അപകടം വീ­ട്ടു­പടി­ക്ക­ലെ­ത്തു­ന്പോൾ...


പ്രദീപ് പുറവങ്കര

സമീപകാലത്ത് ഗൾഫ് മേഖലയിലെ സമാധാനന്തരീക്ഷത്തിന് ഏറ്റവുമധികം വിഘാതങ്ങൾ സൃഷ്ടിച്ച ഒരു രാജ്യമാണ് ഇറാൻ. ഇന്ത്യയിൽ നിന്ന് നോക്കുന്പോൾ കാണുന്ന ഇറാനല്ല, പ്രവാസിയായി ഇവിടെ ജീവിക്കുന്പോൾ കാണുന്ന ഇറാൻ. രണ്ടും തമ്മിൽ വലിയ അന്തരങ്ങളുണ്ട്. പേർഷ്യ എന്ന് മുന്പറിയപ്പെട്ടിരുന്ന ഈ രാജ്യത്ത് ഒരു കാലത്ത് ധാരാളം ഇന്ത്യക്കാർ താമസിച്ചിരുന്നുവെന്ന് ചരിത്രം പറയുന്നു. ഇന്ത്യയുമായി അതു കൊണ്ട് തന്നെ ദീർഘകാലത്തെ ബന്ധം ഈ രാജ്യത്തിന് അവകാശപ്പെടാനുണ്ട്. എന്നാൽ ഇന്ന് മുന്പത്തേപോലെ ഇന്ത്യക്കാർ ഇവിടെയില്ലെന്ന് മാത്രമല്ല,  ഇന്ത്യക്ക് പുറത്ത് ഏറ്റവുമധികം ഇന്ത്യക്കാർ ജീവിക്കുന്ന ഗൾഫ് മേഖലയിലെ മിക്ക രാജ്യങ്ങളും ഇറാനുമായി കടുത്ത ശത്രുതയിലാണെന്നതും ഒരു യാത്ഥാർത്ഥ്യമാണ്. ഇതു കൊണ്ട് തന്നെ സ്വാഭാവികമായും ഇറാനെ ഒരു മിത്രമായി കാണാൻ  ഇവിടെ ജീവിക്കുന്ന മിക്ക ഇന്ത്യക്കാർക്കും സാധ്യമല്ല. 

സോഷ്യൽ മീഡിയയുടെ ആവിർഭാവത്തോടെ പശ്ചിമേഷ്യയിൽ ആരംഭിച്ച ജനകീയ വിപ്ലവങ്ങളുടെ പിന്നിൽ ഇറാൻ ഭരണകൂടമാണെന്ന് ഗൾഫ് ഭരണാധികാരികൾ ഒക്കെ ആരോപിക്കുന്നുണ്ട്. ഐഎസ് പോലെയുള്ള തീവ്രവാദ സംഘടനകൾക്ക് സാന്പത്തിക സഹായവും, ആയുധങ്ങളും നൽകി മേഖലയിലെ സമാധാനത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നതും ഇവരാണെന്ന് തെളിവുകൾ സഹിതം പുറത്ത് വന്ന കാര്യങ്ങളാണ്. ഇങ്ങനെ മറ്റ് രാഷ്ട്രങ്ങളിൽ അസമാധാനത്തിന്റെ വിത്തുകൾ വിതയ്ക്കാൻ മുൻകെയെടുത്ത ഇറാനിൽ നിന്നും ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത് സമാനമായ വാർത്തകളാണ്. ഇറാൻ പരമോന്നത പുരോഹിത നേതാവായ അയത്തൊള്ള ഖൊമൈനിക്ക് നേരെയാണ് ഇവിടെ പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്. ‘സ്വേച്ഛാധിപതിക്ക് മരണം,’ ‘രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക,’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഇവിടെ ഇപ്പോൾ ഉയരുന്നത്. ഇറാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മാഷദിൽ‍ വ്യാഴാഴ്ച ആരംഭിച്ച പ്രകടനങ്ങൾ‍ ടെഹ്റാൻ, കെർ‍മാൻ‍ഷാ, ആരക്, ഖ്വാസ്വിൻ‍, ഖൊറാമബാദ്, കറാജ് തുടങ്ങിയ പട്ടണങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ഇറാനിലെ സാന്പത്തിക പ്രതിസന്ധിയാണ് പ്രതിഷേധങ്ങൾക്ക് അടിസ്ഥാന കാരണം എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വർദ്ധിക്കുന്ന തൊഴിലില്ലായ്മയും വിലക്കയറ്റവും മൂലം ജനജീവിതം ഇവിടെ‍‍‍‍ ദുസഹമായിരിക്കുകയാണെന്നാണ് പരാതി. രാജ്യത്തെ പുരോഹിത ഭരണം അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. ഇറാനിൽ നടക്കുന്ന സമരങ്ങളെ ഗൗരവമായി കാണുന്നുവെന്ന് അമേരിക്കൻ പ്രസിഡണ്ടും പ്രസ്താവിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളാണ് ഓരോ ദിവസവും സർക്കാരിനെതിരായി തെരുവിലിറങ്ങുന്നത്. ഇതിനെതിരെ കർശനമായ നടപടികളാണ് ഇറാൻ ആഭ്യന്തര വകുപ്പ് കൈക്കൊള്ളുന്നത്. കഴിഞ്ഞ ദിവസം സമരം അടിച്ചമർത്തുന്നതിന്റെ ഭാഗമായി സോഷ്യൽ മീഡിയകളിൽ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. മുന്പ് ബഹ്റൈനിൽ അത്തരം ഒരു നിയന്ത്രണം നടപ്പിലാക്കാനുള്ള നീക്കമുണ്ടായപ്പോൾ അന്ന് പൗരാവകാശത്തിന്റെ പേരിൽ എതിർത്തവരായിരുന്നു ഇറാൻ ഭരണകൂടമമെന്നത് ഇപ്പോൾ ഓർക്കേണ്ട കാര്യം തന്നെയാണ്. അതുകൊണ്ട് തന്നെ സ്വന്തം വീട് എരിയുന്പോൾ മാത്രമേ അതിന്റെ വേദന മനസിലാകൂ എന്ന യാഥാർത്ഥ്യം വിളിച്ചുപറയുന്നുണ്ട് ഇപ്പോഴത്തെ ഈ ഇറാൻ പ്രതിസന്ധിയും !!

You might also like

Most Viewed