മഹാത്മയിൽ നിന്ന് ഗാന്ധിയിലെത്തുന്പോൾ...
പ്രദീപ് പുറവങ്കര
ദക്ഷിണാഫ്രിക്കയിൽ പ്രവാസിയായിരുന്ന മോഹൻദാസ് കരംചന്ദ് ഗാന്ധി അവിടെ നിന്ന് തന്റെ ജന്മദേശത്തേയ്ക്ക് തിരിച്ച് വന്നത് 1915 ജനുവരി മാസത്തിലെ ഒന്പതാം തീയതിയായിരുന്നു. കേവലം മോഹൻദാസായി ദക്ഷിണാഫ്രിക്കയിലേയ്ക്ക് പോയ ഗാന്ധി, അവിടെ ലഭിച്ച ജീവിതപരീക്ഷണങ്ങൾക്ക് ശേഷം തിരിച്ച് ഇന്ത്യയിലേയ്ക്ക് വന്നത് മഹാത്മാവായിട്ടായിരുന്നു. ഒരു നൂറ്റാണ്ടിനിപ്പുറത്തേക്ക് എത്തുന്പോൾ ആ തിരിച്ചുവരവിന്റെ സ്മരണ നിലനിർത്തുവാൻ ജനുവരിയിലെ ആദ്യ ആഴ്ച്ചയിലെ ദിനങ്ങൾ പ്രവാസികളുടെ സമ്മേളനങ്ങളായി നാട്ടിലും മറുനാട്ടിലും ഒരു പോലെ ആചരിച്ചു വരുന്നു.
മഹാത്മാഗാന്ധിയിൽ നിന്ന് രാഹുൽ ഗാന്ധിയിലേയ്ക്ക് എത്തി നിൽക്കുന്ന ഭാരതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ദേശീയ രാഷ്ട്രീയ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അതിന്റെ ഏറ്റവും പരീക്ഷണം നിറഞ്ഞ കാലത്തിലൂടെ കടന്നു പോകുന്ന സമയം കൂടിയാണിത്. അത്തരമൊരു കാലത്താണ് ബഹ്റൈനിൽ ആഗോള പ്രവാസി സമ്മേളനത്തിന്റെ സമാപന ദിവസത്തിൽ മുഖ്യാതിഥിയായി എഐസിസി അദ്ധ്യക്ഷൻ കൂടിയായ രാഹുൽ ഗാന്ധി പങ്കെടുക്കുന്നത്. ബിജെപിയല്ലെങ്കിൽ പിന്നെ കോൺഗ്രസ് തന്നെ എന്നൊരു നിലപാടുള്ള രാജ്യമാണ് ഇന്ന് ഇന്ത്യ. അങ്ങിനെയെങ്കിൽ ഭാവി പ്രധാനമന്ത്രി പദത്തിന് സാധ്യതയുള്ള വ്യക്തിയാണ് ശ്രീ രാഹുൽ ഗാന്ധി. അത്രയും വലിയ പദത്തിലേയ്ക്ക് എത്താൻ സാധ്യതയുള്ള നേതാവിന് ഇവിടെയുള്ള ഭരണാധികാരികളെ കാണാനും, അവരുമായി സൗഹൃദം പങ്കിടാനുമൊക്കെ സാധിക്കുന്നതും രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം സൃദൃഢമാക്കുന്നതിന് സഹായകരമാകും. ഒപ്പം പരീക്ഷണ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന മേഖലയുടെ ഭാവിയിൽ നമ്മുടെ നാടിനും സഹായകരമായ നിലപാടുകൾ സ്വീകരിക്കാൻ സാധിക്കുമെന്ന ഉറപ്പ് ഇത്തരം സന്ദർശനങ്ങൾ നൽകുമെന്നതും തീർച്ച!!
പ്രവാസത്തിന്റെ ഭൂതവും, വർത്തമാനവും, ഭാവിയുമൊക്കെ ചർച്ച ചെയ്യുന്ന സ്ഥലമാണ് മിക്കപ്പോഴും ഇത്തരം പ്രവാസ സമ്മേളന വേദികൾ. കഴിഞ്ഞ രണ്ട് ദിവസമായി ബഹ്റൈനിൽ നടക്കുന്ന ഗോപിയോ സമ്മേളനത്തിലും ഇത്തരം ചർച്ചകൾ സജീവമായി അകത്തോ വെളിയിലോ ആയി നടന്നുകാണും എന്നു തന്നെയാണ് കരുതേണ്ടത്. ലോകത്ത് എന്പാടുമായി പരന്ന് കിടക്കുന്ന ഇന്ത്യൻ പ്രവാസികളുടെ സംഭാവനയെ പറ്റി ലഭിക്കുന്ന നേരത്തൊക്കെ അകമഴിഞ്ഞ് പുകഴ്ത്തുന്നവരാണ് നമ്മുടെ പ്രിയപ്പെട്ട രാഷ്ട്രീയ നേതാക്കൾ. പക്ഷെ പലപ്പോഴും അങ്ങോട്ട് ലഭിക്കുന്ന “സംഭാവന”യെ പറ്റി മാത്രമാകുന്നു ഈ സംസാരമെന്ന് പറയാതിരിക്കാൻ വയ്യ. തിരിച്ച് പ്രവാസികൾക്ക് എന്താണ് നൽകുന്നതെന്ന് മിക്കവരും പറയുന്നില്ല. ഇതിലൊരു നീതികേടുണ്ട്. പ്രത്യേകിച്ച് ഗൾഫ് അടക്കമുള്ള പ്രവാസലോകം കടന്നുപോയികൊണ്ടിരിക്കുന്ന അതിസങ്കീർണമായ പ്രശ്നങ്ങളെ പറ്റി ചർച്ച ചെയ്യാനും കൂടി ഇത്തരം സമ്മേളനങ്ങൾ ഉപയോഗപ്പെടുത്താമായിരുന്നു. ഓരോ മേഖലയിലും നല്ല പ്രവർത്തനങ്ങൾ കാഴ്ച്ച വെയ്ക്കുന്നവരെ ആദരിക്കുന്നത് വളരെ നല്ല കാര്യം തന്നെയാണെങ്കിലും അത് മാത്രമായി ഒതുങ്ങി പോകരുത് വരും കാലങ്ങളിലെങ്കിലും ഇത്രയും വലിയ സമ്മേളനങ്ങൾ എന്നും സൂചിപ്പിക്കട്ടെ. കേരളത്തിൽ നടക്കാനിരിക്കുന്ന ലോക കേരള സഭ അത്തരമൊന്നാകട്ടെ എന്നും ആഗ്രഹിക്കുന്നു!!