ആപ്കാ “സംഭാവനാ” ക്യാ ഹെ...
പ്രദീപ് പുറവങ്കര
എഐസിസി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ബഹ്റൈനിലെത്തിയപ്പോൾ ഏറ്റവുമധികം പറഞ്ഞ് കേട്ട ഒരു കാര്യം ഇദ്ദേഹത്തെ പോലെയുള്ള രാഷ്്ട്രീയ നേതാക്കളൊക്കെ സംഭവാന പിരിക്കാനാണ് ഇവിടെയെത്തുന്നത് എന്നാണ്. നാട്ടിലെ ഒരു പഞ്ചായത്ത് മെന്പർ മുതൽ ആരായാലും രാഷ്ട്രീയമാണ് തട്ടകമെങ്കിൽ അവരുടെ ലക്ഷ്യം സംഭവാന എന്നതാണ് പൊതുവെയുള്ള ഒരു വെപ്പ്. സാധാരണ സ്ഥാപനങ്ങളെ പോലെ ജോലി എടുത്ത് കൂലി വാങ്ങാനുള്ള ശേഷിയൊന്നും ഇത്തരം സംഘടനകൾക്ക് ഇല്ലാത്തത് കാരണം ഒരു ജനകീയ കൂട്ടായ്മയ്ക്ക് പ്രവർത്തിക്കാനുള്ള മൂലധനത്തിന് പുറത്ത് നിന്നുള്ള സംഭാവനകൾ തന്നെയാണ് ശരണം.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന ഖ്യാതിയുള്ള നമ്മുടെ നാട് ഈ സംഭാവനയെ അഴിമതിയുമായിട്ടാണ് പൊതുവേ ചേർത്തുവെക്കുന്നത്. എന്തോ സാധിച്ച് കിട്ടാനുള്ള കൈക്കൂലിയായി പലരും രാഷ്ട്രീയകാർക്കുള്ള ഈ ധനസഹായത്തെ കാണുന്നു. ചിലപ്പോഴൊക്കെ ഇത്തരം സംഭാവന അഴിമതികൾ പുറത്ത് വരികയും, രാഷ്ട്രീയ നേതാക്കളെ ജയിലഴി എണ്ണിക്കുകയും ചെയ്യുന്നു. നേതാക്കൾക്കെതിരേ ആരോപണങ്ങൾ ഉയരുന്നതു സാധാരണമാണെങ്കിലും ശിക്ഷിക്കപ്പെടുന്നത് അത്ര സാധാരണമല്ല എന്നതും ഈ നേരത്ത് ഓർക്കാം. പല നേതാക്കളും പാർട്ടിക്കുവേണ്ടിക്കൂടിയാണ് ഈ സംഭാവന അഴിമതി നടത്തുന്നത് എന്നതാണ് സത്യം. തെരഞ്ഞെടുപ്പിൽ ജയിക്കാനും അണികളെ പാർട്ടിയിൽ ഉറപ്പിച്ചുനിർത്താനും പാർട്ടിയുടെ ശക്തി പ്രകടിപ്പിക്കാനുമൊക്കെ പണം ആവശ്യമാണല്ലോ. അത് ഉണ്ടാക്കിയെടുക്കാനുള്ള സെയിൽസ് മാനേജർമാരാണ് ഇന്ന് മിക്ക വലിയ നേതാക്കളും. അതിന് കക്ഷിരാഷ്ട്രീയ ഭേദമൊന്നുമില്ല.
തെരഞ്ഞെടുപ്പുകാലത്താണ് രാഷ്‌ട്രീയ കക്ഷികൾക്ക് ഏറ്റവും കൂടുതൽ പണം ആവശ്യമായി വരുന്നത്. പണമില്ലെങ്കിൽ വിജയമില്ല എന്നതാണ് ഇന്ന് സ്ഥിതി. പാർട്ടിക്കായാലും നേതാക്കൾക്കായാലും സംഭാവന നൽകുന്നവരിൽ പലരും അതിനുള്ള പ്രതിഫലം ആഗ്രഹിക്കുന്നുണ്ട്. തങ്ങൾ നൽകുന്ന സംഭാവന പിന്നീടു പതിന്മടങ്ങായി തിരിച്ചെടുക്കാം എന്ന് ചിന്തിക്കുന്നത് കച്ചവടകണ്ണോടെ നോക്കുന്പോൾ സ്വാഭാവികം തന്നെ.
പറഞ്ഞുവരുന്നത് സംഭാവന നൽകുന്ന പ്രക്രിയകൾ രഹസ്യമാർഗങ്ങൾ ഒഴിവാക്കി പരസ്യമാർഗങ്ങളിലൂടെ ആക്കുകയാണെങ്കിൽ അത് സുതാര്യമായ ഒരു രാഷ്ട്രീയ അന്തരീക്ഷത്തിന് കളമൊരുക്കും എന്നതാണ്. നമ്മുടെ നാട്ടിൽ ബക്കറ്റ് പിരിവുപോലുള്ള സംഭാവന സ്വീകരിക്കൽ സുപരിചിതമാണ്. യഥാർഥത്തിൽ ഇങ്ങനെ പിരിച്ചുകിട്ടുന്ന പണം മാത്രമാണോ അതിന്‍റെ കണക്കിൽ ഉൾപ്പെടുത്തുന്നതെന്ന കാര്യം സംശയമാണ്. ഇതിന് പകരം ബാങ്ക് അക്കൗണ്ടിലൂടെ മാത്രം സംഭാവനകൾ വാങ്ങാനുള്ള തീരുമാനം രാഷ്ട്രീയപാർട്ടികൾ എടുത്താൽ ഈ നേതാക്കളെ ആവശ്യമില്ലാതെ സംശയിക്കാതിരിക്കാം. ഈ വിഷയവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പു ബോണ്ടുകൾ സംബന്ധിച്ച പ്രഖ്യാപനം ധനമന്ത്രി അരുൺ ജെയ്‌റ്റ്‌ലി കഴിഞ്ഞ ദിവസം പാർലമെന്‍റിൽ നടത്തിയിരുന്നു. ആയിരം രൂപ മുതൽ ഒരു കോടി രൂപവരെയുള്ള ബോണ്ടുകളാണ് ഇറക്കുവാനാണ് അദ്ദേഹത്തിന്റെ നിർദേശം. രാഷ്ട്രീയരംഗത്തെ സുതാര്യത വർദ്ധിപ്പിക്കാൻ ഈ നിർദേശം സഹായിക്കുമെന്ന് തന്നെയാണ് മനസിലാക്കേണ്ടത്. രാജ്യത്തെ ജനാധിപത്യമൂല്യങ്ങളെ കാത്ത് സൂക്ഷിക്കാൻ ഈ നിർദേശത്തിന് സാധിക്കട്ടെ എന്നാഗ്രഹത്തോടെ...