സഭ തീരുന്പോൾ...
പ്രദീപ് പുറവങ്കര
അങ്ങിനെ ലോകകേരള സഭ കഴിഞ്ഞിരിക്കുന്നു. കേരളത്തിന്റെ വികസനത്തിനും പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനുമാണെന്ന് അവകശപ്പെട്ടാണ് ഇത്തരമൊരു സഭ ചേർന്നത്. ലോക കേരള സഭയിൽ ഉന്നയിക്കപ്പെട്ട ചില വിഷയങ്ങൾ പാർലിമെന്റിൽ കേരളത്തിന്റെ പ്രതിനിധികൾ അവതരിപ്പിക്കുമെന്നത് സമ്മേളനാനന്തരം ധാരണയായിട്ടുണ്ട്. എന്നിട്ട് എന്ത് ഗുണമാണ് ഉണ്ടാകുക എന്ന ചോദ്യം തൽകാലം നമ്മുക്ക് മാറ്റിവെക്കാം. ജനാധിപത്യ സമൂഹത്തിൽ ഇത്തരം വിഷയങ്ങളിൽ അതിന് അതിന്റേതായ വഴികളുണ്ടല്ലോ എന്ന് സമാധാനിക്കാം. സമ്മേളനത്തിൽ പ്രവാസികൾക്ക് നാട്ടിൽ വ്യവസായങ്ങൾ തുടങ്ങാനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപ്പിച്ചിട്ടുണ്ട്. അത് എങ്ങിനെയാണെന്നതിനെ പറ്റി ശരിയായ ഒരു രൂപരേഖ ഉണ്ടായിട്ടില്ല എന്ന് തന്നെയാണ് മനസിലാക്കുന്നത്. ഉദാഹരണത്തിന് നാൽപ്പത് വയസായ ഒരു പ്രവാസി വിദേശത്ത് നിന്ന് തിരികെ പോവുകയാണെങ്കിൽ അദ്ദേഹത്തിന് ഒരു ചെറുകിട ബിസിനസ് ആരംഭിക്കണമെങ്കിൽ എന്തെങ്കിലും തരത്തിലുള്ള ഏകജാലക സംവിധാനമോ അല്ലെങ്കിൽ മറ്റുള്ളവർക്ക് ലഭിക്കുന്നതിനേക്കാൾ എന്തെങ്കിൽ ലോൺ സൗകര്യമോ ലഭിക്കുമോ എന്നത് ഇപ്പോഴും ഒരു ചോദ്യചിഹ്നമായി തന്നെ നിൽക്കുകയാണ്.
കേരളത്തിനുള്ളത് 31 ലക്ഷം പ്രവാസികളാണ്. ഇതിൽ ഏഴ് ലക്ഷം പേർ ഇന്ത്യയിൽ മറ്റ് സംസ്ഥാനങ്ങളിലും, 24 ലക്ഷം പേർ മറ്റ് രാജ്യങ്ങളിലുമാണ് ഉള്ളത്. പ്രവാസം കഴിഞ്ഞ് നാട്ടിലെത്തിയവർ ഏകദേശം 17 ലക്ഷത്തോളം വരും. ഇങ്ങിനെ മൂന്നരകോടി ജനസംഖ്യയിൽ അന്പത് ലക്ഷത്തോളം പേർ നേരിട്ട് പ്രവാസജീവിതവുമായി ബന്ധപ്പെട്ട് കഴിയുന്നവരാണെന്ന് പറയാം. ഈ അന്പത് ലക്ഷത്തെ പ്രതിനിധീകരിച്ചാണ് 178 അംഗങ്ങൾ ലോകകേരളസഭയിൽ പങ്കെടുത്തത്. ആടുജീവിതത്തിലെ നജീബ് മുതൽ ശതകോടീശ്വരൻമാർ വരെ ഒരു സഭയിൽ ഒന്നിച്ചിരുന്നു എന്നത് കാണാൻ നല്ല ചന്തമുള്ള കാര്യം തന്നെയാണ്. ഇവരെ കൂട്ടിയോജിപ്പിച്ചു കൊണ്ട് കുറേ കെട്ടിടങ്ങൾ ഉണ്ടാക്കുക എന്നതിൽ ഒതുങ്ങി പോകരുത് ലോക കേരള സഭ. പ്രവാസികളുടെ ക്ഷേമത്തിന് വേണ്ടിയുണ്ടാക്കിയ ഒരു സംരഭമായിരുന്നു കിഫ്ബി. അതിന്റെ പ്രവർത്തനങ്ങൾ എന്താണെന്നത് ധനകാര്യമന്ത്രിക്ക് മാത്രമേ അറിയൂ എന്ന പരാതി സജീവമാണ്. പ്രവാസികളെ ഉൾപ്പെടുത്തി കേരള ബാങ്ക്, അതു പോലെ കേരള എയർലൈൻസ് എന്നു തുടങ്ങി നിരവധി പ്രഖ്യാപനങ്ങൾ സർക്കാരുകൾ നടത്തിയിട്ടുണ്ടെങ്കിലും ഒന്നും പ്രാവർത്തികമാകാത്തത് ആശങ്കയുണ്ടാക്കുന്ന കാര്യം തന്നെയാണ്. ഇന്ന് ഗൾഫ് പണത്തിന് പുറമേ നമ്മുടെ നാടിന് സന്പത്ത് ഉണ്ടാക്കി തരുന്നത് ലോട്ടറി കച്ചവടവും, മദ്യവിൽപ്പനയുമാണെന്ന് പറഞ്ഞാൽ അതിശയോക്തി ഇല്ല. കൃഷി, വ്യവസായം എന്നിവ എവിടെയും എത്തുന്നില്ല. ചെലവുകളിൽ സിംഹഭാഗവും ഉപയോഗിക്കപ്പെടുന്നത് വേതനവും പെൻഷനുമായിട്ടാണ്. സാമൂഹ്യ സുരക്ഷാ മേഖലകളിലും പൊതുകാര്യങ്ങൾക്കും ചെലവ് ചെയ്യാൻ ഖജനാവിൽ പണവുമില്ല. ലോകകേരള സഭയിൽ ഇതൊക്കെയായിരുന്നില്ലെ ചർച്ച ചേയ്യേണ്ടത് എന്ന് ചോദിച്ചാൽ കുറ്റം പറയാൻ സാധ്യമല്ല. കേരളത്തിന് പുറം ലോകത്തേക്കുള്ള വലിയ ജാലകമാണ് പ്രവാസികൾ. ആ ജാലകത്തിലൂടെ കടന്നുവരുന്ന അവസരങ്ങളെ ശരിയായ രീതിയിൽ തിരിച്ചറിഞ്ഞ് അവയെ ഉപയോഗപ്പെടുത്തിയില്ലെങ്കിൽ കഷ്ടപ്പെടാൻ പോകുന്നത് വരാനിരിക്കുന്ന തലമുറയായിരിക്കുമെന്നത് തീർച്ച !!!