അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ...
പ്രദീപ് പുറവങ്കര
സോഷ്യൽ മീഡിയ സൈറ്റുകളിൽ ഫ്രണ്ട്സ് ലിസ്റ്റിൽ സുഹൃത്തുക്കളുടെ എണ്ണം അയ്യായിരം കഴിഞ്ഞൊഴുകുന്പോഴും നമ്മുടെ ഇടയിലെ എത്രയോ ആളുകൾ ഇന്ന് തികച്ചും തനിയെയാണ്. കവി പാടിയത് പോലെ അരികിൽ ഒരാൾ ഉണ്ടായിരുന്നെങ്കിൽ എന്ന് വെറുതേ ആശിച്ചുപോകുന്നവരാണ് ഇന്ന് ലോകത്തിൽ വലിയൊരു വിഭാഗം മനുഷ്യർ. പഴമയെയും, പാരന്പര്യത്തെയും, ബന്ധങ്ങളെയും പടിയിടച്ച് പുറത്ത് നിർത്തിയതിന് ശേഷം ഫേസ്ബുക്കായും, വാട്സാപ്പായും എത്തുന്ന പുതിയ ഇ സൗഹർദങ്ങളിൽ ആശ്വാസം കണ്ടെത്താനുള്ള ആധുനിക മനുഷ്യന്റെ ശ്രമം മിക്കയിടത്തും പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നിട്ടും പലയിടത്തും മനുഷ്യൻ ഉറങ്ങാൻ പോകുന്നത് തന്നെ ഫോൺ ഒന്ന് ചാർജ്ജായിക്കോട്ടെ എന്ന രീതിയിലായിരിക്കുന്നു. പുകവലിയും മദ്യപാനവും പോലെ പടിപടിയായി യന്ത്രങ്ങൾ സമ്മാനിക്കുന്ന ഏകാന്തത മനുഷ്യനെ മരണത്തിലേയ്ക്ക് കൈപിടിച്ച് നയിക്കുന്നു. ജനിക്കുന്നതും തനിയെ, മരിക്കുന്നതും തനിയെ. അതിനിടയിൽ കണ്ടുമുട്ടുന്നവർ നൽകുന്ന സുഖവും ദുഖവും ജീവിച്ചിരിക്കുന്പോൾ മനസിന് ഓർക്കാനുള്ള ചിന്തകൾ മാത്രമാണെന്ന തിരിച്ചറിവിലും ഏകാന്തത എന്നത് ഒരു മനുഷ്യനെ സംബന്ധിച്ചടുത്തോളം ഏറ്റവും കനമുള്ള ചുമട് തന്നെയാണ് എന്ന് പറയാതെ വയ്യ.
ഇന്ന് ഈ വിഷയത്തിലേയ്ക്ക് എത്താനുള്ള കാരണം ബ്രിട്ടനിൽ നിന്നുള്ള ഒരു വാർത്തയാണ്. അവിടെ ഏകാന്തത മൂലം പൗരന്‍മാർക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒരു മന്ത്രിയെ നിയമിച്ചിരിക്കുന്നു. ബ്രിട്ടനിലെ സജീവ രാഷ്ട്രീയ പ്രവർത്തകയായ ട്രെയ്‌സോ ക്രൗച്ചാണ് ലോകത്തെ ആദ്യ ഏകാന്തത മന്ത്രി. ആധുനിക ജീവിതത്തിന്റെ സങ്കടകരമായ യാഥാർത്ഥ്യമെന്നാണ് ഇതിനെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഈ നിയമനത്തെ വിശേഷിപ്പിച്ചത്. ഏറെക്കാലമായി ആളുകളുമായി ബന്ധപ്പെടാതെയും സങ്കടത്തിലും ഒറ്റപ്പെടലിലും ജീവിക്കുന്നവരുടെ പ്രശ്‌നങ്ങളാണ് പുതിയ മന്ത്രി കൈകാര്യം ചെയ്യേണ്ടി വരിക. ബ്രിട്ടിനിൽ ഒന്പത് ദശലക്ഷത്തോളം ആളുകളാണ് ഇത്തരം സാഹചര്യങ്ങളിൽ ജീവിക്കുന്നത്. രണ്ട് ലക്ഷത്തോളം വയോധികർ മാസത്തിൽ ഒരിക്കൽ പോലും സുഹൃത്തുക്കളോ ബന്ധുക്കളോ ആയി സംഭാഷണത്തിൽ ഏർപ്പെടുന്നില്ല. 6.6 കോടി ജനസംഖ്യയുള്ള രാജ്യത്ത് 75 വയസ്സിനു മുകളിലുള്ള പാതി ജനങ്ങളും ഏകാന്തതയിലാണ് കഴിയുന്നത്. ഭിന്നശേഷിക്കാരായ യുവജനങ്ങളുടെ കാര്യമെടുത്താൽ 85 ശതമാനവും ഏകാന്തത അനുഭവിക്കുന്നുണ്ട്. ഇവിടെ പലർക്കും ആഴ്ചകളും മാസങ്ങളും മറ്റാരുമായും ഇടപഴകാതെ ജീവിക്കാനും സാധ്യമാണ്. ഇതെല്ലാം കണക്കിലെടുത്താണ് ഇപ്പോൾ ഇത്തരം വിഷയങ്ങളിൽ ഇടപെടാനായി ഒരു മന്ത്രിയെ നിയമിച്ചിരിക്കുന്നത്.
ഇത്തരമൊരു മന്ത്രി സമീപഭാവിയിൽ ലോകമെങ്ങും വേണ്ടി വരുമെന്ന് തന്നെയാണ് തോന്നുന്നത്. കാരണം തൊട്ടടുത്തിരിക്കുന്നവന്റെ ജീവിതം ചോദിച്ചറിയാൻ പോലും മടിക്കാണിക്കുന്ന, തൊട്ടപ്പുറത്തെ വീട്ടിൽ ജീവിക്കുന്നവന്റെ പേര് പോലും ചോദിക്കാൻ മറക്കുന്ന വെറും യന്ത്ര മനുഷ്യരായി നമ്മൾ ഓരോ ദിവസവും രൂപാന്തരപ്പെട്ടു വരികയാണ്. മറ്റൊരാളുടെ ജീവിതത്തിനെ പറ്റി അന്വേഷണം നടത്തുന്നത് പോലും ഇന്ന് വലിയ ക്രിമിനൽ കുറ്റമായി മാറിയിരിക്കുന്നു. ഓർമ്മകളിൽ പരസ്പരം നഷ്ടപ്പെടാൻ പോലും സാധിക്കാത്ത ഏകശിലാപ്രസ്ഥാനങ്ങളായി മനുഷ്യർ മാറുന്പോൾ ഇത് വളർച്ചയാണോ, തളർച്ചയാണോ എന്ന് മാത്രം മനസിലാകുന്നില്ല... !!