തടയേണ്ട തീപ്പൊരികൾ...
പ്രദീപ് പുറവങ്കര
രാജ്യത്തെ സാന്പത്തിക തലസ്ഥാനമായ മുംബൈയിലും സമീപ മേഖലകളിലും ദളിത്, മറാഠാ വിഭാഗങ്ങൾ തമ്മിലുണ്ടായ കലാപം രാജ്യത്തു തഴച്ചുവളരുന്ന ജാതിചിന്തയുടെയും വിഭാഗീയതയുടെയും മറ്റൊരു തെളിവ് കൂടിയാണ്. ഇവിടെ നടന്ന ബന്ദ് മുംബൈയിൽ മാത്രമല്ല രാജ്യത്തിന്റെ മിക്ക സാന്പത്തിക മേഖലകളെയും ദോഷകരമായ ബാധിക്കുകയും ചെയ്തു.
ഭീമ കൊറെഗാവ് യുദ്ധവാർഷികം സംബന്ധിച്ച തർക്കമായിരുന്നു അക്രമങ്ങളുടെ തുടക്കം. പത്തൊന്പതാം നൂറ്റാണ്ടിൽ നടന്ന യുദ്ധവുമായി ബന്ധപ്പെട്ടു രണ്ടു ജനവിഭാഗങ്ങൾക്കുള്ള വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് സംഘർഷത്തിലേക്കു നയിച്ചത്. ഇപ്പോഴത്തെ വിവാദങ്ങൾക്കു കേന്ദ്രബിന്ദുവായ ഭീമ കൊറെഗാവ് മഹാരാഷ്‌ട്ര സംസ്ഥാനത്തെ ചെറിയൊരു ഗ്രാമമാണെങ്കിലും മറാത്താ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള സ്ഥലമാണ്. 1818 ജനുവരി ഒന്നിന് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കന്പനിയുടെ ഭടന്മാരോടൊപ്പം മഹർ വിഭാഗത്തിൽപ്പെട്ട പടയാളികൾ ചേർന്ന് ബാജിറാവു രണ്ടാമന്‍റെ നേതൃത്വത്തിലുള്ള ശക്തമായ പേഷ്‌വ സൈന്യത്തെ കൊറേഗാവിൽ പരാജയപ്പെടുത്തിയിരുന്നു. രാജ്യത്തെ ദളിത് വിഭാഗങ്ങളുടെ അഭിമാനവും ഇന്ത്യൻ ഭരണഘടനാ ശില്പികളിൽ പ്രമുഖനുമായ ഡോ. ബി.ആർ അംബേദ്‌കർ മഹർ വിഭാഗത്തിൽപ്പെടുന്നയാളാണ്. മഹർ വിഭാഗത്തെ സംബന്ധിച്ചിടത്തോളം ഭീമ കൊറെഗാവ് യുദ്ധം സവർണ പെഷ്‌വാ ഭരണകൂടത്തിനെതിരേയുള്ള പോരാട്ടമായിരുന്നു. പെഷ്‌വാ ഭരണത്തിന് അന്ത്യം കുറിച്ച പോരാട്ടത്തിന്‍റെ സ്മരണയ്ക്കായി ഈസ്റ്റ് ഇന്ത്യ കന്പനി കൊറെഗാവിൽ സ്ഥാപിച്ച വിജയസ്തംഭത്തിൽ മഹർ യുദ്ധവീരന്മാരുടെ പേരുകളും ആലേഖനം ചെയ്തിട്ടുണ്ട്. യുദ്ധവിജയത്തിന്‍റെ രണ്ടാം ശതാബ്‌ദി ആഘോഷിക്കാൻ അംബേദ്കറുടെ ആരാധകരായ ദളിതർ ഒത്തുചേർന്നതും അതിനെ മറ്റൊരു വിഭാഗം എതിർത്തതുമാണ് ഇപ്പോൾ സംഘർഷത്തിനു വഴിതെളിച്ചത്. ഇതിന് പിന്നിൽ സവർണ വിഭാഗത്തിന്‍റെ കൈകളുണ്ടെന്നു ഡോ. അംബേദ്‌കറുടെ ചെറുമകനും പ്രമുഖ ദളിത് നേതാവുമായ പ്രകാശ് അംബേദ്കർ ആരോപിക്കുന്നു. ഈ സംഭവങ്ങളെല്ലാം ചേർത്തുെവയ്ക്കുന്പോൾ രാജ്യത്തു വളർന്നുവരുന്ന ദളിത്−മുന്നോക്ക സംഘർഷത്തിന്‍റെ അത്യന്തം അപകടകരമായൊരു ഏടാണു രൂപപ്പെടുന്നത്.
