പാലിയേറ്റീവ് ദിനം കടന്നുപോകുന്പോൾ...
പ്രദീപ് പുറവങ്കര
ഇന്ന് ലോക പാലിയേറ്റീവ് ദിനമാണ്. വർത്തമാന കാലത്തു ആർക്കും ആരെയും നോക്കാൻ സമയം കിട്ടാത്ത സാഹചര്യത്തിൽ ഈ ദിനത്തിന് ഏറെ പ്രാധാന്യം ഉണ്ട്. പലർക്കും ഇന്നും ഈ ഒരു പുണ്യ കർമത്തിന്റെ അർഥം മനസിലായിട്ടില്ല. പലരും കരുതുന്നത് പോലെ പാലിയേറ്റീവ് കെയർ എന്നാൽ രോഗത്തിന്റെ ചികിത്സയല്ല; മറിച്ച് അസുഖങ്ങളുടെ ചികിത്സയാണ്. അതായതു ഒരു രോഗം മൂലം ഒരാൾക്ക് ഉണ്ടാകുന്ന അനുബന്ധ പ്രശ്നങ്ങളായ വേദന, ശ്വാസതടസ്സം, ഛർദി, വിഷാദം, മനോവിഷമങ്ങൾ തുടങ്ങിയവ കണ്ടറിഞ്ഞുള്ള സാന്ത്വനവും മരുന്നുമാണു പാലിയേറ്റീവ് കെയർ. ജീവനു കടുത്ത ഭീഷണിയുയർത്തുകയും ദീർഘകാലം നീണ്ടുനിൽക്കുകയും ചെയ്യുന്ന എല്ലാ രോഗങ്ങൾക്കും അതിന്റെ ചികിത്സയ്ക്കൊപ്പം പാലിയേറ്റീവ് കെയറും ആവശ്യമാണ്. വെറും സ്നേഹചികിത്സ എന്നതിലുപരിയായി രോഗിയുടെ വൈകാരിക, സാമൂഹിക പ്രശ്നങ്ങൾക്കു കൂടി പരിഹാരമാകുന്ന സമഗ്ര ശുശ്രൂഷയാണു പാലിയേറ്റീവ് കെയർ.
ഒരു രോഗം പിടിപെടുന്നതോടെ എല്ലാം തീർന്നു എന്ന ചിന്ത മാരകരോഗങ്ങൾ പിടിപെടുന്ന മിക്ക രോഗികൾക്കുമുണ്ടാകും. നിഷേദാത്മകമായ ഇത്തരം ഒരു നിലപാട് സ്വീകരിക്കുന്പോൾ ചികിത്സ സ്വീകരിക്കാനുള്ള വൈമുഖ്യം രോഗി പ്രകടിപ്പിക്കാം. ഒപ്പം ഒറ്റപ്പെടാനുള്ള പ്രവണത കാട്ടാം. അകാരണമായ ദേഷ്യം, വിഷാദം എന്നിവയുമുണ്ടാകാം. രോഗത്തിന്റെ വൈഷമ്യങ്ങൾ വർദ്ധിപ്പിക്കുന്ന തരത്തിലുള്ള വിപരീത ചിന്തകളാവും രോഗിക്ക് ഏറെയുമുണ്ടാവുക. ഒപ്പം ചികിത്സയുടെ ഉയർന്ന പണച്ചെലവ്, സാന്പത്തിക പ്രയാസം, തൊഴിൽനഷ്ടമാകൽ എന്നിവയും രോഗിയെ മാനസികമായി അലട്ടും. ഈ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ ആശ്വാസവും ഉത്തരവുമാകാൻ പാലിയേറ്റീവ് കെയറിനു കഴിയും. അർഹമായ മാന്യതയും മൂല്യവും തന്റെ ജീവിതത്തിനുണ്ടെന്ന വിശ്വാസത്തിലേക്കു രോഗിയെ കൊണ്ടുവരികയാണു പാലിയേറ്റീവ് കെയറിലൂടെ സന്നദ്ധപ്രവർത്തകർ ചെയുന്നത്. മരണത്തെ മുഖാമുഖം കാണുന്നവർക്കു മാത്രമല്ല മറിച്ചു ഗുരുതര രോഗങ്ങളുടെ പിടിയിലാണെങ്കിലും ഇനിയും ദീർഘകാലം ജീവിച്ചിരിക്കാൻ സാധ്യതയുള്ള രോഗികൾ കൂടി പാലിയേറ്റീവ് കെയറിന്റെ പരിധിയിൽ വരുന്നുണ്ട്.
പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ സാന്ത്വനം നൽകുന്നതു രോഗിക്കു മാത്രമല്ല, രോഗിയുടെ കുടുംബത്തിനു കൂടിയാണ്. കേരളത്തിലൊട്ടാകെ നൂറിലേറെ പാലിയേറ്റീവ് കെയർ സെന്ററുകൾ ഇന്ന് പ്രവർത്തിക്കുന്നുണ്ട്. ഇതിൽ മിക്കതും സന്നദ്ധസംഘടനകളുടെ നേതൃത്വത്തിലുള്ളതാണ്. രോഗികളെ വീടുകളിൽ സന്ദർശിച്ചുള്ള പരിചരണമാണു മിക്ക സന്നദ്ധസംഘടനകളും നടത്തുന്നത്. മരണമടയുന്ന രോഗികളുടെ നിരാലംബരായ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾ പോലും ഏറ്റെടുത്തു നടത്തുന്ന സംഘടനകളുണ്ട്. തങ്ങളുടെ ആശ്രിതരുടെ ഭാവികാര്യങ്ങളുടെ ഉത്തരവാദിത്തമേൽക്കാൻ തയാറുള്ള ആരെങ്കിലുമുണ്ടെന്ന വിശ്വാസംതന്നെ മരണം കാത്തുകഴിയുന്ന രോഗിക്കു പകരുന്ന ആശ്വാസം വലുതാണ്. അൽപ്പം കൗൺസിലിംഗ് പാടവവും, രോഗീപരിചരണവും അറിയാമെങ്കിൽ കരുണയുള്ള മനസുള്ളവർക്ക് പാലിയേറ്റീവ് കെയർ രംഗത്തേക്ക് കാലെടുത്തുവെക്കാം. അങ്ങിനെ ജീവിതം സാർത്ഥകമാകുന്ന നിരവധി പേർ നമ്മുടെ ഇടയിലുണ്ട്. അവർക്ക് ഹൃദയം നിറഞ്ഞ സ്നേഹാഭിവാദ്യങ്ങൾ ഈ ദിനത്തിൽ നേരട്ടെ...