എട്ടിന്റെ പണിയും, പതിനെട്ടാമത്തെ അടവും


പ്രദീപ് പുറവങ്കര

ഘടികാരത്തിന്റെ സൂചികൾ കറങ്ങിവരുന്പോൾ കലണ്ടർ മാപിനിയുടെ അവസാനത്തെ പേജ് മറിയാറായിരിക്കുന്നു. 2017ൽ നിന്ന് 2018ലേയ്ക്കുള്ള ദൂരം ഇനി മണിക്കൂറുകൾ മാത്രം. ഒരക്കം മാറുന്പോൾ ജീവിതത്തിനെന്ത് സംഭവിക്കാൻ എന്ന് ചോദിക്കുന്നവർ ധാരാളമുണ്ടെങ്കിൽ ഈ കുഞ്ഞുജീവിതത്തിൽ ചെറിയ മാറ്റങ്ങൾ പോലും തരുന്ന പ്രതീക്ഷകൾ തന്നെയാണ് അതിനുള്ള ഉത്തരം. ഗൾഫ് പ്രവാസികൾക്ക് 2017 നല്ലൊരു വർഷമാണെന്ന് ഒരിക്കലും പറയാൻ സാധ്യമല്ല. ഇവിടെയുള്ള ലക്ഷകണക്കിന് പേരുടെ ജോലിക്കും, ജീവിതത്തിനും ഏറെ പ്രതിസന്ധികൾ ഉണ്ടായ കാലം തന്നെയാണ് ഈ വർഷം. ആഗോള എണ്ണ വിപണിയിലുണ്ടായ തകർച്ചയും മേഖലയിലെ സമാധാന അന്തരീക്ഷം ഇല്ലാതായതുമൊക്കെ ശതകോടീശ്വരമാർ മുതൽ ഏറ്റവും താഴെക്കിടയിലുള്ളവരെ പോലും പ്രതികൂലമായി ബാധിച്ച കാര്യമാണ്. എന്നാൽ  മിക്ക ഗൾഫ് രാജ്യങ്ങളും ഇപ്പോൾ ഈ പ്രതിസന്ധികളെ നേരിടാനുള്ള ക്രിയാത്മകമായ നിരവധി നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നത് ആശ്വാസകരമാണ്. എണ്ണ വിപണിയിൽ നിന്ന് റീടെയിൽ രംഗത്തെ ഊർജിതപ്പെടുത്താനും, ഐടി,
ബാങ്കിംഗ് മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള വലിയ ശ്രമങ്ങൾ ഈ വർഷം നടന്നിട്ടുണ്ട്. എന്തായാലും 2017ൽ നിന്ന് 2018ലേയ്ക്ക് കടന്നുകയറുന്പോൾ ഒരു ആവറേജ് പ്രവാസിക്ക് തീരുമാനിക്കാൻ പറ്റുന്ന എട്ട് മിനിമം കാര്യങ്ങൾ താഴെ പറയുന്നവയാണ്. 

1. നാട്ടിലായാലും ഇവിടെയായാലും അനാവശ്യമായിട്ടുള്ള ആഡംബരങ്ങൾ ഒഴിവാക്കുക. വാർഷിക അവധിക്കായി നാട്ടിലെത്തുന്പോൾ കൈയിലെ എല്ലാ സന്പത്തും എടുത്ത് ചെലവാക്കാതിരിക്കുക. 

2. വീട് വെയ്ക്കാൻ ഉദ്ദേശിക്കുന്നവർ ലോൺ എടുക്കാതെ വീട് എടുക്കാൻ ശ്രമിക്കുക. വല്ല സാഹചര്യവും കാരണം ഇവിടെയുള്ള ജോലി പോയാൽ ആ ലോണിന്റെ തിരിച്ചടവ് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും. സാധാരണ ശന്പളക്കാരാണെങ്കിൽ ഇരുനില വീടുകൾക്ക് പകരം ഒരു നില വീട് നിർമ്മിക്കാനുള്ള തീരുമാനമാണ് നല്ലത്. ഇനി ഇരു നില തന്നെ വേണമെന്നുള്ളവർ ഏതെങ്കിലുമൊരു നില വാടകയ്ക്ക് നൽകാനുള്ള തീരുമാനമെടുക്കുക. 

3. നാട്ടിൽ വളരെ ആവശ്യമുള്ള പാൻ കാർഡ്, ആധാർ കാർഡ്, ഡ്രൈവിങ്ങ് ലൈസൻസ് തുടങ്ങിയ കാര്യങ്ങൾ എടുത്തു സൂക്ഷിച്ചു വെക്കുക. 

4. നാട്ടിൽ ഉപയോഗിക്കാതെ വെച്ചിരിക്കുന്ന വാഹനങ്ങൾ, ഇലക്ട്രോണിക്ക് സാധനങ്ങൾ എന്നിവ വെറുതെ തുരുന്പ് പിടിച്ച് പോകുന്നതിന് പകരം വിറ്റ് പണമാക്കി ഫിക്സ്ഡ് ഡെപ്പോസിറ്റാക്കി വെയ്ക്കുക.

5. പരമാവധി കടം കൊടുക്കാതിരിക്കുക. പറ്റുന്നത്ര വാങ്ങാതെയും ഇരിക്കുക. രണ്ട് കാര്യങ്ങളും അനാവശ്യമായ ശത്രുത വിളിച്ച് വരുത്തും. 

6. വെറുതെ ഷോ കാണിക്കാനായി വാഹനങ്ങൾ വാങ്ങി വെച്ച് ഒടുവിൽ ഷെഡിൽ കയറ്റി വെയ്ക്കേണ്ട അവസ്ഥ വരുത്താതിരിക്കുക. ഇപ്പോൾ റെന്റ് എ കാർ സൗകര്യം ഉള്ളത് കൊണ്ട് അതുപയോഗിക്കുക. 

7. ധാരാളം പ്രവാസി കൂട്ടായ്മകൾ ഈ നാട്ടിലുണ്ട്. മറ്റുള്ളവരുടെ ജീവകാരുണ്യം നടത്തുന്നതിനോടൊപ്പം അംഗങ്ങൾക്കായി നാട്ടിൽ ചെറുകിട സൊസെറ്റികളോ, സ്ഥാപനങ്ങളോ ആരംഭിക്കാനുള്ള പദ്ധതികൾ ആരംഭിക്കുക. 

8. എട്ടാമതായി രണ്ടായിരത്തിപതിനെട്ടിൽ എട്ടിന്റെ പണിയൊന്നും കിട്ടാതിരിക്കാൻ വളരെയധികം ശ്രദ്ധിക്കുക. ഒന്ന് കാലിടറിയാൽ നമ്മുടെ നേരെ നീളുന്ന കൈത്താങ്ങുകൾ വളരെയേറെ കുറവാണെന്ന് തെളിയിച്ച കാലമാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്്... അതു കൊണ്ട് ജാഗ്രത പാലിക്കുക.

You might also like

Most Viewed