1947ലെ സ്വാതന്ത്ര്യലബ്ധിക്ക് മുന്പ് നൂറുകണക്കിനു നാട്ടുരാജ്യങ്ങളും രാജവംശങ്ങളും നിലനിന്നിരുന്ന ഒരു കോളോണിയൽ വ്യവസ്ഥിതിയായിരുന്നു ഇന്ത്യ എന്ന് തിരിച്ചറിയാത്ത ബുദ്ധിശൂന്യരാണ് ഇത്തരം സംഘർഷങ്ങളെ ആളി കത്തിക്കുന്നത്. നൂറ്റാണ്ടുകൾ മുന്പു നടന്ന സംഭവങ്ങളെ അവയുടെ ചരിത്രപശ്ചാത്തലവും അന്നത്തെ സാമൂഹിക സാഹചര്യങ്ങളും വിലയിരുത്താതെ സമകാലിക രാഷ്‌ട്രീയവുമായും സാമൂഹ്യ വ്യവസ്ഥിതികളുമായും കൂട്ടിക്കുഴയ്ക്കുവാൻ ഇവർ നടത്തുന്ന ശ്രമം തന്നെ രാജ്യദ്രോഹമാണ്. പുതിയ കാലത്തിന് ഒരു ഗുണവും ചെയ്യാത്ത സംഭവങ്ങളാണിത്. ഇത്തരം സംഘർഷങ്ങളെ കൈക്കാര്യം ചെയ്യേണ്ട സർക്കാർ കൈയും കെട്ടി നിൽക്കുന്പോഴാണ് പ്രശ്നങ്ങൾ വഷളാകുന്നത്. അപകടകരവും വിഷം നിറഞ്ഞതുമായ ജാതി രാഷ്ട്രീയത്തെ മുളയിലേ നുള്ളിക്കളഞ്ഞില്ലെങ്കിൽ രാജ്യം അതിഭീകരമായ അവസ്ഥയിലേക്കു കൂപ്പുകുത്തുമെന്നത് ഉറപ്പാണ്. സ്വാതന്ത്ര്യത്തിന്‍റെ ഏഴു പതിറ്റാണ്ടുകൾ രാജ്യം കാത്തുസൂക്ഷിച്ച നാനാത്വത്തിലെ ഏകത്വവും ദേശീയ ഐക്യവും തകരാൻ വരെ അത് കാരണമായേക്കാം. ജാതി മത വർഗാധിഷ്ഠിതമായ സ്പർധയുടെ തീപ്പൊരികൾ എപ്പോൾ വേണമെങ്കിലും അഗ്നിക്കൊടുങ്കാറ്റായി മാറാവുന്നത് കൊണ്ട് തന്നെ മഹാരാഷ്‌ട്രയിൽ നടന്നതുപോലുള്ള വികാരപ്രകടനങ്ങളും അക്രമങ്ങളും രാജ്യത്തിന്‍റെ ഇതരഭാഗങ്ങളിൽ ഉണ്ടാകാതിരിക്കാൻ എല്ലാ വിഭാഗം ജനങ്ങളും ജാഗ്രത പുലർത്തേണ്ടത് കാലത്തിന്റെ ആവശ്യമാണ് എന്ന ഓർമ്മപ്പെടുത്തലോടെ...