കാലം മറയുന്പോൾ...
പ്രദീപ് പുറവങ്കര
എത്ര തന്നെ ശ്രമിച്ചാലും അനന്തമായ കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് ഒലിച്ച് ഇല്ലാതാകാൻ നമ്മൾ മനുഷ്യരെ പോലെ തന്നെ വിധിക്കപ്പെട്ടതാണ് കലണ്ടർ എന്ന കാലമാപിനിയിലെ ഓരോ വർഷവും. അവിടെ ആർക്കും ഒന്നിനെയും പിടിച്ച് നിർത്താൻ സാധ്യമല്ല. പിന്നിലേയ്ക്ക് ഇങ്ങിനെ മറഞ്ഞു പോകുന്ന ഓരോ വൃദ്ധ സംവത്സരങ്ങളും എത്രയോ മോഹങ്ങളും, സ്വപ്നങ്ങളും ബാക്കി വെച്ചാണ് കടന്നുപോകുന്നത്. എങ്കിലും മങ്ങാത്ത പ്രതീക്ഷയോടെ ഓരോ പുതിയ കാലത്തെയും പരസ്പരം ആശംസിച്ചും, ആശ്വസിപ്പിച്ചും എതിരേൽക്കാതിരിക്കാനും നമുക്ക് ആകില്ല തന്നെ. സംഭവബഹുലമായ ഒരു പിടി പ്രഭാതങ്ങളും, സങ്കടകടലുകളിൽ മുങ്ങി നീരാടിയ സായാഹ്നങ്ങളും, ഹർഷോൻമാദത്തിന്റെ എത്രയോ രാവുകളും കൊഴിഞ്ഞു പോകുന്ന ഈ 2017ലും പെയ്ത് തോർന്നിരിക്കാം. ഇനി വരാനിരിക്കുന്നത് പുതിയ പ്രഭാതം, പുതിയ സന്ധ്യകൾ, പുതിയ സൗഹാർദ്ദങ്ങൾ. അനന്തമായ കാലത്തിനൊപ്പം അനന്തമായ സാധ്യതകളുമായാണ് ഓരോ പ്രഭാതങ്ങളും പൊട്ടിവിരിയുന്നതെന്ന തോന്നൽ ഈ ഡിസംബർ വിടവാങ്ങുന്പോഴും നമ്മുടെ ചിന്തകളിൽ വിരിയട്ടെ.
ഏതൊരു വർഷവും ഇങ്ങിനെ പെയ്തൊഴിയുന്പോൾ കണക്കെടുപ്പുകൾ സ്വാഭാവികം. കുറേ നഷ്ടങ്ങൾ, കുറെ ലാഭങ്ങൾ. ഇവ തമ്മിൽ ഒത്തുപോകുന്നുണ്ടോ എന്നത് എന്നും ചിന്താകുഴപ്പങ്ങൾ സമ്മാനിക്കുന്ന തോന്നലുകൾ. ചിന്തകളുെട മേച്ചിൽപുറങ്ങൾക്ക് പുതിയ മാനം കൈവന്നുവോയെന്നും, കണ്ട സ്വപ്നങ്ങൾക്ക് ചിറക്് മുളച്ചുവോ എന്നുമൊക്കെ ചിന്തിച്ചിരിക്കാൻ പറ്റിയ സമയം കൂടിയാണ് വർഷാന്ത്യ രാവ്. ഓരോ യാത്രയും ഓരോ പ്രതീക്ഷയാണെന്ന് പറയാറുണ്ട്. കാലം നടത്തുന്ന യാത്രയും അതു കൊണ്ട് തന്നെ പ്രതീക്ഷകൾ നൽകുന്നു. ഇന്ന് ഏറ്റവുമധികം പേർ പരസ്പരം ചോദിക്കുന്ന ചോദ്യം വൈകീട്ടെന്താ പരിപാടി എന്നു തന്നെയാകും. കലണ്ടർ എന്ന കാലമാപിനിയിൽ വിശ്വസിക്കുന്നവർക്ക് ആശ്വാസമാണ് ഇത്തരം ദിനങ്ങൾ. എന്നാൽ ജീവിതത്തിൽ ഇതൊന്നും അറിയാതെ പോകുന്നവരും നമ്മുടെ ഇടയിൽ ധാരാളമുണ്ട്. എന്താണ് തീയതി എന്നു പോലും അവർക്കറിയില്ല. അവരെ സംബന്ധിച്ചിടത്തോളം രാവും പകലും മാത്രമാണ് മാറി വരുന്നത്, തീയ്യതികളല്ല.
നാളെ നമ്മുടെ പ്രധാന ജോലി സ്മാർട്ട് ഫോണിലെ ഗാലറികളിൽ വന്നു കൂടിയിരിക്കുന്ന ആശംസചിത്രങ്ങളെ ഡിലീറ്റ് ചെയ്യുക എന്നതായിരിക്കും. ഇങ്ങിനെ അകാല മരണം സംഭവിക്കുന്ന ആശംസകൾ കൊണ്ട് എന്ത് കാര്യമെന്ന് മനസ് ചോദിക്കുന്പോഴും ആരെങ്കിലും എവിടെയെങ്കിലും ഒരു നിമിഷമെങ്കിലും നമ്മെ ഓർക്കുന്നുണ്ടല്ലോ എന്ന ആത്മനിർവൃതി മാത്രം ബാക്കിയാകുന്നു. ചുമരുകളിൽ നിന്ന് 2017ന്റെ കലണ്ടർ എടുത്തുമാറ്റികൊണ്ടിരിക്കുന്നു. ഇനി 2018. കാലം ഇങ്ങിനെ കറങ്ങി തിരിക്കുന്പോൾ പണ്ട് കവി പാടിയത് പോലെ ആരെന്നും എന്തെന്നും ആർക്കറിയാം എന്ന പദങ്ങൾക്ക് പകരം ഞാൻ ആര് എന്നതിന്റെ അന്വേഷണമാണ് മനുഷ്യൻ നടത്തേണ്ടതെന്ന് തോന്നുന്നു. സ്വയം അറിയുക എന്ന അന്വേഷണത്തിൽ ഉത്തരം കണ്ടെത്തി കഴിഞ്ഞാൽ അവിടെ പിന്നെ വേർതിരിവുകളില്ല. വെളുത്തവനും, കറുത്തവനുമില്ല. മതങ്ങളില്ല, ജാതികളില്ല, രാഷ്ട്രീയമില്ല, ലിംഗഭേദങ്ങളില്ല. ഉള്ളത് ഒന്ന് മാത്രം, ഞാൻ തന്നെ നീ എന്ന സത്യം മാത്രം. ഒന്ന് തീരുന്പോൾ അടുത്തത്, അതിൽ നിന്ന് മറ്റൊന്ന് എന്ന രീതിയിൽ ആ സത്യത്തിലേയ്ക്കുള്ള ഒഴുക്കാകട്ടെ കാലത്തിന്റെ ഈ പ്രവാഹം. ഏല്ലാവർക്കും പ്രത്യാശയുടെ പുതുവർഷാശംസംകൾ !!!