ലോ­ക കേ­രള സഭ കൂ­ടു­ന്പോൾ...


പ്രദീപ് പുറവങ്കര

തിരുവനന്തപുരത്ത് നാളെ ലോകമെന്പാടുമുള്ള മലയാളികളായ പ്രവാസികളുടെ പ്രതിനിധികളെ ഉൾക്കൊളിച്ചു കൊണ്ട് നടക്കുന്ന ലോകകേരള സഭയെ ഏറെ പ്രതീക്ഷകളോടെയാണ് പ്രവാസി സമൂഹം നോക്കികാണുന്നത്. നിയമപരമായി പാർലിമെന്ററി മാതൃകയിലാണ് ഒരു സഭ ഇങ്ങിനെ രൂപവത്കരിക്കപ്പെടുന്നത്. കേരള നിയമസഭയിലെ മെന്പേഴ്സ് ലോഞ്ചിൽ നടക്കുന്ന പ്രഥമ ലോക കേരളസഭയിൽ എം.പിമാർ, എം.എൽ.എമാർ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള ജനപ്രതിനിധികൾ എന്നിവരുൾപ്പടെ 351 പേരാണ് പങ്കെടുക്കുന്നത്. 177 പേരെയാണ് സർക്കാർ തന്നെ നാമനിർദേശം ചെയ്ത് അംഗങ്ങളാക്കിയിരിക്കുന്നത്. പ്രവാസിമലയാളികളുടെ സംഘടനാ പ്രതിനിധികളെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് വർഷത്തിലൊരിക്കലാണ് ഈ സഭ ചേരുക. ഇങ്ങിനെ വലിയ രീതിയിലാണ് ഇത്തരമൊരു സംരഭത്തിന് ഇടത് മുന്നണി സർക്കാർ തുടക്കമിട്ടിരിക്കുന്നത്.

പ്രവാസികളുടെ സമ്മേളനം ഇതാദ്യമായിട്ടല്ല നമ്മുടെ നാട്ടിൽ നടക്കുന്നതെങ്കിലും ലോകമെന്പാടും പരന്നുകിടക്കുന്ന ഏറ്റവും വലിയ പ്രവാസി സമൂഹങ്ങളിലൊന്നായ മലയാളികൾ ഒന്നിച്ച് ഒരിടത്ത് കൂടി അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നത് ശ്ലാഘനീയമായ കാര്യമാണ്. കേരളത്തിന്റെ നട്ടെല്ലാണ് വിദേശ മലയാളികൾ കൊണ്ടുവരുന്ന സന്പത്ത്. അതില്ലെങ്കിൽ കേരളത്തിൽ ഇന്ന് കാണുന്ന വികസനത്തിന്റെ അടുത്ത് പോലും നമുക്ക് എത്താൻ സാധിക്കില്ല എന്നത് പകൽ പോലെ വ്യക്തമാണ്. സഹ്യനപ്പുറത്ത് എവിടെ പോയാലും തന്റെ ഭാഷയും സംസ്കാരവും ഒക്കെ അതുപോലെ പറിച്ച് നടാനും ഒപ്പം ഫലപ്രദമായി മറ്റുള്ള സമൂഹങ്ങളുമായി ഇഴുകിചേരാനും മലയാളി കാണിക്കുന്ന മിടുക്ക് മറ്റാർക്കും തന്നെയില്ല എന്നതും സത്യമാണ്.

പക്ഷെ കാലം മാറി വരികയാണ്. ലോകത്തിന്റെ പലയിടങ്ങളും പ്രതിസന്ധികളിലൂടെ കടന്നുപോയികൊണ്ടിരിക്കുകയാണ്. ഇവിടെയുള്ള പ്രവാസികളെ ഇനിയും പോറ്റാൻ സാധിക്കാത്ത അവസ്ഥയിലാണ് പല നല്ല പോറ്റമ്മമാരും. അവർ ഒറ്റയടിക്ക് നമ്മെ പുറത്തേയ്ക്ക് ആട്ടി തെളിക്കുന്നില്ലെങ്കിലും പതിയെ പതിയെ അതിന്റെ സൂചനകൾ നൽകിവരികയാണ്.  അത്തരമൊരു കാലത്ത് ലോകകേരള സഭ പോലെയുള്ള ഇരുത്തങ്ങൾ തീർച്ചയായും ഗുണം ചെയ്യും. പരസ്പരം പൊന്നാട അണിയിക്കലും, ആദരിക്കലും മാത്രമായി ഒതുങ്ങാതെ മുകളിൽ സൂചിപ്പിച്ച വലിയ പ്രശ്നങ്ങളിലേയ്ക്ക് കൂടി സഭയുടെ ശ്രദ്ധ പോകണമെന്ന് മാത്രം. അതുപോലെ ഈ സഭയിൽ അംഗത്വം ലഭിച്ചവരൊക്കെ അതിന് അർഹരാണെന്ന് പറയുന്പോൾ തന്നെ എന്തായിരുന്നു ഇതിന്റെ മാനദണ്ധമെന്നും ഗവൺമെന്റിന് അറിയിക്കാമായിരുന്നു. രാഷ്ട്രീയക്കാരുടെ സ്ഥിരം  വീതം വെപ്പ് പോലെയാണോ പ്രതിനിധികളെ തിര‍ഞ്ഞെടുത്തതെന്ന ചോദ്യം വളരെ സജീവമായി തന്നെ പ്രവാസലോകത്ത് ചർച്ച ചെയ്യപ്പെടുന്നുണ്ട്. അതു പോലെ ഇതുമായി ബന്ധപ്പെട്ട് മറ്റ് പല സഭകളും കേരളത്തിന്റെ പല ഭാഗങ്ങളിലായി നടന്നിട്ടുണ്ട്. അതിലും എന്ത് തരം തിരഞ്ഞെടുപ്പുകളാണ് നടന്നിട്ടുള്ളതെന്ന് വ്യക്തമല്ല. എന്തായാലും സഭ തീരുന്പോഴേക്കെങ്കിലും കാര്യങ്ങൾക്ക് കുറേ കൂടി വ്യക്തത വരുമെന്ന പ്രതീക്ഷയോടെ... എല്ലാ ആശംസകളും...

You might also like

Most Viewed