ക്യാ ആദ്മി ഹെ...
പ്രദീപ് പുറവങ്കര
ബഹ്റൈനിലെ പുതുവത്സര രാവ് ഇത്തവണ കടുത്ത മൂടൽ മഞ്ഞിൽ മുങ്ങിയായിരുന്നു ആഘോഷിച്ചത്. നിരത്തിൽ ഇറങ്ങിയാൽ തൊട്ടടുത്ത വാഹനമേതെന്ന് പോലും തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥ ഏറെ ബുദ്ധിമുട്ടുകളാണ് മിക്കവർക്കും സൃഷ്ടിച്ചത്. ആഘോഷപരിപാടികളുടെ ഭാഗമായി ഞാനും ഇതേ അവസ്ഥയിൽ പലയിടത്തും പെട്ടു. ഈ ദുഷ്കരമായ സാഹചര്യത്തിലും ഒരു വിഭാഗം മാത്രം മഞ്ഞിനെ വകവെയ്ക്കാതെ അവരുടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. പുതുവത്സര ആഘോഷങ്ങൾക്ക് സ്വാദ് നിറയ്ക്കാൻ വേണ്ട ഭക്ഷണങ്ങൾ ഡെലിവറി ചെയ്യുന്നവരായിരുന്നു അവർ. പുതുവർഷം പോലെയുള്ള ആഘോഷങ്ങൾ വരുന്പോഴാണ് ഇവരുടെ ജോലി ഇരട്ടിയാകുന്നത്.
ബഹ്റൈനിലെ ഡിപ്ലോമാറ്റിക്ക് ഏരിയയിൽ പുതുവർഷ രാവിൽ കനത്ത മൂടൽ മഞ്ഞിൽ കാത്ത് കെട്ടിനിന്നപ്പോഴാണ് തണുപ്പിന്റെ രസം നുകരാനായി കാറിന്റെ ഗ്ലാസ് തുറന്നത്. തൊട്ടുപുറകിലൂടെ ഒരു വെളിച്ചം പതുക്കെ അരിച്ച് കയറുന്നുണ്ടായിരുന്നു. അത് ഒരു ഡെലിവറി ബൈക്കിന്റെ വെളിച്ചമായിരുന്നു. എന്റെ വാഹനത്തിന്റെ സൈഡിൽ വന്നു നിന്ന ഡെലിവറി ബൈക്കുകാരന് മുന്പോട്ട് പോകാൻ പറ്റാത്ത സാഹചര്യമായിരുന്നു. അൽപ്പം സമയം കിട്ടിയത് കൊണ്ടാകണം നിരന്തരമായി അടിച്ചുകൊണ്ടിരുന്ന ഫോൺ അദ്ദേഹം എടുത്തത്. സംസാരം വളരെ ശാന്തമായിട്ടായിരുന്നു. തൊട്ടടുത്ത് നിൽക്കുന്നത് കൊണ്ട് വളരെ വ്യക്തമായി ആ സംഭാഷണം കേൾക്കാൻ സാധിച്ചു. “ഭായി സാബ് ഗുസാ നഹി കരോ,..മെ അഭീ ആയേഗാ.. ട്രാഫിക്ക് ബഹുത്ത് ഹെ” തുടങ്ങി കുറേ സമാശ്വാസ വാക്കുകൾ കുറേ അദ്ദേഹം പറയുന്നത് കേട്ടു. മറുതലയ്ക്കൽ ഡെലിവറി ബൈക്കുകാരൻ നേരിടുന്ന പ്രയാസങ്ങളെ പറ്റി യാതൊരു അറിവുമില്ലാത്ത ആൾ തന്റെ ഓർഡർ ചെയ്ത ഭക്ഷണം ലഭിക്കാത്തതിന്റെ അരിശം വാക്കുകളിലൂടെ കുത്തിനിറച്ചു കൊണ്ടിരുന്നതിന്റെ ലക്ഷണം ആ പാവം ബൈക്കുകാരന്റെ മുഖത്തും നിഴലിക്കുന്നുണ്ടായിരുന്നു. ഒടുവിൽ ഫോൺ വെച്ചപ്പോൾ ആരോടെന്നില്ലാതെ ആ പാവം ഡെലിവറി ബോയ് പറഞ്ഞ വാക്കുകൾ ഇന്നെന്തോ മനസിലെത്തുന്നു... “xxലാ... ബദ്മാശ്... ക്യാ ആദ്മി ഹൈ...” അതിന് ശേഷം തീരെ പുറത്ത് പറയാൻ കൊള്ളാത്ത കുറേ തെറിയും.
ചില ജോലികൾ ഇങ്ങിനെയാണ്. നന്ദി തീരെ പ്രതീക്ഷിക്കാൻ പറ്റില്ല. ഇതു പറയാനുള്ള സാഹചര്യം ഇന്നലെ ഫോർ പിഎമ്മിൽ വന്നൊരു തെറ്റാണ്. ആദ്യ പേജിൽ തീയ്യതിയിൽ വന്നൊരു തെറ്റാണ് അതിൽ പ്രധാനപ്പെട്ടത്. അഞ്ചിന് പകരം എട്ടായിരുന്നു ഇവിടെ തീയ്യതിയായി വന്നത്. മറ്റൊരു തെറ്റ് നാലാം തീയതി വന്ന ഒരു പേജ്, അഞ്ചാം തീയ്യതിയിലും അതു പോലെ അച്ചടിച്ച് വന്നതാണ്. ഇത് രണ്ടും ഒരു ദിന പത്രത്തിൽ വരാൻ പാടില്ലാത്ത വലിയൊരു തെറ്റ് തന്നെയാണ്. ആ തെറ്റിൽ നിർവ്യാജ്യം പത്രാധിപർ എന്ന നിലയിൽ ഖേദം രേഖപ്പെടുത്തുന്നു. അതേ സമയം ഈ തെറ്റ് കണ്ട് വിളിച്ചവർ രണ്ട് തരക്കാരാണെന്നും ഞങ്ങൾ മനസ്സിലാക്കുന്നു. ഒന്ന് ഫോർ പിഎം നിലനിൽക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർ. മറ്റൊന്ന് ഈ പ്രസ്ഥാനം എങ്ങിനെയെങ്കിലും ഇല്ലാതാക്കണമെന്ന് സ്വപ്നം കാണുന്നവർ. ആദ്യത്തെ ആളുകളെ ഹൃദയത്തോട് ചേർത്ത് വെയ്ക്കുന്നു. രണ്ടാമത്തെ ആളുകളോട് പറയാനുള്ളത് നിങ്ങൾ സ്വപ്നലോകത്ത് തുടരുക എന്ന് മാത്രം. സുതാര്യതയോടെ, സത്യസന്ധതയോടെ, ശക്തമായി ഫോർ പിഎം മുന്പോട്ട് അതിന്റെ യാത്ര തുടർന്നുകൊണ്ടേയിരിക്കും,,, തീർച്ച!!...