ഏകാംഗ പോരാളികൾ ഉണ്ടാകുന്പോൾ...
പ്രദീപ് പുറവങ്കര
പണ്ട് എന്ന് വെച്ചാൽ ഏറെ പണ്ടൊന്നും അല്ല, നമ്മുടെ നാട്ടിൽ നവാബ് രാജേന്ദ്രൻ എന്ന് പേരുള്ള ഒരാളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മേൽവിലാസം നവാബ് രാജേന്ദ്രൻ, ഹൈക്കോടതി വരാന്ത, എറണാകുളം എന്നായിരുന്നുവെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. പലർക്കും അദ്ദേഹം ശല്യക്കാരനായ വ്യവഹാരിയായിരുന്നു. നാട്ടിലെ നിയമ സംവിധാനത്തിന്റെ മുന കൂർപ്പിച്ച് അഴിമതിക്കാരെ കുത്തിപ്പരിക്കേൽപ്പിച്ച ആ ഒരു ഏകാംഗ പോരാളിയെ ഇന്ന് എത്ര പേർ ഓർക്കുന്നുണ്ടെന്നറിയില്ല. ഇന്ന് അദ്ദേഹത്തെ ഓർക്കാനുള്ള ഒരു കാര്യം ഏകാംഗ പോരാളികൾക്ക് ഇപ്പോഴും നമ്മുടെ നാട്ടിൽ വൈകിയാണെങ്കിലും അംഗീകാരം കിട്ടുന്നു എന്നു കാണുന്പോഴാണ്.
നെയ്യാറ്റിൻകരയിലെ കുളത്തൂർ പൂഴിക്കുന്ന പുതുവൽ പുത്തൻവീട്ടിൽ ശ്രീജിത്ത് എന്ന യുവാവ് സെക്രട്ടറിയേറ്റിന്റെ മുന്പിൽ നടത്തുന്ന സമരം 765 ദിവസമായിരിക്കുന്നു. അഞ്ച് ദിവസം മുന്പ് വരെയെങ്കിലും നമ്മുടെ മാന്യ രാഷ്ട്രീയനേതാക്കൻമാരുടെ ഭാഷയിൽ കൊതുകുകടിയും കൊണ്ട് മഴയും വെയിലും നനഞ്ഞ് ആരും ശ്രദ്ധിക്കാതെ അദ്ദേഹം തന്റെ സമരം നടത്തിവരികയായിരുന്നു. സോഷ്യൽ മീഡിയകളിലൂടെ ഈ വാർത്ത പുറത്തെത്തിയപ്പോഴാണ് സമരത്തിന് പിന്നിലെ വേദന ലോകം തിരിച്ചറിഞ്ഞത്. ഇന്ന് കേരളത്തിന്റെ നാനാതുറകളിലുള്ളവർ സെക്രട്ടേറിയറ്റിന് മുന്നിൽ ശ്രീജിത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി കൊണ്ടിരിക്കുന്നു. ഇപ്പോൾ അവിടെ ശ്രീജിത്ത് തനിയെ അല്ല. ഒരാൾക്കൂട്ടവും അദ്ദേഹത്തോടൊപ്പമുണ്ട്. തന്റെ സഹോദരന്റെ മരണത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചതായി നേരിട്ട് ഉറപ്പ് ലഭിക്കാതെ ഈ സമരം അവസാനിപ്പിക്കില്ലെന്നാണ് ശ്രീജിത്ത് പറയുന്നത്. അതുവരെയും ശ്രീജിത്തിനൊപ്പമുണ്ടാകുമെന്ന് ഇവിടെ തടിച്ചുകൂടിയ ആൾക്കൂട്ടവും ഒരേ സ്വരത്തിൽ പറയുന്നു.
സോഷ്യൽ മീഡിയയുടെ സഹായത്തോടെ ഒറ്റായാൾ പോരാട്ടങ്ങൾക്ക് ആൾക്കൂട്ടത്തിന്റെ ശക്തി കൈവരുന്നത് മുന്പ് ഡൽഹിയിൽ അണ്ണാ ഹസാരെയിലൂടെയും അരവിന്ദ് കേജരിവാളിലൂടെയുമൊക്കെ നമ്മൾ കണ്ടതാണ്. ഇന്ന് ആ പ്രസ്ഥാനം രാജ്യതലസ്ഥാനം തന്നെ ഭരിച്ചുകൊണ്ടിരിക്കുന്നു എന്നതും യാഥാർത്ഥ്യമാണ്. സംഘടനാ ശക്തിയുടെ കരുത്തിൽ അഭിരമിച്ചു പോകുന്ന നമ്മുടെ രാഷ്ട്രീയനേതാക്കൾ ഈയൊരു മാറ്റം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. നാട്ടിലുള്ള ആരുടെയും സമരം അവഗണിച്ച് പോകാൻ രാഷ്ട്രീയപാർട്ടികൾക്കോ, അധികാര വർഗങ്ങൾക്കോ ഒരു ജനാധിപത്യ സമൂഹത്തിൽ സാധിക്കില്ലെന്നാണ് അവർ മനസിലാക്കേണ്ടത്. ഓരോ സമരത്തിനു പിന്നിലും വലിയ വേദനകളുണ്ട്. ആരും വെറുതെ ഇത്രയും കഠിനമായ സമരത്തിലേയ്ക്ക് എടുത്തുചാടില്ല എന്ന് മനസിലാക്കാത്തവർ അല്ല നമ്മുടെ ഇപ്പോഴത്തെ ഭരണാധികാരികൾ. സമരമുഖത്ത് തന്നെ പ്രവർത്തിച്ച് പരിചയമുള്ളവരാണ് അവരും. തുടർച്ചയായി ഒരു പൗരന് നീതി നിഷേധിക്കപ്പെട്ടാൽ ആ ഒരു പൗരനിൽ നിന്ന് സമയമെടുത്താണെങ്കിലും ഒരായിരം പേരായി ഒരു വലിയ ആൾകൂട്ടം പിന്നിൽ ഉയരുമെന്നും ആ പ്രതിഷേധം നിയന്ത്രിക്കാൻ ഏറെ പ്രയാസപ്പെടേണ്ടി വരുമെന്നും ഭരണാധികാരികൾ മനസിലാക്കിയാൽ നന്ന്. കാരണം ജനാധിപത്യത്തിൽ ആരും തനിച്ചല്ല, എല്ലാവർക്കും ആരെങ്കിലും കൂടെ ഉണ്ടാകും..