കൈപ്പത്തിയുടെ വലിപ്പത്തിലേയ്ക്ക് ചുരുങ്ങുന്പോൾ...
പ്രദീപ് പുറവങ്കര
കിടക്കപായയിൽ നിന്ന് എഴുന്നേൽക്കുന്പോൾ ഇന്ന് നമ്മളിൽ മിക്കവരുടെയും കൈയിൽ ആദ്യം തടയുന്നത് ഒരു മൊബൈൽ ഫോണാണ്. മറ്റുള്ളവന്റെ ജീവിതം എങ്ങിനെ പോകുന്നുവെന്നറിയാനും, അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകൾ മനസിലാക്കാനും, അപ്്ലോഡ് ചെയ്യുന്ന ഫോട്ടോകൾ കാണാനും, നമ്മുടെ ലൈക്കുകൾ എത്രയായെന്ന് അറിയാനും, ആരുമറിയാതെ ചാറ്റ് ചെയ്യാനുമൊക്കെയുള്ള ഈ ആവേശത്തെ പറ്റിയാണ് ഇന്ന് തോന്ന്യാക്ഷരം ചിന്തിച്ചുപോകുന്നത്. വിർച്വൽ ലോകത്തിന്റെ ഈ സുഖ ശീതളിമയിൽ മുങ്ങിനീരാടുന്പോൾ നിനച്ചിരിക്കാത്ത നേരത്ത് കടന്നുവരുന്ന ജീവിതയാത്ഥാർത്ഥ്യങ്ങൾ നമ്മെ വല്ലാതെ തളർത്തുന്നു. സോഷ്യൽ മീഡിയയുടെ മായാലോകത്ത് മനുഷ്യന്റെ ദുരന്തങ്ങൾ പോലും ആഘോഷമാണ്. പ്രിയപ്പെട്ടയൊരാൾ മരണപ്പെട്ടാൽ ആ ഫോട്ടോ അപ് ലോഡ് ചെയ്ത് ഒരു കുറിപ്പും നൽകിയാൽ പിന്നെ കാത്തിരിക്കുന്നത് എത്ര അനുശോചന സന്ദേശങ്ങൾ അതിന്റെ താഴെ വന്നു എന്നതിനാണ്. തങ്ങളുടെ പോപുലാരിറ്റി മറ്റുള്ളവരെ അറിയിക്കാനുള്ള ഒരു ഇടമായി മാറുകയാണ് പലർക്കും സോഷ്യൽ മീഡിയയിലെ ദുഖവാർത്തകൾ പോലും. ഈ ലോകത്ത് സാന്പത്തിക പ്രശ്നങ്ങളോ, ബന്ധങ്ങളിലെ തകർച്ചയോ ഒന്നും കടന്നുവരില്ല. ചാറ്റ് സ്ക്രീനിൽ തുരരുതുരാ സ്മൈലികൾ അയക്കുന്നവർ പരസ്പരം കണ്ടാൽ ചിരിക്കാറില്ല എന്നതും വർത്തമാനകാല യാത്ഥാർത്ഥ്യം. ഉറക്കത്തിലൊഴികെ എന്നും ആരെയെങ്കിലും തിരഞ്ഞുകൊണ്ട് സെർച്ചിങ്ങ് മോഡിൽ ജീവിക്കേണ്ടി വരുന്ന ഒരു തലമുറയായി നമ്മൾ മാറിയിരിക്കുന്നു. ഇന്ന് സുഹൃത്തുക്കളുടെയും, സഹപ്രവർത്തകന്റെയും, അയൽവാസിയുടെയും, എന്തിന് ജീവിതപങ്കാളിയുടെയും പോലും മനസിൽ എന്താണ് ഉള്ളതെന്ന് മനസിലാക്കുന്നത് സ്റ്റാറ്റസ് അപ്ഡേറ്റുകളിലൂടെയാണെന്ന് പറഞ്ഞാൽ അതും അതിശയോക്തിയല്ല.
കാൽക്കുലേറ്റർ വന്നതോടെ ഗുണന പട്ടിക മനപാഠമാക്കിയിരുന്ന നമ്മളിൽ പലർക്കും കൂട്ടലും കിഴിക്കലും പോലും സ്വന്തം തലച്ചോറ് ഉപയോഗിച്ച് ചെയ്യാൻ പറ്റാത്ത സാഹചര്യമുണ്ടായി. കന്പ്യൂട്ടർ വന്നതോടെ പേന എന്ന വസ്തു വലിയ പണം കൊടുത്ത് വാങ്ങി ഒപ്പിടാനും, കീശയിൽ കുത്തിനടക്കാനുമുള്ള സാധനമായി മാറി. പേന ഉപയോഗിച്ചുള്ള എഴുത്ത് ഇന്ന് അഭ്യാസമാണ്. സംശയമുണ്ടെങ്കിൽ ഒരു അഞ്ച് പേജ് എഴുതിനോക്കുക. വിരലുകൾ തളർന്നുപോകും. ഇങ്ങിനെ മുന്പത്തെ തലമുറയ്ക്കുണ്ടായിരുന്ന ധാരാളം കഴിവുകൾ ഇന്നത്തെ യാന്ത്രിക ലോകം ഇല്ലാതാക്കിയിട്ടുണ്ട്.
പരസ്പര ബന്ധങ്ങളുടെ വ്യാപ്തിയും ആഴവും തിരിച്ചറിയാൻ സാധിക്കാതെ, ഒരു കൈപ്പത്തിയുടെ വലിപ്പത്തിലേയ്ക്ക് മനുഷ്യൻ ഒളിച്ചിരിക്കുന്പോൾ യത്ഥാർത്ഥത്തിൽ നമ്മളിലെ സാമൂഹ്യജീവി തളർന്നുപോകുകയാണ്. തനിക്ക് ഏറ്റവും വേണ്ടപ്പെട്ടയാളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും അറിയാൻ അവരുടെ സ്റ്റാറ്റസ് മെസേജ് നോക്കേണ്ടി വരുന്നത് തന്നെ ഏറ്റവും വലിയ ദുരന്തമാണ് എന്ന് മനസിലാക്കാനും, കാലം ഇന്ന് മനുഷ്യനോട് പരസ്പരം സംസാരിക്കുവാനും, പരസ്പരം കേൾക്കുവാനുമാണ് ആവശ്യപ്പെടുന്നതെന്ന് തിരിച്ചറിഞ്ഞില്ലെങ്കിൽ, കൈയെഴുത്ത് ശേഷി നഷ്ടമായത് പോലെതന്നെ സംസാരശേഷിയും നഷ്ടമാകാൻ അധികദൂരം യാത്ര ചെയ്യേണ്ടി വരില്ല എന്ന കാര്യം മാത്രം ഓർമ്മിപ്പിക്കട്ടെ...!!