സമരസ്വഭാവം മാറുന്പോൾ...
പ്രദീപ് പുറവങ്കര
സ്വന്തം അനുജന്റെ മരണത്തെ പറ്റിയുള്ള തന്റെ സംശയം തീർത്തുതരണമെന്ന് ആവശ്യപ്പെട്ട് ഒരു ജ്യേഷ്ഠൻ നടത്തിവരുന്ന ഒറ്റയാൾ സമരം സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ ചർച്ചക്ക് വഴിയൊരുക്കുന്നതാണ്. തിരുവനന്തപുരത്ത് ശ്രീജീവ് എന്ന യുവാവ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിലാണ് സഹോദരൻ ശ്രീജിത്ത് ഏകദേശം രണ്ടര കൊല്ലത്തിന് മുകളിൽ സെക്രട്ടേറിയറ്റ് നടയിൽ സമരം നടത്തിവന്നത്. സോഷ്യൽ മീഡിയ ഈ പ്രശ്നമേറ്റെടുത്തതോടെയാണ് കേരളം കണ്ട പുതിയൊരു സമരവേലിയേറ്റമായി ഇത് മാറിയത്. ഈ സമരം പുതിയ സൈബർ സംസ്കാരത്തിന്‍റെ തുടക്കം കൂടിയായി നമ്മൾ കാണേണ്ടിയിരിക്കുന്നു. ഭരണാധികാരികളും രാഷ്‌ട്രീയക്കാരും ആക്‌ടിവിസ്റ്റുകളുമൊക്കെ അവഗണിച്ചൊരു പോരാട്ടത്തെ നവമാധ്യമങ്ങളിലൂടെ തിരിച്ചറിഞ്ഞ നൂറുകണക്കിനാളുകൾ സെക്രട്ടേറിയറ്റ് നടയിൽ ഒരു ഉപകാരവും തിരിച്ച് പ്രതീക്ഷിക്കാതെ ഒന്നിച്ച് ചേരുന്നത് പുതിയൊരു രാഷ്ട്രീയ സംസ്കാരം നമ്മുടെ നാട്ടിൽ ഉണ്ടാകുന്നതിന്റെ തുടക്കം തന്നെയാണ് എന്ന് പറയാതെ വയ്യ.
സാക്ഷരതയുടെയും സംസ്കാരത്തിന്‍റെയും പേരിൽ അഭിമാനിക്കുന്ന കേരളവും പോലീസ് അതിക്രമങ്ങളിൽ ഇപ്പോഴും പിന്നോട്ടല്ല എന്ന് തെളിയിക്കുന്ന ഒരു പരാതിയാണ് ശ്രീജിത്ത് പ്രധാനമായും മുന്പോട്ട് വെക്കുന്നത്. അടിയന്തരാവസ്ഥക്കാലത്തെ കേരള പോലീസിന്‍റെ മൂന്നാം മുറയും കുപ്രസിദ്ധമായ രാജൻ കേസും മറ്റും ഇന്നും അനേകം പേരുടെ മനസിലെ ഉണങ്ങാത്ത മുറിവായി തന്നെ കിടപ്പുണ്ട്. ശ്രീജീവിന്‍റെ കസ്റ്റഡി മരണവും സഹോദരൻ ശ്രീജിത്തിന്‍റെ സഹനസമരവും കേരളസമൂഹത്തിൽ ഉളവാക്കിയിരിക്കുന്ന പ്രധാന പ്രതികരണം പോലീസിന്‍റെ അപരിഷ്കൃത നടപടികളോടുള്ള കടുത്ത പ്രതിഷേധവും അവയ്ക്കു ചൂട്ടുപിടിക്കുന്ന ഭരണവർഗത്തോടുള്ള അമർഷവുമാണ്.
ഇതിനു സമാനമായ നിരവധി സംഭവങ്ങൾ രാജ്യത്തുടനീളം ഉണ്ടാകുന്നുണ്ട്. ഗുജറാത്തിലെ ഒരു പോലീസ് േസ്റ്റഷനിൽ ദളിത് യുവാവിനെക്കൊണ്ടു പതിനഞ്ചു പോലീസുകാരുടെ ചെരുപ്പു നക്കിച്ച വാർത്ത ഈ പുതുവർഷാരംഭത്തിലാണു പുറത്തുവന്നത്. മിക്ക പോലീസ് പീഡനങ്ങളും പുറത്തുവരുന്നില്ലെന്നതാണു വസ്തുത. കേരളം ഇതിന് അപവാദമല്ലെന്ന് തന്നെ ശ്രീജിത്തിന്റെ സമരവും വിളിച്ചു പറയുന്നു. ഇന്നത്തെ കാലത്ത് കുറ്റകൃത്യങ്ങൾ എല്ലാംതന്നെ ശാസ്ത്രീയമായും സാങ്കേതിക വൈദഗ്ധ്യംകൊണ്ടും കണ്ടുപിടിക്കാവുന്നവയും തെളിയിക്കാവുന്നവയുമാണ്. ബിരുദവും ബിരുദാനന്തര ബിരുദവും പ്രഫഷണൽ യോഗ്യതകളുമുള്ള പോലീസുകാർ ഇന്നു കേരള പോലീസിലുണ്ട്. അതിസമർത്ഥമായ വിധത്തിൽ അന്വേഷണം നടത്തി കേസുകൾ തെളിയിച്ചിട്ടുള്ള പോലീസുകാരും ഏറെയാണ്. ഇവരുടെ ഇടയിൽ നിന്ന് മൂന്നാംമുറകൊണ്ടേ കേസുകൾ തെളിയിക്കാൻ കഴിയൂ എന്നു വിശ്വസിക്കുന്ന പഴഞ്ചൻ പോലീസുകാരെയാണ് മാറ്റിനിർത്തേണ്ടത്. ആരെയെങ്കിലും കൈയിൽ കിട്ടിയാൽ നന്നായി പൂശാതെ വിട്ടില്ലെങ്കിൽ തങ്ങൾ പോലീസുകാരല്ലെന്നു കരുതുന്നവരാണ് ഇവർ. എല്ലാ പോലീസ് േസ്റ്റഷനുകളിലും ലോക്കപ്പ് ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലും റിക്കാർഡിംഗ് സൗകര്യമുള്ള സിസിടിവി കാമറകൾ സ്ഥാപിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കഴിഞ്ഞ ദിവസം നിർദേശിച്ചത് ഈ സാഹചര്യത്തിൽ പ്രസക്തമാണ്. ഇങ്ങിനെയുള്ള പരിഹാരക്രിയകൾ ചെയ്തില്ലെങ്കിൽ ജനങ്ങൾ പ്രതിഷേധ നടപടികളിലേക്കു കടന്നുകൊണ്ടേയിരിക്കും. അത് ദൂരഭാവിയിൽ അരാജകത്വവും സൃഷ്ടിക്കും എന്ന് കൂടി ഓർമ്മിപ്പിക്കട്ടെ...