിന്റെ വില വർദ്ധിപ്പിച്ചത് രാജ്യത്ത് വലിയ ഒച്ചപ്പാടുകൾക്ക് കാരണമായിട്ടുണ്ട്. തീരുമാനത്തിനെതിരെ വലിയ പ്രതികരണമാണ് ജനപ്രതിനിധികളും നിയമജ്ഞരുമൊക്കെ ഉണ്ടാക്കി വരുന്നത്. അതേസമയം ജനാധിപത്യ രാജ്യമായ നമ്മുടെ നാട്ടിൽ എണ്ണയുടെ വിലവർദ്ധനവ് ഇന്ന് ഒരു വാർത്തയല്ലാതായിരിക്കുന്നു. അതിർത്തിയിൽ രാജ്യത്തിന് വേണ്ടി ഒരു പട്ടാളക്കാരൻ അവന്റെ ജീവൻ കളയുന്ന വാർത്തയെ പോലും ഗൗരവപരമായി എടുക്കാത്തത് പോലെ ഇന്ധനവിലവർദ്ധനവിനെ ഒരു തരം നിസംഗതയോടെ സമീപിക്കാൻ നമ്മുടെ ജനം ശീലിച്ചിരിക്കുന്നു. ഓരോ ദിവസവും മാറി മാറി വരുന്ന പെട്രോൾ−ഡീസൽ വിലവർദ്ധന സാധാരണക്കാരുടെ അനുദിന ജീവിതത്തെ കടുത്ത വിഷമത്തിലാക്കിയിരിക്കുന്ന ഒരു സാഹചര്യത്തിലാണ് ഈ നിസംഗത തുടരുന്നത്.
കേരളത്തിൽ ഇന്ധനവില കഴിഞ്ഞയാഴ്ച സർവകാല റെക്കോർഡിലെത്തിയിരിക്കുകയാണ്. ഡീസൽ വിലയും ഇത്രയും ഉയരുന്നത് ഇതാദ്യമാണ്. ഡീസൽ വില പെട്രോൾ വിലയെ മറികടക്കുമെന്നും ആശങ്കയും നിലനിൽക്കുന്നു. ഉപഭോക്‌തൃ സംസ്ഥാനമായ കേരളത്തെ സംബന്ധിച്ചിടത്തോളം ഉപ്പുതൊട്ടു കർപ്പൂരം വരെ ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തേണ്ടതുണ്ട്. ഇന്ധന വില വർദ്ധനവ് കാരണം നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാകാൻ തന്നെയാണ് സാധ്യത. സർക്കാറിന്റെ നിയന്ത്രണത്തിലായിരുന്ന ഇന്ധന വിലനിയന്ത്രണം എടുത്തുകളഞ്ഞതോടെ ദിവസേനയെന്നോണമാണു പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കൂടുന്നത്. അന്താരാഷ്‌ട്രവിപണിയിൽ ഇന്ധനവില കുറഞ്ഞുനിൽക്കുന്പോഴും ഇന്ത്യയിൽ ഇന്ധനവില കൂടുന്നു എന്നത് അത്യന്തം നിർഭാഗ്യകരമായ വൈരുധ്യമാണ്. ഇന്ത്യയിലൊഴികെ ലോകത്തെ വാഹന ഉടമകളെല്ലാം ഈ വിലയിടിവ് ആസ്വദിക്കുന്ന കാലമാണ് ഇത്. ഇന്ത്യയിൽ മാത്രം അത് അങ്ങിനെല്ല. ഇത്തരത്തിലുള്ള അന്യായ വിലവർദ്ധനയുടെ കാരണവും തിരിച്ചറിയാൻ സാധിക്കുന്നില്ല. ആകെ മനസിലാകുന്ന കാര്യം എണ്ണ മേഖലയിലുള്ള സ്വകാര്യ കന്പനികൾ വൻ ലാഭമാണിപ്പോൾ കൊയ്യുന്നത് എന്നത് മാത്രമാണ്. വാറ്റ് നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങളോടു കേന്ദ്രം ആവശ്യപ്പെട്ടെങ്കിലും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ അതിനു തയാറല്ല. ജിഎസ്ടി വന്നതോടെ സംസ്ഥാനങ്ങളുടെ വരുമാനത്തിൽ കാര്യമായ ഇടിവുണ്ടായി. സർക്കാർ ജീവനക്കാർക്കു ശന്പളം കൊടുക്കാൻപോലും കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ വിഷമിക്കുന്നു. ഈ നഷ്ടം നികത്താൻ പോലീസിനെക്കൊണ്ടും റോഡ് ഗതാഗത വകുപ്പിനെക്കൊണ്ടുമൊക്കെ വാഹനപരിശോധന നടത്തി വരുമാനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന കേരള സർക്കാർ ഏറ്റവും കൂടുതൽ നികുതിവരുമാനം നൽകുന്ന മദ്യത്തെയോ ഇന്ധനത്തെയോ തൊടാൻ പോകുന്നില്ല.
ഇന്ധന വിലവർദ്ധനയിൽ പ്രതിഷേധിച്ചു സംസ്ഥാനത്ത് നടക്കാനിരിക്കുന്ന വാഹന പണിമുടക്കിന്റെ ഫലം യാത്രാ നിരക്ക് വർദ്ധനവായിരിക്കും. ഇതിന്‍റെയെല്ലാം ഭാരം പൊതുജനത്തിന്‍റെ മുതുകിലാകും. അതുകാരണം കേന്ദ്രസർക്കാർ നയപരവും പ്രായോഗികവുമായ ഇടപെടലുകൾ നടത്തി ഇന്ധനവില കുറച്ചാൽ മാത്രമേ സാധാരണക്കാരായ ഉപയോക്താക്കൾക്കു രക്ഷയുള്ളൂ. സർക്കാരിന്‍റെ നടത്തിപ്പിനു പണം കണ്ടെത്താൻ സാധാരണക്കാരെ പിഴിഞ്ഞെടുക്കുന്ന രീതി തികച്ചും പ്രതിക്ഷേധാർഹമാണെന്ന് മാത്രം ഓർമ്മിപ്പിക്കട്ടെ..