ബലം കു­റഞ്ഞ ചി­ന്തകൾ...


പ്രദീപ് പുറവങ്കര

നമ്മുെട നാട്ടിലെ ഇന്നത്തെ രാഷ്ട്രീയ നേതാക്കളിൽ പുതിയ തലമുറ പഴയതലമുറയിലെ നേതാക്കൻമാരിൽ നിന്ന് ഏറെ വ്യത്യസ്തരാണ്. നമ്മുടെ മാറി വന്ന സമൂഹത്തിന്റെ ഒരു പരിച്ഛേദമായിട്ട് തന്നെ വേണം അതിനെ കാണാൻ. സോഷ്യൽ മീഡിയ വ്യാപകമായി പ്രചരിച്ച് തുടങ്ങിയതിന് ശേഷം വീടിന് പുറത്തിറങ്ങാതെ അതിമനോഹരമായി സാമൂഹ്യവിമർശനം നടത്താൻ പഠിച്ചവരാണ് നമ്മളിൽ മിക്കവരും. അതുകൊണ്ടാണ് സ്വന്തം മാതാപിതാക്കളെ തിരിഞ്ഞ് നോക്കാൻ സമയം ലഭിക്കാത്തവർ പോലും അമ്മദിനത്തിലും, അച്ഛൻ ദിനത്തിലും അവരെ വാനോളം പുകഴ്ത്തുന്നത്. അതു കൊണ്ടാണ് ജാതിമതവർഗഭേദം കൂടാതെ രക്തദാനങ്ങൾ നടക്കുന്ന ആശുപത്രി വരാന്തകളെ ഓർക്കാതെ പരസ്പരം വിദ്വേഷ പ്രസംഗങ്ങളും വാചകങ്ങളും പരത്തുന്നത്. അതു കൊണ്ടാണ് ജീവിതയാത്ഥാർഥ്യങ്ങളുടെ നേർചിത്രങ്ങളെ മറന്നുകൊണ്ട് ഇല്ലാത്തതും നടക്കാത്തതുമായ കാര്യങ്ങൾ പറഞ്ഞ് ഭീതിയും ആശങ്കയും സൃഷ്ടിക്കപ്പെടുന്നത്. അതുകൊണ്ടാണ് സ്വന്തമായി ഒരു ചെടിക്ക് പോലും വെള്ളമൊഴിക്കാത്തവർ ഫാം വില്ല കളിച്ച് കംപ്യൂട്ടർ സ്ക്രീനിൽ തെങ്ങിന് വളമിടുന്നതിൽ സന്തോഷം കണ്ടെത്തുന്നത്. ഇങ്ങിനെ യാത്ഥാർത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലാതെ ഈ ലോകത്ത് നിലത്ത് നിന്ന് സംസാരിക്കുന്നവരും പ്രവർത്തിക്കുന്നവരും കുറഞ്‍ഞുവരുന്ന ഒരു സാഹചര്യത്തിലാണ് തൃത്താല എംഎൽഎ വി.ടി ബാൽറാമിന്റെ എ.കെ.ജിയെ കുറിച്ചുള്ള പ്രസ്താവന വരുന്നത്.

ഇന്നുള്ള ജനപ്രതിനിധികളിൽ ഏറെ പ്രതീക്ഷ നൽകുന്ന ആളായിട്ടാണ് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പെർഫോമൻസ് പലപ്പോഴും തോന്നിപ്പിച്ചിട്ടുള്ളത്. എന്നാൽ ആ ധാരണയക്ക്് ഒരു തിരുത്ത് നൽകേണ്ട രീതിയിലാണ് അദ്ദേഹത്തിന്റെ പ്രസ്തവന വന്നിരിക്കുന്നത്. എ.കെ.ജി ഒളിവിൽ കഴിഞ്ഞ വീട്ടിലെ പെൺ‍കുട്ടിയായിരുന്ന സുശീല ഗോപാലനെ അദ്ദേഹം ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് എ.കെ.ജിയുടെ ആത്മകഥ വായിച്ച് ബൽറാം കണ്ടെത്തിയിരിക്കുന്നത്. കണ്ണൂരിലെ പെരളശേരി സ്വദേശിയും പാവങ്ങളുടെ പടത്തലവനുമായിരുന്ന ആയില്യത്ത് കുറ്റ്യേരി ഗോപാലൻ അഥവാ എ.കെ.ജി എന്ന ഇന്ത്യയുടെ ആദ്യത്തെ പ്രതിപക്ഷ സ്വരത്തെ അധികം അറിയാത്തത് കൊണ്ടോ മനസിലാകാത്തത് കൊണ്ട് അല്ല ബൽറാം ഈ തെമ്മാടിത്തരം പറഞ്ഞിരിക്കുക. പകരം എന്തെങ്കിലും പറഞ്ഞ് വാർത്തയിലെ താരമാവുക എന്ന ചിന്തയോടെ തന്നെയായിരിക്കും. ഇങ്ങിനെയൊരു ആരോപണം ഉന്നയിക്കുന്പോൾ ആ കാലഘട്ടത്തിന്റെ സാമൂഹ്യ സാംസ്കാരിക സാഹചര്യങ്ങളെ വിലയിരുത്തി വേണമായിരുന്നു ബൽറാം എന്ന ഉത്തരവാദിത്വമുള്ള ജനപ്രതിനിധി സംസാരിക്കാൻ എന്ന് പറയാതിരിക്കാൻ വയ്യ. പന്ത്രണ്ടും പതിമൂന്നും വയസുള്ളപ്പോൾ വിവാഹിതരായ എത്രയോ പേർ നമ്മുടെ നാട്ടിൽ ഒരു കാലത്തുണ്ടായിരുന്നു. നമ്മുടെ അമ്മൂമാർ പോലും ഇങ്ങിനെ വിവാഹം ചെയ്തവരായിരിക്കാം. പക്ഷെ കാലം മുന്പോട്ട് പോയപ്പോൾ അതിനനുസരിച്ച് സമൂഹവും മാറി. അത് എന്നും അങ്ങിനെയാണ്. ഒരു കാലത്ത് മാറ് മറക്കാൻ പറ്റാത്ത അവസ്ഥയിൽ നമ്മുടെ നാട്ടിൽ സ്ത്രീകൾ കഴിഞ്ഞിരുന്നു. അത് കൊണ്ട്് ആ സ്ത്രീകളൊക്കെ മോശക്കാരാണെന്ന് ഒരാൾ ഇന്ന് പറഞ്ഞാൽ അത് അംഗീകരിക്കാൻ സാധ്യമല്ല. സാമാന്യമായ യുക്തിക്ക് നിരക്കുന്ന ഇങ്ങിനെയുള്ള കാര്യങ്ങളെ വിവാദമാക്കുവാൻ ശ്രമിക്കുന്നവരുടെ മനസിനാണ് ചികിത്സ വേണ്ടതെന്ന ഓർമ്മപ്പെടുത്തലോടെ...

You might also like

  • Lulu Exchange
  • Straight Forward

Most Viewed