ദേശഭക്തിയുടെ കാലം...


പ്രദീപ് പുറവങ്കര

ഇന്ത്യ പോലെ വിശാലവും സ്വാതന്ത്ര്യവും ഉള്ള ഒരു  രാജ്യത്ത് താമസിക്കുന്ന വ്യക്തിക്ക് അദ്ദേഹത്തിന്റെ ദേശഭക്തി എന്ന വികാരം കേവല പ്രകടനങ്ങളിലൂടെ മാത്രം കാണിക്കാൻ സാധിക്കുന്ന ഒന്നല്ല എന്ന് ഒടുവിൽ നമ്മുടെ നീതിപീഠം തിരിച്ചറിഞ്ഞതിൽ ഏറെ സന്തോഷം.  2016 നവംബർ 30ന് രാജ്യത്തെ പരമോന്നത കോടതി സിനിമ തിയേറ്ററുകളിൽ ദേശീയഗാനം ആലപിക്കുന്നതു സംബന്ധിച്ചു പുറപ്പെടുവിച്ച ഉത്തരവിൽ വന്ന  ഭേദഗതി അതു കൊണ്ട് തന്നെ സ്വാഗതാർഹമായ കാര്യമാണ്.  

ആദ്യ ഉത്തരവിൽ സിനിമ പ്രദർശനം ആരംഭിക്കും മുന്പ്  ദേശീയ ഗാനാലാപനം നമ്മുടെ രാജ്യത്ത് നിർബന്ധിതമാക്കിയിരുന്നു. പിന്നീട് അംഗപരിമിതരായ പ്രേക്ഷകരെ ദേശീയ ഗാനാലാപന സമയത്ത് എഴുന്നേറ്റ് നിൽക്കണമെന്ന വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കി. അതിന് ശേഷമാണ് ഇപ്പോൾ പുതിയ ഭേദഗതി വന്നിരിക്കുന്നത്.   തിയേറ്ററുകളിൽ ദേശീയ ഗാനാലാപനം മുന്പ് ഒഴിവാക്കിയത് പ്രേക്ഷകർ എല്ലാവരും ആവശ്യമായ ആദരവ് പ്രകടിപ്പിക്കുന്നില്ലെന്ന തിരിച്ചറിവിൽ‍ നിന്നാണ്. അതിന്റെ പ്രധാന കാരണം സിനിമാ തിയേറ്ററുകളിൽ പ്രേക്ഷകരായി എത്തുന്നവരിൽ  മഹാഭൂരിപക്ഷവും ഒരു വിനോദോപാധി എന്ന നിലയിലാണ് അതിന് മുതിരുന്നത് എന്നത് തന്നെയാണ്.  അത് തികച്ചും അനൗപചാരികവും വ്യക്തിഗതവുമായ ഒന്നാണ്. അതിന് ഔപചാരികതയുടെ പരിവേഷം നൽ‍കുന്നത് തന്നെ അനാവശ്യവും പ്രകടനാത്മകമായ ദേശസ്‌നേഹം പൗരന്മാരുടെമേൽ അടിച്ചേൽ‍പ്പിക്കുന്നതിന് തുല്യവുമാണ്.  

ഇത്തരം വൈകാരിക പ്രകടനങ്ങളിൽ താൽപ്പര്യം കാണിക്കാത്തവർ ദേശഭക്തരല്ലെന്ന് മുദ്ര കുത്തുവാൻ ചിലർ കാണിക്കുന്ന താൽപ്പര്യം തികച്ചും രാഷ്ട്രീയലാഭം ലക്ഷ്യമാക്കിയിട്ടുള്ളതാണെന്ന് ആർക്കാണ് മനസിലാകാത്തത്. ഇങ്ങിനെയൊരു നിയമം ഉണ്ടായത് കാരണം നീതിപാലകർക്കും നിരപരാധികളുടെ മുകളിൽ നടപടികൾ സ്വീകരിക്കേണ്ടി വന്നു. അതേ സമയം പുതിയ ഭേദഗതി ഉത്തരവ് പ്രകാരം തങ്ങളുടെ തിയേറ്ററുകളിൽ‍ സിനിമാ പ്രദർശനത്തിന് മുന്പ്് ദേശീയ ഗാനാലാപനം പ്രദർ‍ശിപ്പിക്കണമോ എന്ന് തിയേറ്റർ‍ ഉടമകൾക്ക് ഇനി തീരുമാനിക്കാം. ആ നേരത്ത് പ്രേക്ഷകർ കോടതി നിർദേശിച്ച തരത്തിൽ ആദരവ് പ്രകടിപ്പിക്കുകയും വേണം. ഈ തീരുമാനം ഇനി എന്തൊക്കെ വിഭാഗീതയാണ് ഉണ്ടാക്കാൻ പോകുന്നതെന്ന് കണ്ട് തന്നെ അറിയേണ്ട കാര്യമാണ്. പൗരന്മാരുടെ ദേശാഭിമാന ബോധവും ദേശഭക്തിയും ധാർ‍മികബോധവും നിരീക്ഷണ വിധേയമാക്കുന്ന ഒരു സാഹചര്യം സ്വതന്ത്രമായ ഒരു രാജ്യത്ത് ഏറെ കാലം നിലനിൽക്കുന്ന കാര്യമല്ലെന്ന് ഭരണാധികാരികൾ തിരിച്ചറിയേണ്ടതുണ്ട്. രാജ്യത്തെ ആഘോഷങ്ങളെ പോലും നിരോധിക്കുന്ന ഒരു അവസ്ഥ ഉണ്ടാകുന്നതും ആശാസ്യമല്ല. ജനാധിപത്യം, മതനിരപേക്ഷത, യുക്തിചിന്ത, ശാസ്ത്രീയ സമീപനം എന്നിങ്ങനെ ഭരണഘടന അടിവരയിടുന്ന മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്ന ഒരു ഭരണകൂട വ്യവസ്ഥയിൽ നിന്ന് ഇന്ത്യക്ക് ഒരിക്കലും വ്യതിചലിക്കാൻ സാധ്യമല്ല. ആ സാഹചര്യത്തിൽ ദേശീയ ബോധമടക്കമുള്ള വിഷയങ്ങൾ എടുത്ത് അതിനെ വൈകാരിവൽ‍ക്കരിച്ച് മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങൾ തെറ്റ് തന്നെയാണെന്ന് കാലം തെളിയിക്കും. അതേ സമയം റിപ്പബ്ലിക്ക് ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്ത് പ്ലാസ്റ്റിക് ഉപയോഗിച്ച്‌ നിർമിക്കുന്ന ദേശീയ പതാകകൾ  പാടിലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലം ഉത്തരവ് സ്വാഗതാർഹമാണെന്ന കാര്യവും ഓർമ്മിപ്പിക്കുന്നു... 

You might also like

Most Viewed