അണ്ണൻ വരുന്പോൾ...
പ്രദീപ് പുറവങ്കര
2017ന്റെ അവസാന ദിനം ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയൊരു താരപ്രവേശത്തോടെയാണ് ശ്രദ്ധേയമായത്. തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ തമിഴ് നാടിൽ ൈസ്റ്റൽ മന്നനും, ഭൂലോക സ്റ്റാറുമൊക്കെയായി വിശേഷിപ്പിക്കപ്പെടുന്ന രജനി കാന്ത് എന്ന ശിവാജി റാവു ഗെയ്കവാദ് ഏറെ കാലമായി കാത്തിരുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം പ്രഖ്യാപ്പിച്ചിരിക്കുന്നു. ഇതിനെ കേവലം ഒരു സിനിമാക്കാരന്റെ പിആർ തമാശകളിൽ ഒന്നായി കാണാൻ ഒരിക്കലും സാധിക്കില്ല. തമിഴ് സിനിമയിലും സമൂഹത്തിലും രജനിക്കുള്ള സ്വാധീനത്തെ പറ്റി ആർക്കും സംശയമില്ലാത്ത കാര്യം തന്നെയാണ്. അതു പോലെ തന്നെ സിനിമാ താരങ്ങൾക്ക് രാഷ്ട്രീയത്തിൽ ഇറങ്ങി ശോഭിക്കാമെന്ന് പലവട്ടം തെളിയിച്ച നാട് കൂടിയാണ് തമിഴ്നാട്. തിരശീലയോടുള്ള ഈ ഒരു വിധേയത്വം രജനിക്കാന്തിനും ഗുണം ചെയ്യുമെന്നാണ് അദ്ദേഹത്തിനെ അനുകൂലിക്കുന്നവർ സ്വപ്നം കാണുന്നത്. അണ്ണാദുരൈ മുതൽ എം ജി ആർ, കരുണാനിധി, ജയലളിത വരെയുള്ള തമിഴ് രാഷ്ട്രീയത്തിലെ അതികായർക്ക് ഒക്കെയും സിനിമയുമായി ഏറിയോ കുറഞ്ഞോ ബന്ധമുണ്ടായിരുന്നു എന്നതാവാം ഈ ധാരണയ്ക്ക് കാരണം.
അതേ സമയം എംജിആറായാലും, ജയലളിതയായാലും, സിനിമയിൽ നിന്ന് നേരിട്ട് അധികാരത്തിലെക്കെത്തിയവരല്ല എന്ന യാത്ഥാർത്ഥ്യവും ബാക്കി നിൽക്കുന്നു. ഏറെ കാലം പലതരത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയതിന് ശേഷമാണ് അവർ അധികാരത്തിന്റെ കൊത്തളങ്ങൾ കീഴടക്കിയത്. അതോടൊപ്പം എംജിആർ തന്റെ രാഷ്ട്രീയ വളർച്ചയ്ക്കായി അണ്ണാ ദുരൈയെയും, ജയലളിത എംജിആറിനെയും ഉപയോഗിച്ചിട്ടുണ്ട്. അതോടൊപ്പം പുതിയ കാലങ്ങളിൽ രാഷ്ട്രീയത്തിൽ കാലെടുത്ത് വെച്ച പല സൂപ്പർ താരങ്ങൾക്കും കാലിടറിയിട്ടുണ്ടെന്നതും വാസ്തവമാണ്. വിജയകാന്ത്, ശരത് കുമാർ തുടങ്ങിയ താരങ്ങൾ അതിന്റെ ഉദാഹരണങ്ങളാണ്.
ഇതൊക്കെ നന്നായി തന്നെ അറിയാവുന്ന ആൾ തന്നെയാണ് രജനീകാന്ത്. അതു കൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സമയങ്ങളിൽ പോലും ഒതുങ്ങികൂടി തെരഞ്ഞെടുപ്പ് കാലത്ത് ചെറിയ ഡയലോഗുകൾ മാത്രം പറഞ്ഞ് ഇരുന്നത്. അതു കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് മുന്പുള്ളത് പോലെ വിജയിക്കാൻ പറ്റാത്ത ഒരു സാഹചര്യത്തിൽ രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള ഇപ്പോഴത്തെ തീരുമാനം മറ്റ് പല ഘടകങ്ങൾ കാരണമായിരിക്കുമെന്ന് സംശയിക്കുന്നതിൽ തെറ്റില്ല. ബിജെപിയുമായുള്ള ബന്ധവും, മക്കളുടെ സിനിമ നിർമ്മാണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാൽ ഉണ്ടായിട്ടുള്ള കടക്കെണിയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമവും ഒക്കെ ഈ രാഷ്ട്രീയ പ്രവേശനത്തിന് പിന്നിലെന്ന് സ്ഥിരീകരിക്കാത്ത ചില പിന്നാന്പുറ വർത്തമാനങ്ങളും ഉണ്ട്. എങ്കിലും ഇതൊക്കെ ഉള്ളപ്പോഴും ചില ഘടകങ്ങൾ രജനിക്ക് അനുകൂലമായി ഉണ്ടെന്നതും പറയാതിരിക്കാൻ വയ്യ.
രാജ്യത്ത് തന്നെ കേരളം കഴിഞ്ഞാൽ ഏറ്റവും സാക്ഷരത നേടിയിട്ടുള്ള സമൂഹമാണ് തമിഴ് നാടിന്റേത്. അവിടെ രാഷ്ട്രീയത്തിലും വലിയ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്ന ഒരു കാലം തന്നെയാണ് ഇത്. ഇവിടെയുണ്ടായിരുന്ന ദ്രാവിഡ പെരുമയുടെ രാഷ്ട്രീയത്തെ മുന്പേ തന്നെ പണത്തിന്റെ രാഷ്ട്രീയം പരാജയപ്പെടുത്തിയിരുന്നു. ഇനി അതിനു മുകളിലായി വിഭജനത്തിന്റെ രാഷ്ട്രീയമാണോ രജനിയുടെ ലക്ഷ്യമെന്ന് കാത്തിരുന്നു തന്നെ കാണാം...