അനുകരണീയം ഈ മാതൃക...
പ്രദീപ് പുറവങ്കര
നമ്മുടെ നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ ഒന്നാണ് മാലിന്യനിക്ഷേപവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ. മറ്റ് വഴികൾ ഒന്നുമില്ലെങ്കിൽ പൊതുഇടങ്ങളാണ് മാലിന്യനിക്ഷേപകേന്ദ്രങ്ങളായി മാറുന്നത്. ഇതു കാരണം മൂക്ക് പൊത്താതെ നടക്കാൻ നഗരങ്ങളിൽ പ്രത്യേകിച്ചും, ഗ്രാമങ്ങളിൽ പലയിടത്തും സാധ്യമല്ല. ഇങ്ങിനെ മാലിന്യമിടാൻ മിക്കവരും തിരഞ്ഞെടുക്കുന്ന ഒരിടം സമീപത്തുള്ള പുഴയോ, അതിന് മുകളിലൂടെ കടന്നുപോകുന്ന പാലത്തിന്റെ വക്കോ ഒക്കെയാണ്. കഴിഞ്ഞ ദിവസം മുവാറ്റുപുഴയാറ്റിലേയ്ക്ക് ഇത്തരത്തിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ ഇവിടെയുള്ള മേവള്ളൂർ നാട്ടുക്കൂട്ടം ചാരിറ്റബിൾ ട്രസ്റ്റ് വെള്ളൂർ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ ചെറുകര പാലത്തിൽ സിസി ടിവികൾ സ്ഥാപിച്ച വാർത്ത ഇത്തരമൊരു സന്ദർഭത്തിൽ ഏറെ ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ്. മൂവാറ്റുപുഴയാറ്റിലേയ്ക്ക് രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നവരെ ഇനി എളുപ്പത്തിൽ പിടികൂടാമെന്ന് തന്നെയാണ് ഇതിന്റെ സംഘാടകരുടെ അഭിപ്രായം. തീർച്ചയായും ഇത് കേരളത്തിന്റെ മറ്റ് ഇടങ്ങളിലും അനുകരിക്കാവുന്ന നല്ലൊരു മാതൃകയാണ്.
പക്ഷെ ഇതോടൊപ്പം തന്നെ പറയാനുള്ള ഒരു കാര്യം മാലിന്യവിമുക്ത കേരളം എന്നത് നല്ല മനസുള്ള കുറച്ച് പേരോ, സ്വകാര്യസ്ഥാപനങ്ങളോ മാത്രം വിചാരിച്ചാൽ നടക്കുന്ന കാര്യമൊന്നുമല്ല എന്ന കാര്യമാണ്. മാലിന്യം റോഡിലും തോട്ടിലുമല്ലെങ്കിൽ പിന്നെവിടെ നിക്ഷേപിക്കണമെന്ന് പൊതുസമൂഹത്തിന് ഇപ്പോഴും ഒരു രൂപരേഖയില്ല. അതുകൊണ്ട് തന്നെ വല്ലവിധേനയെും ഇത് ഒഴിവാക്കാനായി ജനം മാലിന്യം ഇതേരീതിയിൽ നിക്ഷേപിച്ചുകൊണ്ടിരിക്കും. മുഴുവൻ മാലിന്യവും ശേഖരിച്ച്, അത് ഫലപ്രദമായ രീതിയിൽ സംസ്ക്കരിക്കാനുള്ള പൂർണ്ണമായ ഒരു സംവിധാനത്തെ പറ്റിയാണ് സർക്കാർ മുൻകൈയെടുത്ത് ആലോചിക്കേണ്ടത്. ഗൾഫ് രാജ്യങ്ങളിലടക്കം ഈ മേഖലയിൽ എത്രയോ വർഷത്തെ പരിചയസന്പത്തുള്ള നിരവധി മലയാളികൾ ഉണ്ട്. വരാനിരിക്കുന്ന ലോക കേരള സഭയിൽ വ്യത്യസ്ത സംഘടനാ പ്രതിനിധികളെ കൂടാതെ ഇത്തരം ആളുകളെ കൂടി ഉൾപ്പെടുത്തിയിരുന്നുവെങ്കിൽ പ്രായോഗിക തലത്തിൽ ഫലം നൽകുമായിരുന്നു. സമീപകാലങ്ങളിൽ തന്നെ ഈ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കേരളം തന്നെ മൊത്തത്തിൽ ഒരു കുപ്പത്തൊട്ടിയായി മാറിക്കഴിഞ്ഞിരിക്കുമെന്നത് ഉറപ്പ്..!!