വി­പണി­യു­ടെ­ വാ­തിൽ തു­റക്കു­ന്പോൾ...


 

പ്രദീപ് പുറവങ്കര

കഴിഞ്ഞ ദിവസം പ്രവാസി ഭാരതീയ ദിവസുമായി ബന്ധപ്പെട്ട് നമ്മുടെ പ്രധാനമന്ത്രി നരേദ്ര മോദി നടത്തിയ പ്രസംഗത്തിൽ ഇന്ന് ലോകത്തെ ഏറ്റവും വലിയ വിപണിയാണ് നമ്മുടെ ഭാരതമെന്ന് പറയുകയുണ്ടായി. ബഹുരാഷ്ട്ര കന്പനികൾക്ക് അവരുടെ സാധനങ്ങൾ വിറ്റഴിക്കണമെങ്കിൽ ഇന്ത്യയുടെ സഹായമില്ലെങ്കിൽ സാധിക്കില്ലെന്ന ധ്വനി തന്നെയാണ് ആ വാക്കുകളിൽ നിഴലിച്ചത്. പുറത്ത് നിന്നും ഇങ്ങിനെ സാധനങ്ങൾ വാങ്ങുന്നതിന് പുറമേ  ഇപ്പോൾ വിദേശത്തു നിന്നുള്ള നിക്ഷേപവും സ്വീകരിക്കാനുള്ള തീരുമാനവും കഴിഞ്ഞ ദിവസം ശ്രീ നരേദ്ര മോദി പ്രഖ്യാപ്പിച്ചിരിക്കുന്നു. വരുന്ന ദിവസങ്ങളിൽ കൂടുതൽ വിദേശ കുത്തക കന്പനികൾ ഇതോടെ നമ്മുടെ നാട്ടിൽ കൊടി നാട്ടിതുടങ്ങുമെന്നത് ഉറപ്പായിരിക്കുകയാണ്. 

ഇത്തരമൊരു തീരുമാനമാണ് നമ്മുടെ രാജ്യത്തിന്റേതെങ്കിൽ മേക്ക് ഇൻ ഇന്ത്യ പോലെയുള്ള മുദ്രാവാക്യങ്ങൾക്ക് എന്ത് പ്രസക്തിയാണ് ഉള്ളത് എന്ന് മനസിലാകുന്നില്ല. ബി.ജെ.പിയും മോദിയും ഒക്കെ പ്രതിപക്ഷത്തായിരുന്നപ്പോൾ മൻമോഹൻസിംഗ് ഗവൺമെന്റ് നടത്തിയ ഉദാരവത്കരണ സമീപനങ്ങളെ മുന്പ് തുറന്ന് എതിർത്തവരായിരുന്നു. അവരാണ് ഇപ്പോൾ നയം മാറ്റിയിരിക്കുന്നത്. ഉദാരവത്കരണ നയം ത്വരിതപ്പെടുത്തുന്പോൾ നേട്ടമുണ്ടാക്കുന്നത് ബഹുരാഷ്‌ട്ര കുത്തകകളാണെന്ന വിമർശനമുയരുന്പോൾ രാജ്യത്തിന്‍റെ സാന്പത്തിക വളർച്ചയെ അതു ത്വരിതപ്പെടുത്തുമെന്നാണു സർക്കാരിന്‍റെ അവകാശവാദം.

രാജ്യത്തിന്റെ വ്യോമയാന കന്പനിയായ എയർ ഇന്ത്യ, ഏക ബ്രാൻഡ്് ചില്ലറ വ്യാപാരം, നിർമാണ മേഖല, ഊർ‍ജ്ജ വിനിമയം, ചികിത്സാ ഉപകരണങ്ങൾ തുടങ്ങിയ മേഖലകളിലാണ്  പ്രത്യക്ഷ വിദേശ നിക്ഷേപ നിയന്ത്രണങ്ങളിൽ കഴിഞ്ഞ ദിവസം വൻ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതൽ വിദേശ നിക്ഷേപം ആകർ‍ഷിക്കുക വഴി നിലവിൽ അഭിമുഖീകരിക്കുന്ന സാന്പത്തിക പ്രതിസന്ധിയെയും വളർച്ചാ മുരടിപ്പിനെയും വർദ്ധിച്ചുവരുന്ന തൊഴിൽരാഹിത്യത്തിനെയും മറികടക്കാമെന്ന കണക്കുകൂട്ടലാണ് സർക്കാരിനുള്ളത്. 

സാന്പത്തിക വളർച്ച കഴിഞ്ഞ നാല് വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയ സാന്പത്തിക വർഷമാണ് കടന്നുപോയി കൊണ്ടിരിക്കുന്നത്. എന്തെങ്കിലുമൊക്കെ ചെപ്പടിവിദ്യകൾ കാട്ടി പിടിച്ചുനിൽക്കാൻ നടത്തുന്ന ശ്രമം കൂടുതൽ അപകടം വരുത്തിവയ്ക്കുന്നതാവരുത്. സ്വിറ്റ്സർലൻഡിൽ ദാവോസിലെ ലോക സാന്പത്തിക ഫോറം വാർഷിക യോഗത്തിനു തൊട്ടുമുന്നേയാണ് മോദി സർക്കാർ വിദേശനിക്ഷേപ ഉദാരവത്കരണ നയം പ്രഖ്യാപിച്ചിരിക്കുന്നതെന്ന കാര്യവും ശ്രദ്ധേയമാണ്. ഉച്ചകോടിയിൽ പ്രധാനമന്ത്രി പ്രമുഖ കന്പനികളുടെ മേധാവികളുമായി ചർച്ച നടത്തുമെന്നും വിദേശ നിക്ഷേപത്തെ സ്വാഗതം ചെയ്യാനുള്ള ശ്രമം നടത്തുമെന്നുമാണ് മനസിലാക്കേണ്ടത്. കാർഷിക മേഖല കഴിഞ്ഞാൽ ഇന്ത്യയുടെ രണ്ടാമത്തെ ഏറ്റവും വലിയ അനൗപചാരിക തൊഴിൽ‍മേഖലയാണ് ചില്ലറ വ്യാപാരരംഗം. അവിടെ വിദേശ നിക്ഷേപങ്ങൾക്ക് സ്വാഗതം അരുളുന്പോൾ ചെറുകിട വ്യാപാരികളും കച്ചവടക്കാരും നേരിടാൻ പോകുന്ന പ്രതിസന്ധി അവർ ചൂണ്ടിക്കാട്ടുന്നു. വലിയ കുത്തക കന്പനികളുടെ മുന്പിൽ അവർക്ക് പിടിച്ചു നിൽക്കാൻ സാധിച്ചില്ലെങ്കിൽ  ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് കരുതുന്നവരും ഏറെയാണ്. ആശങ്കകൾക്ക് ഗവൺമെന്റ് തന്നെ പരിഹാരം കണ്ടെത്തുമെന്ന പ്രതീക്ഷയോടെ... 

You might also like

  • Lulu Exchange
  • Straight Forward

Most Viewed